Sunday December 17, 2017
Latest Updates

കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന്

കോര്‍ക്ക് സീറോ-മലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 28ന്

വില്‍ട്ടണ്‍: മഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങി പൊന്‍നിലാവ് പരന്ന രാവില്‍, മാലാഖമാരുടെ മംഗളഗാനാലാപനത്തിന്റെ മധ്യേ നശ്വരമായ ഈ ലോകത്തിലേക്ക് അനശ്വരമായ സ്വര്‍ഗ്ഗരാജ്യത്തെ രാജകുമാരന്‍, മനുഷ്യരാശിയുടെ വിമോചകന്‍ പുല്‍ക്കൂട്ടില്‍ പിറന്നതിന്റെ ഓര്‍മ്മയാചരണത്തിന് കോര്‍ക്ക് സീറോ-മലബാര്‍ സമൂഹവും തയ്യാറെടുക്കുന്നു.

കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ചിന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, പതിനൊന്നാമത് മതബോധന സ്‌കൂള്‍ വാര്‍ഷികവും, ഇടവകദിനവും സംയുക്തമായി ഡിസംബര്‍ 28 വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതല്‍ മതബോധന അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളോട് കൂടി വില്‍ട്ടണ്‍ S M A ഹാളില്‍ വച്ച് ആരംഭിക്കും. 5 മണിക്ക് കോര്‍ക്ക് – റോസ് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ ബക്ലി പൊതുയോഗം ഉത്ഘാടനം ചെയ്യും.

പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കും, മതബോധന ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുരുന്നുകള്‍ക്കും, ബൈബിള്‍ ക്വിസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ ഡിസംബര്‍ 17 നു മുന്‍പ് കള്‍ച്ചറല്‍ കമ്മറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
വാര്‍ഷികദിനാഘോഷങ്ങളുടെ വിജയത്തിനായി ഫാ. സിബി അറയ്ക്കലിന്റേയും, കൈക്കാരന്‍മാരുടേയും മതബോധന പ്രധാനാദ്ധാപികയുടേയും നേതൃത്വത്തില്‍ കമ്മറ്റികള്‍ രൂപീകരിച്ചു. ഷീലാ ജോണ്‍സണ്‍ (കള്‍ച്ചറല്‍ കമ്മറ്റി കണ്‍വീനര്‍), വില്‍സണ്‍ വര്‍ഗ്ഗീസ് (ഫുഡ് കമ്മറ്റി കണ്‍വീനര്‍), തോമസ്സ് കുട്ടി ഈയാളില്‍ (സ്റ്റേജ് കമ്മറ്റി കണ്‍വീനര്‍), ലിജോ ജോസഫ് (ഫൈനാന്‍സ്, ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

പരിപാടികളിലേക്ക് പ്രവേശനം പാസുകള്‍ മൂലം നിജപ്പെടുത്തിയിരിക്കുന്നു, പ്രവേശന പാസുകള്‍ക്കായി വാര്‍ഡ് കൂട്ടായ്മ പ്രതിനിധികളേയോ കൈക്കാരന്‍മാരേയോ ഡിസംബര്‍ 17 നു മുന്‍പ് ബന്ധപ്പെണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top