Saturday December 10, 2016
Latest Updates

മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി അനുമതി നല്‍കി

മസ്തിഷ്‌ക മരണം സംഭവിച്ച ഗര്‍ഭിണിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി അനുമതി നല്‍കി

ഡബ്ലിന്‍ :മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്ത് മാന്യമായ മരണം അവള്‍ക്ക് കൊടുക്കണമെന്ന ബന്ധുക്കളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.18 ആഴ്ച്ച ഗര്‍ഭിണിയായിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തേണ്ട ആവശ്യം ഇല്ലെന്ന് നിരീക്ഷിച്ച നിക്കൊളന്‍സ് കരേന്‍സ് അധ്യക്ഷയായ കോടതിയുടെ ഡിവിഷന്‍ ബഞ്ച് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതിന് ഡോക്റ്റര്‍മാര്‍ക്ക് അനുമതി നല്‍കി.

വിധിയ്‌ക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ഗര്‍ഭസ്ഥശിശുവിന് വേണ്ടി വാദിച്ച എച്ച് എസ് ഇ യുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

‘നിയമത്തിന്റെ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് മസ്തിഷക മരണം സംഭവിച്ച യുവതിയ്ക്ക് ജീവന്‍ രക്ഷാ ഉപകരണം നല്‍കാന്‍ ഡോക്റ്റര്‍മാര്‍ നിര്‍ബന്ധിതരായത് എന്ന് കോടതി നിരീക്ഷിച്ചു.’യുവതി ജീവിക്കില്ലെന്നു തീര്‍ച്ചപ്പെടുത്തിയ ഡോക്റ്റര്‍മാര്‍ക്ക് പക്ഷെ യുവതിയുടെ ഉദരത്തിലുള്ള ഗര്‍ഭസ്ഥ ശിശുവിന് ജീവനോടെ പുറത്തുവരുമെന്നതിനു യാതൊരു ഉറപ്പും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.മാത്രമല്ല കുഞ്ഞ് മരണമടയാനുള്ള സാധ്യതയാണ് കൂടുതല്‍ എന്നും അവര്‍ സൂചിപ്പിക്കുന്നു’ 

മരണമെന്ന അവസ്ഥയില്‍ ഒരാളോട് കാണിക്കേണ്ട മാന്യത നഷ്ട്ടപ്പെടുവാന്‍ പാടില്ല.യുവതിയുടെ പങ്കാളിയും പിതാവും,അവരുടെ കുടുംബാംഗങ്ങളും ഈ അവസ്ഥയില്‍ അനുഭവിക്കേണ്ടി വരുന്ന മന:ക്‌ളേശവും പരിഗണിക്കേണ്ടതുണ്ട്.ഇതെല്ലാം പരിഗണിച്ചാണ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ഡോക്റ്റര്‍മാര്‍ക്ക് കോടതി അനുമതി നല്കിയത്.

കേസിന്റെ പ്രത്യേകതകള്‍ പരിഗണിച്ച് കേസിനെ എല്ലാ വിധ കോടതി ചിലവുകളില്‍ നിന്നും ഒഴിവാക്കി.യാതൊരു വിധ ഫീസുകളും വാദിപക്ഷം അടയ്‌ക്കേണ്ടതില്ലെന്നും കോടതി ഉത്തരവായി

ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന നിയമം നിലവില്‍ ഉണ്ടായിരുന്നത് മൂലമാണ് യുവതിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാതിരുന്നത്. കര്‍ശനമായ ഗര്‍ഭഛിദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെണന്ന പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കോടതിയുടെ തീരുമാനം. 

നാലര മാസം ഗര്‍ഭിണിയായ 20കാരിയെ രണ്ടാഴ്ച്ച മുമ്പാണ് അബോധാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മുല്ലിംഗര്‍ മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മൂന്നിന് തലച്ചോറില്‍ രക്തം കട്ടംപിടിച്ച യുവതി മരിച്ചെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയെങ്കിലും നിയമം അനുശാസിക്കുന്നതുപോലെ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍ യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ താല്ക്കാലികമായി ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

Scroll To Top