Friday September 22, 2017
Latest Updates

കൗണ്ടി ക്ലയര്‍ സംഭവം:മലയാളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട മുന്നറിയിപ്പ് !

കൗണ്ടി ക്ലയര്‍ സംഭവം:മലയാളികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട മുന്നറിയിപ്പ് !

ലിമറിക്ക് :കൗണ്ടി ക്ലയറിലെ കില്‍റഷില്‍ മലയാളി ദമ്പതികളുടെ മകളെ സോഷ്യല്‍ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി താത്കാലിക സംരക്ഷണത്തിന് ഏറ്റെടുത്ത സംഭവം അയര്‍ലണ്ടിലെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.കേട്ട് കേള്‍വി മാത്രമായിരുന്ന ‘സോഷ്യല്‍ വെല്‍ഫയര്‍ ഏറ്റെടുക്കല്‍’ഇതാദ്യമായാണ് യാഥാര്‍ത്ഥ്യഅനുഭവത്തിലേയ്ക്ക് എത്തുന്നത്.അയര്‍ലണ്ടിലെ മലയാളി കുടിയേറ്റം തുടങ്ങിയ ശേഷം വ്യത്യസ്തമായ അവസരങ്ങളില്‍ ഒന്നിലേറെ തവണ ഇത്തരം ഏറ്റെടുക്കല്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം പരമാവധി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെട്ടിരുന്നു.

കൃത്യമായ ഇടപെടലുകളും മുന്നറിയിപ്പും നല്കിയതിനു ശേഷമാണ് ഇത്തരം ഏറ്റെടുക്കലുകള്‍ നടക്കുന്നത്.കൌണ്ടി ക്ലയറിലെ സംഭവത്തില്‍ ഇത് ഉണ്ടായില്ലെന്നാണ് പ്രധാന ആക്ഷേപം.

സോഷ്യല്‍ വെല്‍ഫയര്‍ ആണ് ഏറ്റെടുക്കുന്നത് എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ആ വകുപ്പുമായി ഏറ്റെടുക്കലിന് യാതൊരു ബന്ധവും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.മുമ്പ് ആരോഗ്യവകുപ്പിന്റെ കീഴിലായിരുന്ന ചൈല്‍ഡ് ആന്‍ഡ് ഫാമിലി എന്ന വിഭാഗം അടര്‍ത്തിമാറ്റി കുട്ടികളുടെയും കൌമാരക്കാര്‍ വരെയുള്ള ക്ഷേമത്തിന് വേണ്ടി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി എന്ന പേരിലുള്ള സര്‍ക്കാര്‍ വിഭാഗമാണ് അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ ഏറ്റെടുക്കുന്നത്.സര്‍ക്കാര്‍ നിയോഗിക്കുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കും.
കുട്ടികളുടെ നേരെയുള്ള പീഡനം ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും വലിയ കുറ്റമായാണ് കരുതുന്നത്.അത് പ്രായോഗിക തലത്തില്‍ വരുത്തുന്നത് അപൂര്‍വ്വം രാജ്യങ്ങള്‍ മാത്രമാണ്.അയര്‍ലണ്ട് ഈ കാര്യത്തില്‍ ഏറെ മുമ്പോട്ടു പോയിട്ടുള്ള രാജ്യമാണ്.കുട്ടികളെ ശിക്ഷിക്കുന്നതിനോ പീഡിപ്പിക്കുന്നതിനോ വലിയ ശിക്ഷകള്‍ ലഭിക്കും എന്ന് മാത്രമല്ല.കുട്ടികളുടെ സംരക്ഷണം 18 വയസ് വരെ സോഷ്യല്‍ വര്‍ക്കര്‍മാരുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുകയും ചെയ്യും.

സോഷ്യല്‍ വര്‍ക്കര്‍മാരുടെയോ കൌണ്‍സിലര്‍മാരുടെയോ മുമ്പില്‍ കുട്ടികള്‍ കൊടുക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും ഏറ്റെടുക്കല്‍ നടക്കുന്നത്.മാതാപിതാക്കള്‍ ഉപദ്രവിച്ചെന്നോ,അവഗണിച്ചെന്നോ ,അഥവാ തരം താഴ്ത്തി സംസാരിച്ചു എന്നോ പോലും കുട്ടികള്‍ മൊഴിയായി നല്‍കിയാല്‍ മാതാപിതാക്കള്‍ക്കെതിരെയുള്ള ഗൗരവതരമായ കുറ്റമാണ്.അസഭ്യമായ വാക്കുകളോ,ഭീഷണികളോ കുട്ടികള്‍ക്ക് നേരെ മാതാപിതാക്കള്‍ പ്രയോഗിച്ചാല്‍ കുട്ടികളോ,അഥവാ ഏതെങ്കിലും സാക്ഷികളോ പരാതിയുടെ രൂപത്തില്‍ ഉന്നയിക്കുകയോ എഴുതി നല്കുകയോ ചെയ്താലും താത്കാലികമായി ഏറ്റെടുക്കാനാവുന്ന കുറ്റമാണ്.

അയര്‍ലണ്ടില്‍ കുട്ടികള്‍ നേരിട്ട് പരാതി നല്കുന്നതിന് പകരം സാക്ഷികളോ മൂന്നാം കക്ഷികളോ ആണ് ഇത്തരം പരാതികള്‍ സമര്‍പ്പിക്കുന്നത് എന്നാണു കണക്കുകള്‍.അധ്യാപകരോ സ്‌കൂള്‍ അധികൃതരോ ആണ് പ്രധാനമായും പരാതിക്കാരായി വരുന്നത്.ഇത്തരം കേസുകള്‍ കൃത്യമായി അന്വേഷിക്കാതെയിരുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ കുടുക്കിലായ നിരവധി സംഭവങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്.

മലയാളികളെ സംബന്ധിച്ചിടത്തോളം രഹസ്യമായി ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കുന്നത് കൂടുതല്‍ അപകടത്തിലേയ്ക്ക് നയിക്കും.സാംസ്‌കാരികമായ പ്രത്യേകതകളുടെ അവതരണവും ,മൊഴി നല്‍കുന്ന ഭാഷയുടെ പ്രയോഗ വിശേഷങ്ങളും കൃത്യമായിട്ടില്ലെങ്കില്‍ കുടുങ്ങും എന്ന് ഉറപ്പാണ്.(ക്രൂരമായ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ,തെളിവുകളോ ഉണ്ടെങ്കില്‍ ഇതൊന്നും വിലപ്പോവില്ലെന്നത് മറ്റൊരു കാര്യം !)ആവശ്യമെങ്കില്‍ സോളിസിറ്ററുടെയോ ഇക്കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിവുള്ള ദ്വിഭാഷിയുടെയോ സഹായം തേടുവാന്‍ അമാന്തം വിചാരിക്കരുത്. 


ഇത്തരം സംഭവം മലയാളികള്‍ക്ക് തീര്‍ച്ചയായും ഒരു മുന്നറിയിപ്പാണ്.കൗമാരത്തിലെയ്ക്ക് കൂടുതല്‍ പേര്‍ കടന്നു വരുന്ന ഒരു സമൂഹമായി അയര്‍ലണ്ടിലെ മലയാളികള്‍ വളരുകയാണ്.കുട്ടികളെ ശിക്ഷിക്കുന്നതില്‍ മലയാളികള്‍ കുട്ടികളെ ശിക്ഷിക്കുമ്പോള്‍ സഹജമായ ഒരുതരം വന്യ ഭാവം ഉണ്ടെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.രാജ്യവും സംസ്‌കാരവുംമാറുമ്പോള്‍ അവയും മാറ്റാന്‍ നാം നിര്‍ബന്ധിതരായേ തീരു.ശിക്ഷാ (punishment)രീതികള്‍ മാറ്റി ശിക്ഷണ രീതികള്‍ (correction method) കൂടുതല്‍ ബുദ്ധിപരമാക്കുകയാണ് നാം ചെയ്യേണ്ടത്.

Scroll To Top