Saturday December 03, 2016
Latest Updates

അടൂര്‍ പ്രകാശിനെ ഒഴിവാക്കി ഹൈക്കമാണ്ട് പട്ടിക ഇന്നുണ്ടായേക്കും,വഴങ്ങാതെ ഉമ്മന്‍ ചാണ്ടി

അടൂര്‍ പ്രകാശിനെ ഒഴിവാക്കി ഹൈക്കമാണ്ട് പട്ടിക ഇന്നുണ്ടായേക്കും,വഴങ്ങാതെ ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി വിചാരിച്ചിട്ടും പരിഹരിക്കാനാവാതെ കോണ്‍ഗ്രസിലെ സീറ്റു തര്‍ക്കം തുടരുന്നു. ഇതിനിടെ, കാര്യങ്ങള്‍ ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടില്‍ ഇട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു കേരളത്തിലേക്കു എത്തിക്കഴിഞ്ഞു.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ തുടരും.
ഉമ്മന്‍ ചാണ്ടിയും സുധീരനും നിലപാടുകളില്‍ അല്പവും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത രണ്ടാം ചര്‍ച്ചയിലും പരിഹാരമുണ്ടാക്കാനാവാതെ രാത്രി പത്തോടെ പിരിയുകയായിരുന്നു. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു.അഴിമതിക്കാരെ ഒഴിവാക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തിന്റെ പിന്‍ബലം സുധീരന് ഉണ്ടെങ്കിലും തൃപ്പൂണിത്തുറയില്‍ കെ ബാബു മത്സരരംഗത്ത് ഇറങ്ങാന്‍ സാധ്യതയേറെയുണ്ട്.ഫലത്തില്‍ അടൂര്‍ പ്രകാശിനെ ഒഴിവാക്കി പട്ടിക ഇന്നുച്ചയ്ക്ക് പ്രഖ്യാപിക്കാനാണ് ഹൈക്കമാണ്ട് ഉദ്ദേശിക്കുന്നത്.

കൊല്ലം, ചാത്തന്നൂര്‍, പുതുക്കാട്, വടക്കാഞ്ചേരി,ഒല്ലൂര്‍ എന്നീ സീറ്റുകളിലും യൂ ഡി എഫില്‍ സ്ഥാനാര്‍ഥി തര്‍ക്കം തുടരുന്നുണ്ട്
ആറു ദിവസം കേരള ഹൗസില്‍ അടുത്തടുത്ത മുറികളില്‍ താമസിച്ചിട്ടും ഉമ്മന്‍ ചാണ്ടിയും സുധീരനും സീറ്റുകളെ സംബന്ധിച്ചു നേരിട്ടു ചര്‍ച്ച നടത്തിയിയത് ഇന്നലെ ആദ്യമായാണ്. ഈ ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഇതിനുശേഷമാണു രാത്രി ഏഴരയ്ക്കു സോണിയ വിളിച്ച യോഗത്തിലേക്ക് ഇരുവരും എത്തിയത്. ഒരു കാറിലാണ് ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശും സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറപ്പെട്ടത്.

രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരാണ് സോണിയയുടെ വീട്ടില്‍ ചര്‍ച്ചയ്ക്കു പോയത്..
ഉമ്മന്‍ ചാണ്ടിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിനു ശേഷം ആദ്യം സോണിയയുടെ വസതിയില്‍നിന്നു മടങ്ങി. ചര്‍ച്ചകള്‍ ഏതാണ്ടു പൂര്‍ത്തിയായെന്നും തിരക്കുള്ളവര്‍ നാട്ടിലേക്കു മടങ്ങുമെന്നുമാണു കുറച്ചുകഴിഞ്ഞു പുറത്തുവന്ന വി.എം. സുധീരന്‍ പറഞ്ഞത്.

ഏതെങ്കിലും മന്ത്രിമാരെ മാറ്റി നിര്‍ത്തി നടപ്പാക്കിയാല്‍ സര്‍ക്കാരിന്റെ ഭാഗമായ താനും മാറിനില്‍ക്കാമെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ചുനിന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയാണുണ്ടായത്.

Scroll To Top