Wednesday January 24, 2018
Latest Updates

ബ്രെക്‌സിറ്റ് നേരിടാനുള്ള അയര്‍ലണ്ടിന്റെ ബദല്‍ പദ്ധതി പ്രഖ്യാപിച്ചു,ബ്രിട്ടണ്‍ വിട്ട് പോകുന്നത് അയര്‍ലണ്ടിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാവില്ലെന്ന് സര്‍ക്കാര്‍

ബ്രെക്‌സിറ്റ് നേരിടാനുള്ള അയര്‍ലണ്ടിന്റെ ബദല്‍ പദ്ധതി പ്രഖ്യാപിച്ചു,ബ്രിട്ടണ്‍ വിട്ട് പോകുന്നത് അയര്‍ലണ്ടിന്റെ വളര്‍ച്ചയ്ക്ക് വിഘാതമാവില്ലെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ബ്രെക്‌സിറ്റ് ഉയര്‍ത്തിയ ഞെട്ടലില്‍ നിന്നും മോചിതമാകാനുള്ള ധ്രുതകര്‍മ്മ പദ്ധതിയുമായി അയര്‍ലണ്ട്. അയര്‍ലണ്ടിന് സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളില്‍ നിന്നും പരമാവധി കരകയറാനായുള്ള ബദല്‍ പദ്ധതിയാണ് ഐറിഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.യൂറോപ്യന്‍ യൂണിയനു പുറത്തെത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെടുക്കും. അത്രയും കാലം ബ്രിട്ടന്‍ യൂണിയനില്‍ അംഗമായി തുടരും,’ പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു.അതായത് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ക്ക് വ്യാപാരവിനിമയ മേഖലകളിലെ നിലവിലുള്ള അവസ്ഥ പൂര്‍ണ്ണമായും മാറ്റുന്നതിന് ആവശ്യമായ സമയം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഐറിഷ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ബ്രിട്ടണില്‍ നിന്നുമുണ്ടായിരുന്ന ആനുകൂല്യങ്ങളുടെ നഷ്ടത്തിന് പകരമായി വടക്കന്‍ യൂറോപ്പ്,ഇന്ത്യ,യുഎസ്എ, ചൈന,എന്നീ രാജ്യങ്ങളുമായുള്ള വിപണനം ശക്തിപ്പെടുത്തി, ബ്രെക്‌സിറ്റിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ നിന്നും കരകയറാം എന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഇതിനു പുറമെ വിദേശനിക്ഷേപം, വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തല്‍ എന്നിവയും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം ബ്രിട്ടനുമായി നിലവിലുള്ള വ്യാപാര, നിയതന്ത്ര ബന്ധങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.അയര്‍ലണ്ടും യൂ കെ യും തമ്മില്‍ പ്രത്യേക ധാരണകള്‍ ഉണ്ടാകുന്നതിനെ എതിര്‍ക്കില്ലെന്ന് ജര്‍മ്മിനിയും പ്രഖ്യാപിച്ചു കഴിഞ്ഞു.

അയര്‍ലണ്ടിന്റെ നഷ്ടങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ യൂറോപ്യന്‍ യൂണിയനിനുള്ളില്‍ നിന്നു തന്നെ അവര്‍ നേടിയെടുക്കുന്നതിനെ എതിര്‍ക്കില്ലെന്ന് ജര്‍മ്മന്‍ ധനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു,പദ്ധതിയുടെ ഭാഗമായി ഒക്ടോബറില്‍ ഡബ്ലിനില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്‌സ് വീക്ക് ആചരിക്കും. അയര്‍ലണ്ടില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുകയാണ് ഉദ്ദേശ്യം.ബ്രെക്‌സിറ്റിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്യാനായി ഇന്‍ഫര്‍മേഷന്‍ ക്യാംപെയിനുകളും, പ്രാദേശിക സെമിനാറുകളും സംഘടിപ്പിക്കുകയും ചെയ്യും.

അടുത്ത ബജറ്റില്‍ നികുതിയിളവിനും മറ്റുമായി ചെലവിടാനിരിക്കുന്ന 1 ബില്ല്യണ്‍ യൂറോയെപ്പറ്റി ധനവകുപ്പ് പുനരാലോചിക്കുമെന്നാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം.ബ്രെക്‌സിറ്റ് വഴിയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ വേണം എന്നു സര്‍ക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. മേഖലയെ സഹായിക്കാനായി കമ്മറ്റി രൂപീകരിച്ച് പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും സഹായകമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യും.

യുകെ അധികൃതരുമായി ഐറിഷ് ലണ്ടന്‍ എംബസി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തും.അയര്‍ലണ്ടിന്റെ നിലനില്‍പ്പിന് വേണ്ട സുഗമമായ മാര്‍ഗങ്ങള്‍ ഉണ്ടാക്കുവാനുള്ള ശ്രമങ്ങള്‍ ഉറപ്പു വരുത്താന്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കണ്ടു ചര്‍ച്ച ചെയ്യും.കാമറോണ്‍ അധികാരത്തില്‍ നിന്നും മാറും മുമ്പ് ഇതു സംബന്ധിച്ച ധാരണകള്‍ രൂപപ്പെടുത്തിയേക്കും.

ബ്രെക്‌സിറ്റനു ശേഷമുള്ള അതിര്‍ത്തി സുരക്ഷ, മറ്റ് നിയന്ത്രണങ്ങള്‍ എന്നിവയെപ്പറ്റി യുകെയുമായി ചര്‍ച്ചകള്‍ നടത്തും.മറ്റൊരു രാജ്യത്തിനും അതിര്‍ത്തി സംബന്ധമായ നിയന്ത്രണങ്ങള്‍ ബ്രിട്ടനുമായി പാലിക്കേണ്ടാത്തതിനാല്‍ ബ്രിട്ടനും ഈ കാര്യത്തില്‍ ജിജ്ഞാസുവാണ്.

പ്രധാനമായും യുകെയെ ആശ്രയിക്കുന്ന നിലവിലുള്ള കയറ്റുമതിക്ക് പുറമേ പറ്റിയ മറ്റ് വിപണികളെക്കുറിച്ച് അന്വേഷിക്കും.ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളിലേക്ക് ഈ വര്‍ഷം തന്നെ കൂടുതല്‍ വ്യാപാരകരാറുകള്‍ ഉണ്ടാക്കും.

അയര്‍ലണ്ടില്‍ നിന്നും യുകെയിലേയ്ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാവുന്ന നിലവിലെ സ്ഥിതി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നതും നടപ്പാക്കാന്‍ ആവുമെന്നാണ് ഐറിഷ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Scroll To Top