Friday December 02, 2016
Latest Updates

കോപ്പ അമേരിക്ക ഫൈനല്‍ LIVE:വിജയം തേടി കരുത്തര്‍ 

കോപ്പ അമേരിക്ക ഫൈനല്‍ LIVE:വിജയം തേടി കരുത്തര്‍ 

സാന്റിയാഗോയില്‍ ഇന്ന് വിധിയെഴുത്താണ്.രാത്രി 9 മണിക്കാണ് ഫൈനല്‍ മത്സരം ആരംഭിക്കുക.

(WATCH LIVE)  http://www.rajangan.me/football/1/1227809/chile-vs-argentina-live-stream

വിധി വരുന്നത് ചിലിയുടെ ചെങ്കുപ്പായമിട്ടായാലും അര്‍ജന്റീനയുടെ ആകാശനീലയും വെള്ളയും അണിഞ്ഞയാലും കോപ്പ അമേരിക്ക ഫൈനലില്‍ ഇന്ന് ചരിത്രപ്പിറവി സുനിശ്ചിതം. കിരീടങ്ങളുടെ കണക്കില്‍ രണ്ടു കൂട്ടരും നിലവില്‍ ‘ദാരിദ്ര്യ രേഖ’ക്കു താഴെയാണ്. ചിലി ചരിത്രത്തിലിന്നോളം കോപ്പ അമേരിക്കയില്‍ മുത്തമിട്ടിട്ടില്ല. അഥവാ അവരുടെ കാത്തിരിപ്പിന് അടുത്ത കൊല്ലം ഒരു നൂറ്റാണ്ട് തികയുന്നു. അര്‍ജന്റീനയാകട്ടെ അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോഫി കൈയിലേന്തിയിട്ട് 22 വര്‍ഷം പൂര്‍ത്തിയാകുന്നു. ചിലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് നിസാരമെന്ന് തോന്നാമെങ്കിലും കൊല്ലം തോറും അര്‍ജന്റീന ഉത്പാദിപ്പിക്കുന്ന പ്രതിഭകളുടെ നിലവാരവും മൂല്യവും കണക്കിലെടുക്കുമ്പോള്‍ അവരുടെ നിരാശയുടെ ആഴം ബോധ്യപ്പെടും. കടലാസില്‍ അര്‍ജന്റീനക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടെങ്കിലും ചിലി കളിക്കുന്നത് സ്വന്തം മണ്ണിലാണ്. പുറമെ, മികച്ച ഫോമിലും. രാത്രി 1.30ന് സാന്റിയാഗോയിലെ നാഷണല്‍ ജൂലിയോ മാര്‍ട്ടിനസ് സ്‌റ്റേഡിയത്തിലാണ് മത്സരം.

നീലാകാശം ചുവന്ന പുഷ്പം
ഡ്രീം ഫൈനല്‍ എന്നത് മിക്ക ടൂര്‍ണമെന്റുകളിലും തുടക്കത്തില്‍ ഓര്‍ത്ത് കോരിത്തരിക്കാനുള്ളതാണെങ്കില്‍ കോപ്പയില്‍ ഇന്ന് അങ്ങനെയല്ല. ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകള്‍ തന്നെ ഫൈനലിലെത്തിയിരിക്കുന്നു. സെമി ഫൈനല്‍ വരെ നടന്ന കളിയുടെ തുടര്‍ച്ചയാണ് ഇരുടീമുകളും പുറത്തെടുക്കുന്നതെങ്കില്‍ ചന്തമുള്ള ഫുട്‌ബോള്‍ തന്നെയാണ് കാണികളെ കാത്തിരിക്കുന്നത്. ഫിസിക്കല്‍ ഗെയിമിനെ അമിതമായി ആശ്രയിക്കാത്തവരാണ് ചിലിയും അര്‍ജന്റീനയും. അതേസമയം, മനോഹരമായ കളിയാണ് ചിലിയുടെ വാഗ്ദാനം. ഫൈനലില്‍ യോര്‍ഗെ സാംപോളി അത് കൈയൊഴിയാന്‍ തീരുമാനിച്ചില്ലെങ്കില്‍ ചിലി രസിപ്പിക്കും.
കുപ്പായത്തിലെ നീലയില്‍ അര്‍ജന്റീനയുടെ എല്ലാമുണ്ട്. മുന്‍നിര മുതല്‍ പിന്‍നിര വരെ ആഴവും പരപ്പുമുള്ള ടീം. സെമിയിലെ 61 വിജയം പോലൊന്ന് ആവര്‍ത്തിക്കുക ഫൈനലില്‍ എളുപ്പമാവില്ലെങ്കിലും ഫോമിലേക്കുയര്‍ന്നാല്‍ ഏത് പ്രതിരോധവും മുക്കാനുള്ള ആഴമുണ്ട് അര്‍ജന്റീനയുടെ ആക്രമണ നിരക്ക്.

ബാര്‍സലോണയുടെ ലയണല്‍ മെസ്സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എയ്ഞ്ചല്‍ ഡി മരിയ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്വേറൊ, പി.എസ്.ജിയുടെ ഹാവിയര്‍ പാസ്റ്റോറെ എന്നിവര്‍ ആദ്യ സംഘത്തിലും പകരക്കാരായി യുവന്റസിന്റെ കാര്‍ലോസ് ടെവസ്, നാപ്പോളിയുടെ ഗോണ്‍സാലോ ഹിഗ്വയ്ന്‍, പി.എസ്.ജിയുടെ എസക്വിയേല്‍ ലാവേസി എന്നിവരും ഉള്ളപ്പോള്‍ ആക്രമണം തന്നെയാകും അര്‍ജന്റീനയുടെ ഫലപ്രദമായ ആശ്രയം.

ആഴ്‌സനല്‍ താരം അലക്‌സിസ് സാഞ്ചസ്, യുവന്റസിന്റെ ആര്‍തുറോ വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നിവരെ മുന്‍നിര്‍ത്തുന്ന ചിലിക്കും പ്രധാന മികവ് ഗോളടിയില്‍ തന്നെ. എന്നാല്‍, എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാരുടെ സാന്നിധ്യമുണ്ട്. സമറാനോ സലസ് യുഗത്തിനു ശേഷം ചിലിക്ക് ലഭിച്ച ഏറ്റവും മികച്ച ടീമാണ് ഇതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

അതേസമയം, വിജയത്തിനു വേണ്ടി പൊളിച്ചൊഴിവാക്കിയ മനോഹരമായ പാസിങ് ഫുട്‌ബോളിലേക്ക് സെമിയില്‍ ചിലപ്പോഴെല്ലാം അര്‍ജന്റീന മടങ്ങിപ്പോയി. അലകും തട്ടും കൂട്ടിച്ചേര്‍ത്ത് ചിലിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അവര്‍ തുനിഞ്ഞാല്‍, പാസിങ് ഫുട്‌ബോളിന്റെ മനോഹര നിമിഷങ്ങളാണ് കാത്തിരിക്കുന്നത്. അര്‍ജന്റീന പണ്ട് പയറ്റിയിരുന്ന കുറിയ പാസ് ഫുട്‌ബോളാണ് ചിലി ഇപ്പോള്‍ പ്രയോഗിക്കുന്നതെങ്കില്‍ അര്‍ജന്റീന അതിവേഗം ഗോള്‍ ലക്ഷ്യംവെക്കുന്ന ലോങ് പാസുകളും ഉപയോഗിക്കുന്നു. ത്രൂ ബോളുകള്‍ നല്‍കുന്നതിലും തടയുന്നതിലും ഇരുടീമുകള്‍ക്കും നല്ല മിടുക്കാണുള്ളത്.
തന്ത്രം, സമ്മര്‍ദം
ഫുട്‌ബോളില്‍ കളിക്കാരനേക്കാള്‍ മൂല്യം കോച്ചിന് ലഭിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. രണ്ടു ടീമുകള്‍ തമ്മില്‍ വലിയ അന്തരമില്ലാതെ വരുമ്പോള്‍ വിജയിയെ നിശ്ചയിക്കുന്ന പ്രധാന ഘടകം കോച്ചിന്റെ തന്ത്രം തന്നെ. കരുത്തരായ എതിരാളികളെ പ്രതിരോധത്തിലൂന്നി പ്രത്യാക്രമണത്തിലൂടെ വീഴ്ത്തുക വഴി ഹോസെ മൗറീഞ്ഞോ യൂറോപ്പിലെ ചാണക്യന്‍മാരുടെ നിരയിലെത്തി. ഫൈനലില്‍ കോച്ചിന്റെ ഓരോ തീരുമാനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. കളിയെ ശരിക്ക് വായിച്ച് പകരക്കാരിലൂടെ അവസാന നിമിഷങ്ങളില്‍ വിജയം കാണുന്ന പരിശീലകര്‍ കൈയടി നേടിയ സംഭവങ്ങള്‍ പലതുണ്ട്.
സമ്മര്‍ദമാണ് ഫൈനലിലെ മറ്റൊരു ഘടകം. ആദ്യം ഗോളടിച്ചാല്‍ കാണികളുടെ പിന്തുണയില്‍ ചിലിക്ക് അര്‍ജന്റീനയെ സമ്മര്‍ദത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍, അര്‍ജന്റീനയാണ് ആദ്യം ഗോളടിക്കുന്നതെങ്കിലും മത്സരം മുന്നേറുംതോറും നാട്ടുകാരുടെ സാന്നിധ്യം ചിലിയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് കൊണ്ടുപോകും.

2014ല്‍ ജര്‍മനിയുമായുള്ള ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനക്ക് മികച്ച പാഠമാണ്. മൂന്നിലേറെ ഗോളവസരങ്ങള്‍ തുറന്നെടുത്തിട്ടും ‘സഭാകമ്പം’ കാരണം, ലോകോത്തര താരങ്ങള്‍ക്ക് ലക്ഷ്യം പിഴച്ചിരുന്നു. ജര്‍മനിയാകട്ടെ, അര്‍ദ്ധാവസരത്തില്‍ ലക്ഷ്യം കണ്ട് പ്രൊഫഷണലിസം തെളിയിക്കുകയും ചെയ്തു.

പൊതുവെ പെട്ടെന്ന് ക്ഷോഭിക്കുന്നവരായ അര്‍ജന്റീനയെ ആ രീതിയില്‍ നേരിടാനും ചിലി ശ്രമിക്കാതിരിക്കില്ല. ഉറുഗ്വെക്കെതിരായ മത്സരം കടുപ്പമേറിയപ്പോഴാണ് എഡിന്‍സണ്‍ കവാനിയെ ഗോണ്‍സാലോ ഹാറ പ്രകോപിപ്പിച്ച് ചുവപ്പ് കാര്‍ഡ് വാങ്ങിക്കൊടുത്തത്

വിധി ആര്‍ക്ക് അനുകൂലമാകുമെന്ന് അറിയാന്‍  കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍.

Scroll To Top