Monday December 05, 2016
Latest Updates

സ്വവര്‍ഗ വിവാഹ റഫറണ്ടം :വോട്ടെണ്ണല്‍ 9 മണി മുതല്‍ ,ഉച്ചയോടെ ഫലം അറിയാം 

സ്വവര്‍ഗ വിവാഹ റഫറണ്ടം :വോട്ടെണ്ണല്‍ 9 മണി മുതല്‍ ,ഉച്ചയോടെ ഫലം അറിയാം 

ഫോട്ടോ:പോളിംഗ് ബൂത്തില്‍ നിന്നൊരു രംഗം.ആഹ്ലാദ പൂര്‍വ്വം സുഹൃത്തിനെ ചുംബിക്കുന്ന യെസ് പക്ഷക്കാരന്‍ 
ഡബ്ലിന്‍:ഡബ്ലിന്‍ കാസില്‍ തുറന്നു കഴിഞ്ഞു.ഇന്നു രാവിലെ 9 മണി മുതല്‍ ചരിത്രപ്രാധാന്യമുള്ള ഒരു പ്രഖ്യാപനത്തിന് കാതോര്‍ക്കാന്‍ ലോക ശ്രദ്ധതന്നെ ഇങ്ങോട്ടേയ്ക്കാവും.സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ വോട്ടെണ്ണല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഇവിടെ നിന്നും ഫല സൂചനകള്‍ പുറത്തു വിടും.ഉച്ചയോടെ പൂര്‍ണ്ണ ഫലപ്രഖ്യാപനം ഉണ്ടായേക്കും ഇന്നലെ നടന്ന ഹിത പരിശോധനയുടെ പോളിംഗ് ശതമാനം ഇതേ വരെ കൃത്യമായി ലഭ്യമായിട്ടില്ല.60 ശതമാനത്തിനും 70 ശതമാനത്തിനും ഇടയ്ക്കാവും ഇതെന്നാണ് പ്രാഥമിക വിവരം.

രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.ആദ്യം സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന്റെ വോട്ടുകളാണ് എണ്ണുന്നത്. പത്തുമണിയോടെ ഫല സൂചനകള്‍ പുറത്തുവരും.തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുടെ പ്രായം കുറയ്ക്കുന്നത് സംബന്ധിച്ച ഹിത പരിശോധനയുടെ വോട്ടുകള്‍ എണ്ണുക.

ഡബ്ലിന്‍ കാസിലിലിലെ മുഖ്യ കൌണ്ടിംഗ് കേന്ദ്രത്തില്‍ ഓരോ കൌണ്ടികളില്‍ നിന്നുമുള്ള ഫലം അന്തിമമായി ലഭിക്കുമ്പോള്‍ ലോക ചരിത്രത്തില്‍ തന്നെ ഇതാദ്യമായി ഒരു രാജ്യത്തെ ജനങ്ങള്‍ പരമ്പരാഗത വിവാഹ ക്രമം തങ്ങള്‍ക്ക് വേണോ വേണ്ടയോ എന്ന പ്രഖ്യാപനം നടത്തും .9 45 മുതല്‍ പൊതു ജനങ്ങള്‍ക്കും ഡബ്ലിന്‍ കാസില്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും .

ലോകമമ്പാടും നിന്നുമായി നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് ഡബ്ലിനില്‍ ഹിതപരിശോധനയുടെ റിസല്‍ട്ട് കാത്ത് എത്തിയിരിക്കുന്നത്.ഹോട്ടലുകള്‍ ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഗേ ലെസ്ബിയാന്‍ കപ്പിളുകള്‍ ആഹ്ലാദ പൂര്‍വ്വം വിജയം ആഘോഷിക്കാന്‍ ഡബ്ലിനില്‍ ഉണ്ട്.ഇവരില്‍ പലരും ഹിത പരിശോധനയുടെ പ്രചാരണ ഘട്ടം മുതല്‍ ഇവിടെയുള്ളവരാണ്.

ഹിത പരിശോധനയുടെ ഫല പ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ വാര്‍ത്തകള്‍ വായനക്കാര്‍ക്ക് എത്തിക്കാനുള്ള സൌകര്യങ്ങള്‍ ‘ഐറിഷ് മലയാളി‘യും ചെയ്തിട്ടുണ്ട്. 9.30 മുതല്‍ വായനക്കാര്‍ക്ക്  ഇത് സംബന്ധിച്ച വാര്‍ത്തകള്‍ ലഭ്യമാക്കും.

Scroll To Top