Thursday December 08, 2016
Latest Updates

കൗണ്ടി ക്ലയറിലെ മലയാളി പെണ്‍കുട്ടി ജനല്‍ വഴി ചാടി രക്ഷപെട്ടു പോയതാണെന്ന് പുതിയ വെളിപ്പെടുത്തല്‍ :അന്താരാഷ്ട്ര സംഘടനകള്‍ വഴി അന്വേഷിക്കുന്നുണ്ടെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി

കൗണ്ടി ക്ലയറിലെ മലയാളി പെണ്‍കുട്ടി ജനല്‍ വഴി ചാടി രക്ഷപെട്ടു പോയതാണെന്ന് പുതിയ വെളിപ്പെടുത്തല്‍ :അന്താരാഷ്ട്ര സംഘടനകള്‍ വഴി അന്വേഷിക്കുന്നുണ്ടെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി

എന്നിസ്:കൗണ്ടി ക്ലയറില്‍ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി സംരക്ഷണത്തിനായി ഏറ്റെടുത്ത മലയാളി പെണ്‍കുട്ടി താമസസ്ഥലത്ത് നിന്നും സ്വയം രക്ഷപ്പെട്ടുപോയതാണെന്ന് പുതിയ വെളിപ്പെടുത്തല്‍.കൗണ്ടി ക്ലയറിലെ കില്‍റഷില്‍ നിന്നും കൈയ്യില്‍ പരിക്ക് കണ്ടതിനെ തുടര്‍ന്ന് കുട്ടി പഠിച്ചിരുന്ന സ്‌കൂള്‍ അധികൃതര്‍ പരാതി പെട്ടതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി കുട്ടിയെ സംരക്ഷണത്തിനായി ഏറ്റെടുത്തത്.

വീട്ടില്‍ വെച്ച് യാദൃശ്ചികമായി പരിക്കേറ്റതാണ് എന്ന് പെണ്‍കുട്ടി അറിയിച്ചിട്ടും കൌണ്‍സിലിംഗിനു ശേഷം ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി കുട്ടിയെ കോടതി അനുമതിയോടെ ഏറ്റെടുക്കുകയായിരുന്നു.തുടര്‍ന്ന് ഫോസ്റ്റര്‍ ഹൗസിലെയ്ക്ക് അയച്ച പെണ്‍കുട്ടിയെ കാണാനുള്ള മാതാപിതാക്കളുടെ ശ്രമം പോലും ഫലം കണ്ടില്ല.

ഇതിനിടെ ഇതേ ദമ്പതികളുടെ ഇളയ കുട്ടിയെ കൂടി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി ഏറ്റെടുക്കാനുള്ള ശ്രമം നടത്തി.ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ ഇളയ കുട്ടിയേയും കൊണ്ട് ഇന്ത്യയിലേയ്ക്ക് പോവുകയും ഉണ്ടായി,

പിന്നീട് തിരിച്ചുവന്ന ഇവര്‍ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുമായി ചര്‍ച്ച നടത്തിയെങ്കിലും കുട്ടിയെ വിട്ടു കൊടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല എന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.അതേ സമയം കുട്ടിയെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചയുടെയും ഒത്തു തീര്‍പ്പുകളുടെയും അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ക്ക് വിട്ടു കൊടുത്തതായി അവര്‍ മറ്റു ചിലരോട് പറയുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ വിവരങ്ങള്‍ സംബന്ധിച്ച് ‘ഐറിഷ് മലയാളി ‘മുമ്പ് വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു.,അത്തരം പ്രചാരണങ്ങള്‍ തെറ്റാണ് എന്നാണ് കഴിഞ്ഞ ദിവസം ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

സംരക്ഷണയിലിരിക്കെ കാണാതായ കുട്ടി അച്ഛനമ്മമാര്‍ക്കൊപ്പം ഇന്ത്യയിലേക്ക് കടന്നതായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇവരെ അന്താരാഷ്ട്ര സാമൂഹ്യ സംഘടനകള്‍ വഴി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും സിഎഫ്എ സോളിസിറ്റര്‍ കെവിന്‍ ഷെറി ജഡ്ജിയെ അറിയിച്ചു.

ഏജന്‍സിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി അവരെ താമസിപ്പിച്ചിരുന്ന റൂമിന്റെ ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നെന്നും പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം സ്വദേശമായ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നെന്നും സോളിസ്റ്റര്‍ കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ സംരക്ഷിക്കാനുള്ള താത്ക്കാലിക ഉത്തരവ് നീട്ടികിട്ടുന്നതിനായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി എന്നിസിലെകോടതിയെ സമീപിച്ചിരിക്കെയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.

കേസില്‍ കക്ഷികളായ മുന്നുപേരും ലഭ്യമല്ലാത്തതിനാല്‍ കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകന്‍ അപേക്ഷിച്ചു. തുടര്‍ന്ന് ജഡ്ജ് ഫെഡ്രിക് ഡ്യുര്‍ക്കന്‍ കോടതി നടപടികള്‍ തല്‍ക്കാലത്തേക്ക് നിറുത്തിവെച്ചു.

Scroll To Top