Friday September 22, 2017
Latest Updates

കെ എം മാണി വിദേശത്തേയ്ക്ക്, യൂ ഡി എഫില്‍ കലാപം,മാണി ഗ്രൂപ്പ് മുന്നണി വിട്ടു പുറത്ത് പോകാനും ആലോചന 

കെ എം മാണി വിദേശത്തേയ്ക്ക്, യൂ ഡി എഫില്‍ കലാപം,മാണി ഗ്രൂപ്പ് മുന്നണി വിട്ടു പുറത്ത് പോകാനും ആലോചന 

തിരുവനന്തപുരം:ജനതാദളിന് കൊടുക്കുന്ന പരിഗണന പോലും മുന്നണിയിലെ മൂന്നാം കക്ഷിയായ കേരളാ കോണ്‍ഗ്രസിന് നല്കുന്നില്ലെന്ന പരാതിയുയര്‍ത്തി യൂ ഡി എഫ് മേഖലാ ജാഥകളോട് പരസ്യ നിസഹരണം പ്രഖ്യാപിച്ച് കെ എം മാണിയും കൂട്ടരും രംഗത്ത്. തന്റെ കൂടി കാരുണ്യത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുന്നില്ലെന്ന പ്രതിഷേധവും മാണിയ്ക്കുണ്ട്.സുധീരനും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുന്നണി നേതാക്കള്‍ മാണിയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നതില്‍ ഖിന്നനായി ധനമന്ത്രി കെഎം മാണി വിദേശത്തേയ്ക്കു പറക്കുമ്പോള്‍ യു.ഡി.എഫ്. അടുത്തൊരു പ്രതിസന്ധിയിലേക്ക്…

സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ ഉദ്ദേശിക്കുന്ന മേഖലാജാഥകളെച്ചൊല്ലി കോണ്‍ഗ്രസുമായി ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് മാണിയുടെ ഗള്‍ഫ് യാത്ര.

ചെറുമകളുടെ വിവാഹനിശ്ചയച്ചടങ്ങ് 14നു ദുബായില്‍ നടക്കുകയാണ്. അതില്‍ പങ്കെടുക്കാനാണു യാത്ര. ചൊവ്വാഴ്ച നെടുമ്പാശേരിയില്‍നിന്നു പുറപ്പെടുന്ന മാണി ഒരാഴ്ച കഴിഞ്ഞേ മടങ്ങിയെത്തൂ.

മേഖലാജാഥകള്‍ അനവസരത്തിലാണെന്ന നിലപാടിലാണ് മാണിയും കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയും. നിലപാട് ചര്‍ച്ചചെയ്യാന്‍ കക്ഷിനേതാക്കളുടെ അനൗപചാരികയോഗം ചേരുന്ന ദിവസം രാവിലെയാണു മാണി വിദേശത്തേക്കു പറക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മേഖലാജാഥകള്‍ 19നാണ് ആരംഭിക്കേണ്ടത്. മധ്യമേഖലാജാഥ ഉദ്ഘാടനം ചെയ്യേണ്ടത് മാണിയാണ്. അതു കഴിഞ്ഞു മാത്രമേ മാണി തിരിച്ചെത്താന്‍ സാദ്ധ്യതയുള്ളൂ.

മാണിയുടെ വിശ്വസ്തനായ സി.എഫ്. തോമസ് പിന്മാറിയ സാഹചര്യത്തില്‍ മധ്യമേഖലാ ജാഥയ്ക്കു പകരം ക്യാപ്റ്റനെ തീരുമാനിക്കുന്നതും പുതിയ തലവേദനയായി.

ആരോപണങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി തലപൊക്കുമ്പോള്‍ മേഖലാ ജാഥയുമായി ജനത്തിനു മുന്നില്‍ ചെന്നുനില്‍ക്കാനുള്ള ധൈര്യമില്ലായ്മ കൂടിയാണ് മാണി കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്.

ഇതിനിടെ നാണക്കേട് സഹിച്ച് മുന്നണിയില്‍ നില്‍ക്കേണ്ടതില്ലെന്ന പൊതു അഭിപ്രായം കേരളാ കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്.പ്രത്യേകിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍.പാര്‍ട്ടിയുടെ മോശപ്പെട്ട പ്രതിശ്ചായയും കോണ്‍ഗ്രസിന്റെ കുതികാല്‍ വെട്ടും കണക്കിലെടുത്ത് ഒറ്റയ്‌ക്കോ .ബി ജെപി യ്ക്ക് ഒപ്പം ചേര്‍ന്ന് മൂന്നാമത് ഒരു മുന്നണിയായോ മത്സരിക്കണം എന്നആവശ്യം. നേതാക്കള്‍ക്ക് മേല്‍ ചില മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരും ഉയര്‍ത്തുന്നുണ്ട്.ഈ നീക്കത്തിന് എന്‍ എസ് എസിന്റെ പിന്തുണയും ഉള്ളതായി പറയപ്പെടുന്നു.കേരളാ രാഷ്ട്രീയം കെ എം മാണിയുടെ നിലപാടുകളിലെയ്ക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഴ്ചകളാവും വരുന്നത്.അത്തരമൊരു നീക്കം മുന്നില്‍കണ്ടാണ് മാണിയോടൊപ്പം ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങളെയും ബാര്‍ കേസില്‍ കുടുക്കാന്‍ ചില യൂ ഡി എഫ് കേന്ദ്രങ്ങള്‍ കരുക്കള്‍ നീക്കുന്നതത്രേ.

Scroll To Top