Monday October 15, 2018
Latest Updates

കോര്‍ക്കിലെ ദമ്പതികളുടെ ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു,കോടതിയില്‍ പൊരുതാന്‍ നീക്കം 

കോര്‍ക്കിലെ ദമ്പതികളുടെ ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു,കോടതിയില്‍ പൊരുതാന്‍ നീക്കം 

കോര്‍ക്ക് :കോര്‍ക്കില്‍ നിന്നുള്ള ദമ്പതികളായ ലീമും,ആനറ്റും ന്യൂ ഡല്‍ഹിയിലേയ്ക്ക് പോയത് മധുരതരമായ ഒരു സ്വപ്നവുമായായിരുന്നു.ഒരു മാസം മുമ്പ് ഡല്‍ഹിയ്ക്കടുത്ത് യൂ പി അതിര്‍ത്തിയില്‍ ഒരു കൊച്ചു വീട് വാടകയ്‌ക്കെടുത്ത് അവര്‍ താമസം തുടങ്ങി.

എല്ലാം ഒരു നിയോഗത്തിനായിരുന്നു.ഗര്‍ഭം ധരിക്കാനുള്ള ശേഷി ആനറ്റിന്റെ ശരീരത്തിന് ഇല്ലെന്ന കണ്ടുപിടുത്തം മറ്റൊരാളെ ആശ്രയിച്ച് ഒരു കുഞ്ഞിനെ ജനിപ്പിക്കാനുള്ള അവരുടെ തീരുമാനത്തിന് കാരണമായി.സാധാരണ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നവരെ പോലെ മനസ്സില്‍ ഉരുവായ കുഞ്ഞിനെ പത്തു മാസത്തേയ്ക്ക് ഇന്ത്യയില്‍ ഉപേക്ഷിച്ച് അയര്‍ലണ്ടിലേയ്ക്ക് മടങ്ങാന്‍ അവര്‍ തയാറായില്ല.

സാധാരണ ഗ്രാമീണ യുവതിയായ ലക്ഷ്മിയെയാണ് കുഞ്ഞിന്റെ പെറ്റമ്മയാകാന്‍ അവരും ക്ലിനിക് കാരും ചേര്‍ന്ന് കണ്ടെത്തിയത്.ലക്ഷ്മിയുടെ നാലാമത്തെ വാടക ഗര്‍ഭധാരണം ആയിരുന്നു ഇത്.ആ 35 വയസുകാരിയ്ക്ക് ഇത് ഏഴാമത്തെ ഗര്‍ഭധാരണവും.ആദ്യത്തെ മൂന്നു കുട്ടികളെ നന്നായി വളര്‍ത്താന്‍ മറ്റൊരു ജോലിയും ഇല്ലാതിരുന്ന ലക്ഷ്മി ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്നു ലക്ഷം രൂപയാണ് ലക്ഷിയ്ക്ക് ഒന്നര വര്‍ഷത്തേയ്ക്ക് പ്രതിഫലം നിശ്ചയിച്ചിരുന്നത്.പ്രസവത്തിന് മുമ്പ് 2 മാസവും പ്രസവശേഷം 4 മാസവും ലക്ഷ്മിയെയും വാടകവീട്ടില്‍ താമസിച്ചു പരിചരിക്കാനാണ് ലീമും ആനറ്റും തീരുമാനിച്ചിരുന്നത്.ക്ലിനിക്ക്കാരുടെ പ്രത്യേക പരിചരണം വേറെ.

കുരുന്നിനെ സ്വപ്നം കണ്ട് ദല്‍ഹിയിലെത്തി ഒരു മാസം തികയുന്ന ദിവസമാണ് അവരെ ഞെട്ടിച്ചു കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനം എത്തിയത്.ഇന്ത്യ ഗര്‍ഭപാത്രം വാടകയ്ക്ക് കൊടുക്കുന്നത് നിയമം മൂലം നിര്‍ത്തലാക്കുന്നു.

‘ചില്ല് കൊട്ടാരം പോലെ മോഹങ്ങള്‍ തകര്‍ന്നു പോയ നിമിഷങ്ങളായിരുന്നു അത്.ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിന്റെ മുഖം സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു!’

എന്തായാലും തോറ്റു മടങ്ങാന്‍ അവര്‍ തയാറല്ല.ക്‌ളിനിക്ക്കാരുമായും ലക്ഷ്മിയുമായും ഉണ്ടാക്കിയ കരാര്‍ വെച്ച് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ദമ്പതികള്‍.’ഇത് അനീതിയായി പോയി.ഞങ്ങള്‍ പക്ഷേ കേസ് കൊടുത്ത് കഴിഞ്ഞു.’

വിദേശികള്‍ക്കും ഇന്ത്യയില്‍ താമസിക്കാത്ത ഇന്ത്യക്കാര്‍ക്കും ഇനി ഇന്ത്യയില്‍ വാടക ഗര്‍ഭപാത്രങ്ങള്‍ നല്‍കില്ലെന്ന് തീരുമാനം കഴിഞ്ഞ മാസമാണ് ഉണ്ടായത്. പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ദേശീയ വനിതാകമ്മീഷനും ഈ തീരുമാനമെടുത്തിരിക്കുന്നത്. 

അവിവാഹിത വനിതകള്‍ക്കും ഒറ്റയ്ക്ക് ജീവിക്കുന്ന, വിധവകള്‍ക്കും വിവാഹ ബന്ധം വേര്‍പിരിഞ്ഞവര്‍ക്കും ആരോഗ്യം അനുവദിക്കുമെങ്കില്‍ ഇന്ത്യാക്കാര്‍ക്ക് ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാന്‍ അനുമതി നല്‍കിക്കൊണ്ടായിരിക്കും പുതിയ നിയമമത്രേ. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും സാമ്പത്തികചൂഷണം തടയാനുമുള്ള വ്യവസ്ഥ നിയത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്.

വാടക ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നവംബര്‍ 15ന് മുന്‍പ് പരിഹരിക്കും. വിദേശികള്‍ക്ക് ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന വന്‍ലോബി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേശീയ വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ലളിക കുമാരമംഗലം പറയുന്നു.

ഇന്ത്യയ്ക്ക് 2.3 ബില്ല്യന്‍ ഡോളര്‍ വിദേശ വരുമാന ഇനത്തില്‍ ലഭിച്ചു കൊണ്ടിരുന്ന വന്‍ ബിസിനസായിരുന്നു വാടക ഗര്‍ഭപാത്ര വ്യാപാരം.ഗുജറാത്ത്, മഹാരാഷ്ട്ര, ദല്‍ഹി എന്നിവിടങ്ങളിലായി മുപ്പതിനായിരത്തോളം നിയമവിരുദ്ധ വാടകഗര്‍ഭപാത്ര ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കമ്മിഷന്‍ പറയുന്നു. 

Scroll To Top