Saturday January 20, 2018
Latest Updates

അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുന്ന ചിക്കനില്‍ മാരകവിഷവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട് 

അയര്‍ലണ്ടില്‍ വില്‍ക്കപ്പെടുന്ന ചിക്കനില്‍ മാരകവിഷവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ കടകളില്‍ വില്‍ക്കപ്പെടുന്ന ചിക്കനില്‍ വ്യാപകമായ തോതില്‍ ആന്റിബയോട്ടിക്കുകളും മാരക വിഷവസ്തുക്കളും അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍.ഭക്ഷ്യ വിഷബാധയ്ക്ക് ഇട വരുത്തുന്ന ക്യാംപിലോബാക്റ്റര്‍ എന്ന ബാക്റ്റീരിയ യൂറോപ്പില്‍ ഏറ്റവും അധികം കണ്ടു വരുന്ന രാജ്യങ്ങളില്‍ ഒന്നായി അയര്‍ലണ്ട് മാറിയിരിക്കുകയാണ്.

അയര്‍ലന്‍ഡിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്ന ഐറിഷ് പൗള്‍ട്രിയില്‍ പകുതിയിലേറെയും മാരകമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുള്ളവയാണ്. ഓരോ വര്‍ഷവും 3000 ത്തോളം ഭക്ഷ്യവിഷബാധ കേസുകളാണ് പൗള്‍ട്രിയുടെ പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം കേടായ ചിക്കന്‍ ഉള്‍പ്പെടെ വില്‍ക്കപ്പെടുന്നത് അയര്‍ലണ്ടിലാണ്. മാരക ബാക്ടീരിയയായ ക്യാംപിലോബാക്ടര്‍ 98.3 ശതമാനം കോഴിയിറച്ചികളിലും കണ്ടെത്തിയിട്ടുണ്ട്. 

കേടായ കോഴിയിറച്ചി കഴിച്ച സ്ത്രീക്ക് അപൂര്‍വമായ നാഡീരോഗം പിടിപെട്ട സംഭവം ഡോക്റ്റര്‍മാര്‍ കണ്ടെത്തിയത് ഈയിടെ വാര്‍ത്തയായിരുന്നു. ഐറിഷ് കോഴിയിറച്ചി കഴിച്ചശേഷമാണ് ഇവര്‍ക്ക് അപൂര്‍വമായ രോഗം പിടിപ്പെട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരവസരത്തില്‍ മരണം വരെ സംഭവിച്ചേക്കാമെന്ന നിലയിലേക്ക് ഇവരുടെ ആരോഗ്യ സ്ഥിതി വഷളായിരുന്നു. 

വളരെ അപൂര്‍വമായി മാത്രമെ ഭക്ഷ്യവിഷത്തില്‍നിന്ന് ഗ്യുയില്ലിയന്‍ ബരെ സിന്‍ഡ്രോ എന്ന രോഗം പിടിപെടുകയുള്ളു. ഇതാണ് സാന്ദ്ര ലോഫ്റ്റസ് എന്ന ഡബ്ലിന്‍കാരിയായ സ്ത്രീയ്ക്ക് സംഭവിച്ചത്. ഇവരുടെ ശരീരം കഴുത്തിന് താഴേക്ക് തളര്‍ന്നു പോയി. സാന്ദ്രക്ക് സംഭവിച്ചതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ 

‘ഞാന്‍ വീട്ടിലേക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു, ചിക്കന്‍ സ്റ്റിര്‍ഫ്രൈയാണ് ഉണ്ടാക്കിയത്. ഞങ്ങള്‍ അത്താഴം കഴിച്ചു, പിറ്റേദിവസം മുതല്‍ ഞാന്‍ തീര്‍ത്തും അവശയായി. കലശലായ വയറുവേദന, ഡയറിയ തുടങ്ങി വളരെ മോശം അവസ്ഥയിലായിരുന്നു ഞാന്‍. പിന്നീട് ഞാന്‍ എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കാലുകള്‍ക്ക് ബലം നഷ്ടപ്പെട്ടു ഞാന്‍ നിലത്ത് വീണു. ഒരു ദിവസം മുഴുവന്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം അവര്‍ വീട്ടില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു.’

‘വൈറസിന്റെ ആക്രമണമാകാം, ഇനി ഇത് വഷളാകുകയാണെങ്കില്‍ മാത്രം വന്നാല്‍ മതിയെന്ന് ‘പറഞ്ഞയച്ചു. കഴുത്ത് മുതല്‍ താഴേക്ക് ഞാന്‍ തളര്‍ന്ന് പോയി, എനിക്ക് ഒരു പേശികളും അനക്കാന്‍ പോലും സാധിച്ചിരുന്നില്ല. ഞാന്‍ വിചാരിച്ചു ഞാന്‍ മരിക്കുകയാണെന്ന്. കാരണം മുന്‍കാല വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ രോഗം ബാധിച്ച നാലില്‍ ഒരാള്‍ വീതം മരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ ഏല്‍ക്കുന്ന ആയിരം പേരില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അപൂര്‍വ രോഗമാണിത്. കൈകാലുകള്‍ അനക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ തിരികെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മൂന്ന് മാസം ഹൈ ഡിപ്പന്‍ഡെന്‍സിയില്‍, ഒരു വര്‍ഷത്തോളം ഡണ്‍ലേരിയിലെ റീഹാബില്‍. അതിന്‌ശേഷം ആരോഗ്യം വീണ്ടെടുത്തു.’

ആന്റിബയോട്ടിക് അമിതമായി കോഴികള്‍ക്ക് കൊടുക്കുന്നുണ്ടെന്നു തെളിഞ്ഞതിനാല്‍ കോഴി വിഭവങ്ങള്‍ തങ്ങളുടെ റസ്റ്റോറന്‍ഡുകളില്‍ വിളമ്പുന്നത് ക്രമേണ ഒഴിവാക്കുമെന്ന് ആഗോള റസ്റ്റോറന്‍ഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ് ഈയിടെ വെളിപ്പെടുത്തിയത് ചിക്കന്‍ പ്രേമികളെ ഞെട്ടിച്ചിരുന്നു.ഇത്തരം വിഭവങ്ങള്‍ മനുഷ്യ ശരീരത്തില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മക്‌ഡൊണാള്‍ഡ്അത്തരമൊരു പ്രസ്താവന നടത്തിയത്.

സ്വന്തം ഫാമുകളില്‍ . വളര്‍ത്തുകോഴികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ചില ആന്റിബയോട്ടിക്കുകള്‍ മാത്രമേ ഇനി നല്‍കുകയുള്ളൂവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. രണ്ടു വര്‍ഷത്തിനകം ഈ ലക്ഷ്യം പൂര്‍ത്തിയാക്കും.
കോഴികള്‍ക്ക് നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി മനുഷ്യ ശരീരത്തിലെത്തുന്നതായും ഇത് മരുന്ന് ഫലിക്കുന്നതിന് തടസ്സം നില്‍ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 

ഇതോടെ കോഴി വിഭവങ്ങളുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞതിനാലാണ് ലോകത്തുടനീളം നൂറുകണക്കിന് റസ്റ്റോറന്‍ഡുകളും ഔട്ട്‌ലറ്റുകളുമുള്ള മക്‌ഡൊണാള്‍ഡിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കോഴികള്‍ പെട്ടന്ന് വളര്‍ന്ന് വലുതാകുന്നതിനും നല്ലതൂക്കം ലഭിക്കുന്നതിനുമാണ് ഫാം നടത്തിപ്പുകാരും പ്രമുഖ കമ്പനികളും ഇവയ്ക്ക് ആന്റിബയോട്ടിക്കുകളും ഹോര്‍മോണുകളും നല്‍കുന്നത്.

ക്യാംപിലോബാക്റ്റര്‍ എന്ന കോഴിയിലെ ബാക്റ്റീരിയയാണ് ഏറ്റവും അപകടകരമായ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നത്.സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും കൃത്യമായി പാക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുള്ള ചിക്കന്‍ മാത്രം വാങ്ങി ഉപയോഗിക്കുക,ചിക്കന്‍ മുറിച്ച ശേഷം കത്തികളും ,വേയിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ എന്നിവ കഴുകി വൃത്തിയാക്കി സൂക്ഷിക്കുക,വെള്ളത്തില്‍ കഴുകാതെ ചിക്കന്‍ നന്നായി വേവിച്ചോ ഫ്രൈ ചെയ്‌തോ മാത്രം ഉപയോഗിക്കുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്യാംപിലോബാക്റ്റര്‍ വഴിയായുള്ള ഭക്ഷ്യ വിഷബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

മലയാളികളില്‍ കൂടുതല്‍ പേരും ചിക്കന്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് അപകടകാരികളായ ബാക്റ്റീരിയ പടരാനെ ഉപകരിക്കു എന്നാണ് ഫുഡ് സേഫ്റ്റി അതോറിട്ടിയിലെ ചീഫ് സയന്റ്റിസ്റ്റായ ഡോ .ലിസാ ഓ കോണര്‍ പറയുന്നത്.


Scroll To Top