Monday December 05, 2016
Latest Updates

മോഡി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്, സോണിയ നേതൃത്വം നല്‍കും

മോഡി സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ്, സോണിയ നേതൃത്വം നല്‍കും

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാറിനെതിരെ സഭയ്ക്കുള്ളില്‍ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിതന്നെ ഇതിനു നേതൃത്വം നല്‍കും. മുഖ്യ വിവരാവകാശ കമ്മിഷണറെയും കേന്ദ്ര വിജിലന്‍സ് കമ്മിഷണറെയും നിയമിക്കാത്തതിനെതിരെ സോണിയ ഇന്ന് അടിന്തര പ്രമേയത്തിനു നോട്ടിസ് നല്‍കും. പൊങ്ങച്ചം പറച്ചില് കൊണ്ടും പൊള്ള വാഗ്ദാനങ്ങള്‍ കൊണ്ടും നിറം മങ്ങി നില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയെ തങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. അവധി കഴിഞ്ഞ് മടങ്ങി എത്തിയ രാഹുല്‍ ഗാന്ധിയുടെ തന്ത്രപരമായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.

രാഹുല്‍ ഗാന്ധിക്കു പിന്നാലെ സോണിയയും പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരെ കടുത്ത ആക്രമണത്തിനൊരുങ്ങുന്നത് രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ചരക്കു സേവന നികുതി സംബന്ധിച്ച് ഇന്നു ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പങ്കെടുക്കാനിടയില്ല. ഇക്കാര്യത്തിലുള്ള വോട്ടെടുപ്പില്‍നിന്നും കോണ്‍ഗ്രസ് വിട്ടുനിന്നേക്കും.

കഴിഞ്ഞ യുപിഎ സര്‍ക്കാറിന്റെ കാലത്ത് പാസാക്കാന്‍ ശ്രമിച്ച ജിഎസ്ടി ബില്ലിനെ ഇപ്പോള്‍ എതിര്‍ക്കുന്നതിനോടു കോണ്‍ഗ്രസില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്. ജിഎസ്ടി സംബന്ധിച്ച ഭരണഘടനാ ഭേദഗതി സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഇന്നത്തെ നിലയ്ക്കു ബില്ല് അംഗീകരിക്കാനാവില്ലെന്നാണു കോണ്‍ഗ്രസിന്റെ പക്ഷം.

ലോക്‌സഭയില്‍ പാസായാലും ബില്ല് രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാറിനു വിയര്‍പ്പൊഴുക്കേണ്ടിവരും. ബില്ല് പാസായാല്‍ രാജ്യത്തിന്റെ വ്യവസായ വാണിജ്യ മേഖലയില്‍ അതു നാഴികക്കല്ലാവുകയും ചെയ്യും.

 

Scroll To Top