Sunday December 04, 2016
Latest Updates

യൂറോപ്യന്‍ യൂണിയനെ തോല്‍പ്പിക്കാന്‍ യൂകെയുടെ ശ്രമം; കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കും

യൂറോപ്യന്‍ യൂണിയനെ തോല്‍പ്പിക്കാന്‍ യൂകെയുടെ ശ്രമം; കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കും

ഡബ്ലിന്‍:ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ബിസിനസുകാര്‍ ഒഴിഞ്ഞുപോകുന്നത് തടയാനായി യുകെ കോര്‍പ്പറേഷന്‍ ടാക്‌സ് 15%ത്തില്‍ താഴ്ത്താന്‍ തീരുമാനിച്ചു. ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനായി, ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്‌ബോണ്‍ കൊണ്ടുവന്ന ഫൈവ് പോയിന്റ് പ്ലാനിന്റെ ഭാഗമായാണ് കോര്‍പ്പറേഷന്‍ ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള നടപടി.

ബിസിനസ് ടാക്‌സ് വെട്ടിക്കുറച്ച്, ആഗോളസാമ്പത്തിക രംഗത്ത് കുതിച്ചുചാട്ടം നടത്താനാണ് ബ്രിട്ടന്റെ പദ്ധതി. ബ്രെക്‌സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പല ബിസിനസ് സ്ഥാപനങ്ങളും അയര്‍ലണ്ട് പോലുള്ള മറ്റ് രാജ്യങ്ങളിലേ്ക്ക് ബിസിനസ് പറിച്ചുനടാന്‍ നീക്കം നടത്തിവരികയാണ്. ഇതിനെ തടയാനാണ് നിലവില്‍ 20% ഉള്ള കോര്‍പ്പറേഷന്‍ ടാക്‌സ് 15%ല്‍ താഴ്ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യം ഇപ്പോഴും ബിസിനസ് സൗഹൃദമാണ് എന്ന് തെളിയിക്കുകയാണ് തങ്ങള്‍ ഇതിലൂടെ ചെയ്യുന്നതെന്ന് ഓസ്‌ബോണ്‍ വ്യക്തമാക്കി.

അയര്‍ലണ്ടില്‍ നിലവിലുള്ള കോര്‍പ്പറേഷന്‍ ടാക്‌സ് 12.5% മാത്രമാണ്. ടാക്‌സ് കുറയ്ക്കുന്നതോടെ കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കാനും, ഉള്ളവയുടെ കൊഴിഞ്ഞുപോക്കിന് തടയിടാനും കഴിയുമെന്നാണ് ബ്രിട്ടിഷ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്റെ നിസ്സഹകരണമനോഭാവത്തോടുള്ള ബ്രിട്ടന്റെ വെല്ലുവിളി കൂടിയാണ് പുതിയ നയം. ചൈനയില്‍ നിന്നും കൂടുതല്‍ നിക്ഷേപം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു എന്നും ഓസ്‌ബോണ്‍ വ്യക്തമാക്കി.

ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥയോട് കിടപിടിക്കുന്ന സമ്പദ് വ്യവസ്ഥയായി അയര്‍ലണ്ടിനെ മാറ്റാനുള്ള നടപടികള്‍ വേണമെന്ന് എംപ്ലോയേഴ്‌സ് ലോബി ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവായ ഡാനി മക്കോയ് ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാകണം അടുത്ത ബജറ്റ് എന്നു അദ്ദേഹം പറഞ്ഞിരുന്നു. അയര്‍ലണ്ട് കൂടുതല്‍ നിക്ഷേപസൗഹൃദമാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Scroll To Top