Friday December 09, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് നിയമം ‘പുലിവാലായി’:ഐറിഷ് വാട്ടര്‍,വാടകയ്ക്ക് താമസിക്കുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നു 

വാട്ടര്‍ ചാര്‍ജ് നിയമം ‘പുലിവാലായി’:ഐറിഷ് വാട്ടര്‍,വാടകയ്ക്ക് താമസിക്കുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുന്നു 

ഡബ്ലിന്‍:വാടക വീടുകളില്‍ താമസിക്കുന്നവരുടെ വിശദവിവരങ്ങള്‍ ഐറിഷ് വാട്ടറിന് കൈമാറണം എന്ന് പുതിയ ധാരണ രൂപപ്പെട്ടു.വീട്ടുടമകളുടെ അസോസിയേഷനും ഐറിഷ് വാട്ടറിന്റെ പ്രതിനിധികളും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്,

രാജ്യത്തെ ബഹുഭൂരിപക്ഷം വാടകക്കാരും ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം.വാടകക്കാരുടെ കുടിശിഖകള്‍ തങ്ങളുടെ മേല്‍ പതിയ്ക്കുമെന്ന ആശങ്കയില്‍ ഐറിഷ് വാട്ടറുമായി നടന്ന ചര്‍ച്ചയിലാണ് ഇത്തരം ഒരു ധാരണ രൂപപ്പെട്ടത് എന്ന് അറിയുന്നു.

താമസക്കാര്‍ തന്നെ വാട്ടര്‍ ബില്‍ അടയ്ക്കണം എന്നൊരു ഭേദഗതി നിയമം മൂലം നിലവിലുള്ള വാട്ടര്‍ പോളിസിയില്‍ കൊണ്ട് വരണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയെ കാണാനും വീട്ടുടമസ്ഥരുടെ സംഘടന ശ്രമിക്കുന്നുണ്ട്.

നിലവിലുള്ള നിയമമനുസരിച്ച് തന്നെ കൈവശക്കാരന്‍ ബില്‍ അടയ്ക്കണം എന്നാണ് രേഖകളില്‍ ഉള്ളത്,എന്നാല്‍ വാടകക്കാരന്‍ ഈ ഗണത്തില്‍ വരുമോ എന്ന് ചില നിയമ വിദഗ്ദ്ധര്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് വീട്ടുടമകള്‍ക്ക് ആശങ്കയുണ്ടായതും പെട്ടന്നുള്ള നീക്കങ്ങള്‍ക്ക് കാരണമായതും.

താന്‍ സ്വന്തമായി അല്ല വീട് ഉപയോഗിക്കുന്നത് എന്ന് യൂട്ടിലിറ്റി കമ്പനിയായ ഐറിഷ് വാട്ടറിനെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അങ്ങനെയാണ് വീട്ടുടമകള്‍ക്കായിപ്പോയത്.വാടകക്കാരന്‍ കുടിശിഖ വരുത്തിയാലും നിലവില്‍ യൂട്ടിലിറ്റി കമ്പനി തേടുക കൈവശക്കാരനെയാണ്.വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പുകള്‍ നല്കണമെന്നാണ് ഐറിഷ് വാട്ടറിനോട് വീട്ടുടമകളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll To Top