Thursday December 08, 2016
Latest Updates

നവജാത ശിശുവിനെ വെയിലത്ത് കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിന് പോയ കോര്‍ക്കിലെ കുടുംബത്തിനെതിരെ നടപടിയുണ്ടായേക്കും

നവജാത ശിശുവിനെ വെയിലത്ത് കാറില്‍ തനിച്ചാക്കി ഷോപ്പിങ്ങിന് പോയ കോര്‍ക്കിലെ കുടുംബത്തിനെതിരെ നടപടിയുണ്ടായേക്കും

കോര്‍ക്ക്:നവജാത ശിശുവിനെ വെയിലത്ത് കാറില്‍ തനിച്ചാക്കി കുടുംബം ഷോപ്പിങ്ങിന് പോയ സംഭവത്തില്‍, ഗാര്‍ഡ കേസെടുത്ത് അന്വേഷണം നടത്തും.കഴിഞ്ഞ ചൊവ്വാഴ്ച, മിഡില്‍ടണിലെ മാര്‍ക്കറ്റ് ഗ്രീന്‍ ഷോപ്പിങ് സെന്ററിലായിരുന്നു സംഭവം. കാര്‍ പാര്‍ക്കിങ് ഏരിയയില് അണ്‍ലോക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതു കണ്ട ഷോണ ഹെന്നസ്സി എന്ന സ്ത്രീ ആര്‍ ടി ഇ  വഴി സംഭവം പുറത്തറിയിക്കുകയായിരുന്നു.

രണ്ടാഴ്ചയോളം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. ഈ സമയം കാറിനുള്ളില്‍ 24 ഡിഗ്രിയോളം ചൂടുണ്ടായിരുന്നുവെന്ന് ഡാഷ്‌ബോര്‍ഡിലെ റീഡൗട്ടില്‍ നിന്നും മനസ്സിലായതായും ഹെന്നസ്സി പറഞ്ഞു. കാര്‍ ലോക്ക് ചെയ്യാഞ്ഞതിനാല്‍ ആര്‍ക്കു വേണമെങ്കിലും കുഞ്ഞിനെ തട്ടിയെടുക്കാവുന്ന നിലയിലുമായിരുന്നു. വെയില്‍ കുഞ്ഞിനു നേരെ നേരിട്ട് അടിക്കുന്നുണ്ടായിരുന്നുവെന്നും ഹെന്നസ്സി കൂട്ടിച്ചേര്‍ത്തു. സംഭവം സത്യമാണെന്നു തെളിയിക്കാനായി വീഡിയോയും ഇവര്‍ എടുത്തിരുന്നു.

അതേസമയം താന്‍ സംഭവം ഗാര്‍ഡയെ അറിയിച്ചിട്ടും ഉടന്‍ നടപടിയുണ്ടായില്ലെന്ന് ഹെന്നസ്സിആരോപിച്ചു. കാറിനു ചുറ്റും ആളുകള്‍ കൂടിയപ്പോഴാണ് കുടുംബം തിരികെയെത്തിയത്. ‘സാരമില്ല’ എന്നു പറഞ്ഞായിരുന്നത്രേ കുഞ്ഞിന്റെ അച്ഛന്‍ ജനങ്ങളെ നേരിട്ടത്. ഗാര്‍ഡയെ സംഭവം അറിയിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ ‘ഗുഡ്’ എന്നായിരുന്നു മറുപടി!
ആര്‍ടിഇ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തനിച്ചാക്കി പോയ മാതാപിതാക്കളുടെ പേരില്‍ നടപടി വേണമെന്ന് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top