Friday December 09, 2016
Latest Updates

മാണി ഗ്രൂപ്പിനെ കൂടെ കൂട്ടുമെന്ന് ബി ജെ പി പ്രസിഡണ്ട് ,കേരളാ കോണ്‍ഗ്രസ് വിട്ടുപോകാന്‍ ഒരുങ്ങി പി ജെ ജോസഫ്

മാണി ഗ്രൂപ്പിനെ കൂടെ കൂട്ടുമെന്ന് ബി ജെ പി പ്രസിഡണ്ട് ,കേരളാ കോണ്‍ഗ്രസ് വിട്ടുപോകാന്‍ ഒരുങ്ങി പി ജെ ജോസഫ്

കൊച്ചി: കെ. എം. മാണിയോടുള്ള നിലപാട് മയപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

കേരള കോണ്‍ഗ്രസ് എമ്മിനോട് ബി.ജെ.പിക്കു തുറന്ന മനസ്സാണുള്ളതെന്ന് കുമ്മനം പറഞ്ഞു. എന്‍.ഡി.എയില്‍ വരാന്‍ തയാറാണെന്നു പറഞ്ഞാല്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിന്റെ എന്‍.ഡി.എ പ്രവേശനം അടഞ്ഞ അധ്യയമല്ല. അവരോട് നിഷേധാത്മക സമീപനവുമില്ല. കേരള കോണ്‍ഗ്രസ് വന്നാല്‍ എന്‍.ഡി.എ ശക്തിപ്പെടുമെന്നും കുമ്മനം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ ബി.ജെ.പിയുടെ മുന്‍ നിലപാടില്‍ ഇതുവരെ തിരുത്തിയിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി. മാണിക്കെതിരെ ഉന്നയിക്കപ്പെട്ട് ആരോപണങ്ങള്‍ ഇപ്പോഴും നിനില്‍ക്കുന്നു.
കേരള കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ എന്‍.ഡി.എ സ്വീകരിക്കുന്ന നിലപാടിനാണ് പ്രസക്തിയെന്ന് കുമ്മനം പറഞ്ഞു.

രണ്ടില വന്നാല്‍ കേരളത്തില്‍ താമര വിരിയുമോ ?

ബി.ജെ.പി അണികള്‍ക്കു മാണി സാറിനെയും കേരള കോണ്‍ഗ്രസിനെയും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്നതും പ്രധാനമാണ്. അധികാരത്തിനായി നേതാക്കള്‍ക്കു ആരോടും കൂട്ടുകൂടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല, എന്നാല്‍, സാധാരണ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെയല്ല.

കേരളത്തിലെ ഭൂരിഭാഗം ബി.ജെ.പി അണികളും അടിസ്ഥാനപരമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. നരേന്ദ്ര മോദിയെയും അമിത് ഷായെയും പോലെ തീവ്രഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന, കുറഞ്ഞ പക്ഷം അങ്ങനെ നടിക്കുന്ന നേതൃത്വം ദേശീയ തലത്തില്‍ വന്നത് കേരളത്തിലെ ബി.ജെ.പിക്കു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല.

അതില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അണികള്‍ എങ്ങനെയാവും അതിനോട് പ്രതികരിക്കുകയെന്നു വ്യക്തമല്ല. മാത്രമല്ല, കേരള കോണ്‍ഗ്രസിനും ബി.ജെ.പിയുടെ നിലപാടുകള്‍ തലവേദന സൃഷ്ടിക്കും. ദേശീയതലത്തില്‍ ബി.ജെ.പി സ്വീകരിക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകള്‍ ന്യായീകരിക്കാന്‍ കേരള കോണ്‍ഗ്രസ് വെള്ളം കുടിക്കേണ്ടിവരും.

ക്രിസ്ത്യന്‍ പിന്തുണ എന്ന അധിക യോഗ്യത ഒഴിച്ചാല്‍ കേരള കോണ്‍ഗ്രസിനു വലിയ വേരോട്ടം കേരളത്തിലില്ല. എന്നാല്‍, കേരള കോണ്‍ഗ്രസ് എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകുമ്പോള്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുമോയെന്നു കാത്തിരുന്നു കാണണം.

സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയാണ് യുഡിഎഫ് ബന്ധം മാണി ഉപേക്ഷിച്ചതെന്ന ചിന്ത അണികളെ നിഷ്‌ക്രിയരാക്കിയേക്കാം. ബാലകൃഷ്ണ പിള്ളയ്ക്കും പാര്‍ട്ടിക്കും സംഭവിച്ചതു പോലെയൊരു പതനമാവാം ഒരു പക്ഷേ കേരള കോണ്‍ഗ്രസിനെയും കാത്തിരിക്കുന്നത്.

എന്‍.ഡി.എയുടെ ഭാഗമാകുകയും കേന്ദ്ര സഹമന്ത്രിപദത്തില്‍ വരെയെത്തിയ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസിന്റെ അവസ്ഥയാകുമോ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എന്‍.ഡി.എയുടെ ഭാഗമാകുമ്പോള്‍ സംഭവിക്കുകയെന്നു കാത്തിരുന്നു കാണേണ്ടിവരും.

എന്തായാലും ജോസ് കെ മാണിയും ഭാര്യയും കെ എം മാണിയുടെ പാര്‍ട്ടിയ്ക്ക് കേന്ദ്ര മന്ത്രിസഭയില്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ നെട്ടോട്ടം തുടങ്ങിയെന്നാണ് പാലായില്‍ നിന്നുള്ള വാര്‍ത്തകള്‍.ചില ബിഷപ്പുമാരും ഇതിനു പിന്നിലുണ്ട്.ഇതിനായാണ് കേരളാ കോണ്‍ഗ്രസ് മുന്നണി വിടുന്നതെന്ന് മുമ്പേ റിപ്പോര്‍ട് ചെയ്തിരുന്നു.

എന്നാല്‍ പി ജെ ജോസഫും,മോന്‍സ് ജോസഫും അടക്കമുള്ള എംഎല്‍എ മാര്‍ ബി ജെപി ബന്ധത്തെ എതിര്‍ക്കുന്നുണ്ട്.അത്തരമൊരു സാഹചര്യം മാണിയുടെ കുടുംബം സംജാതമാക്കുകയാണെങ്കില്‍ പാര്‍ട്ടി വിട്ടുപോകാനാണ് ജോസഫിന്റെ പദ്ധതി.

Scroll To Top