Tuesday November 21, 2017
Latest Updates

കോര്‍ക്കില്‍ കാര്‍ നദിയിലേക്ക് കൂപ്പുകുത്തി:മരണത്തെ ജയിച്ചതിന്റെ കഥയുമായി അമ്മയും രണ്ട് മക്കളും

കോര്‍ക്കില്‍ കാര്‍ നദിയിലേക്ക്  കൂപ്പുകുത്തി:മരണത്തെ ജയിച്ചതിന്റെ കഥയുമായി അമ്മയും രണ്ട് മക്കളും

കോര്‍ക്ക് :കാറപകടത്തില്‍ നിന്നും അമ്മയും രണ്ടുമക്കളും മരണത്തെ ജയിച്ചതിന്റെ കഥയാണ് കോര്‍ക്കില്‍ നിന്നും കേള്‍ക്കുന്നത്.കാറിനുള്ളില്‍ ലീ നദിയുടെ  ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ മൂവരേയും അച്ഛനും രണ്ട് യുവാക്കളും ഓടിയെത്തി ധൈര്യത്തോടെ രക്ഷിക്കുകയായിരുന്നു.പോളണ്ടില്‍ നിന്നുള്ള അഞ്ച് വയസ്സുകാരായ മക്കള്‍ക്കും അമ്മയ്ക്കുമാണ് ഇവിടെ പുനര്‍ജ്ജന്മം ലഭിച്ചത്;ഒപ്പം അച്ഛന് ജീവിതം തിരികെപ്പിടിച്ചതിന്റെ സന്തോഷവും.

‘നിമിഷങ്ങള്‍ കൊണ്ടാണ് എല്ലാം സംഭവിച്ചത്. ഇതുപോലൊരു രംഗം ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല’ ദൃക്സാക്ഷിയായ ഒരാള്‍ പറഞ്ഞു.ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ബിഎംഡബ്ല്യു കാറില്‍ പുറത്തുപോകാന്‍ തയ്യാറെടുക്കുകയായിരുന്നു അവര്‍. അമ്മയും രണ്ടു മക്കളും കാറിനുള്ളില്‍ അച്ഛനെ കാത്തിരിക്കുകയായിരുന്നു.കാര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം വീടിനുള്ളിലേയ്ക്ക് കയറിപ്പോയ അച്ഛന്‍ വരുന്നതും കാത്ത് അമ്മ മുന്നിലും മക്കള്‍ പിന്‍സീറ്റിലുമായിരുന്നു. നായക്കുട്ടിയും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.

പിന്നെയെങ്ങനെയെന്നറിയില്ല കാര്‍ ഞൊടി നേരത്തിനുള്ളില്‍ നദിയിലെത്തി.കൂട്ടനിലവിളി കേട്ട് പാഞ്ഞുവന്ന അച്ഛന്‍ തടാകത്തിലേയ്ക്ക് എടുത്തു ചാടി.അതു വഴി വന്ന മറ്റ് രണ്ട് ചെറുപ്പക്കാരുമെത്തിയതോടെ രക്ഷാ പ്രവര്‍ത്തനം സാധ്യമാക്കി.

ഉടന്‍ തന്നെ എമര്‍ജന്‍സി വാഹനമെത്തി അവരെ കോര്‍ക്കിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു..

Scroll To Top