Monday May 21, 2018
Latest Updates

വിമാനയാത്രയും നഷ്ടപരിഹാരങ്ങളും

വിമാനയാത്രയും നഷ്ടപരിഹാരങ്ങളും

വിമാനയാത്രയാണ് ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രയെന്നും അതില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നുമാണ് ഇതുവരെ വിമാനയാത്ര നടത്താത്ത ചിലരുടെ ധാരണ. എന്നാല്‍ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിമാനയാത്രയില്‍ ബുദ്ധിമുട്ടുകളും അനിശ്ചിതത്ത്വങ്ങളും മാനസിക സമ്മര്‍ദങ്ങളും ഏറെയാണെന്നുമാണ് സ്ഥിരമായി വിമാനയാത്ര നടത്തുന്ന പലരും പരാതിപ്പെടുന്നത്. വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാര്‍ജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്. എന്നാല്‍ അധികമാരുമറിയാത്ത ചില ടിപ്‌സുകളിലൂടെ ഇവയെ മറികടക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. ഉദാഹരണമായി ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താല്‍ വിമാനനിരക്ക് കുറയുമെന്ന് എത്ര പേര്‍ക്കറിയാം..അതുപോലെത്തന്നെ വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നും നമ്മില്‍ പലര്‍ക്കും അജ്ഞമാണ്. ഇത്തരത്തില്‍ വിമാനക്കമ്പനികള്‍ രഹസ്യമാക്കി വയ്ക്കുന്ന ചില ടിപ്‌സുകളെക്കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.
ഫ്‌ലൈറ്റ് ഷെഡ്യൂള്‍ പെട്ടെന്ന് മാറ്റിയാല്‍ മുഴുവന്‍ റീഫണ്ട്
യാത്രക്ക് വേണ്ടി നിങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നയാളാണെന്ന് വിചാരിക്കുക. നിനച്ചിരിക്കാതെ പെട്ടെന്നായിരിക്കും നിങ്ങളുടെ യാത്രയ്ക്ക് വെറും ഒരാഴ്ച മാത്രം ശേഷിക്കെ ഫ്‌ലൈറ്റ് ഷെഡ്യൂളില്‍ വിമാനക്കമ്പനി മാറ്റം വരുത്തുന്നത്. അത്തരം അവസരങ്ങളില്‍ മുഴുവന്‍ റീഫണ്ടിനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
ബാഗുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം
യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും ഒരു നിര്‍ദ്ദേശം നല്‍കിയിരുന്നു. അതായത് പരിശോധനയ്ക്ക് പോകുന്ന യാത്രക്കാരുടെ ബാഗുകള്‍ നഷ്ടപ്പെട്ടാലോ പരിധിയിലധികം വൈകിയാലോ സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദ്ദേശമായിരുന്നു അത്. എന്നാല്‍ സാധാരണയായി ഇത്തരം അവസരങ്ങളില്‍ വിമാനക്കമ്പനികള്‍ കുറഞ്ഞ നഷ്ടപരിഹാരമോ ഭാവിയില്‍ യാത്ര ചെയ്യാനുള്ള ട്രാവല്‍ വൗച്ചറോ നല്‍കി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പണമായി തന്നെ ക്ലെയിം ചെയ്യാം.
വിമാനം വൈകിയാല്‍ നഷ്ടപരിഹാരം
യൂറോപ്യന്‍ യൂണിയനില്‍ വിമാനം അനൗണ്‍സ് ചെയ്ത സമയത്തേക്കാള്‍ മൂന്ന് മണിക്കൂറിലധികം വൈകിയാല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. എന്നാല്‍ എയര്‍ലൈനിന്റെ കുറ്റം കൊണ്ട് വൈകിയാല്‍ മാത്രമെ ഈ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഷോര്‍ട്ട് ഫ്‌ലൈറ്റില്‍ വൈകല്‍ മൂലമുള്ള നഷ്ടപരിഹാരം ആള്‍ക്കൊന്നിന് 250 യൂറോ അഥവാ 200 പൗണ്ടാണ് ലഭിക്കുക. മിഡ് ലംഗ്ത് ഫ്‌ലൈറ്റില്‍ ഇത് 400 യൂറോ അല്ലെങ്കില്‍ 320 പൗണ്ടായിരിക്കും. ലോംഗ് ഹൗള്‍ ഫ്‌ലൈറ്റില്‍ ഇത് 300 യൂറോയ്ക്കും 600 യൂറോയ്ക്കും (240 പൗണ്ടിനും 480 പൗണ്ടിനും മധ്യേ) മധ്യേയായിരിക്കും.അതിനാല്‍ ഇനിയെങ്കിലും വിമാനം വൈകിയാല്‍ അവര്‍ വച്ചുനീട്ടുന്ന വൗച്ചറുകള്‍ സ്വീകരിക്കാതിരിക്കുക. അര്‍ഹമായ നഷ്ടപരിഹാരം ചോദിച്ച് വാങ്ങുക.(ഇത്തിഹാദും എമരൈറ്റ്‌സും മിക്കവാറും പണം തിരിച്ചു നല്കിയത് തന്നെ എന്ന് വിചാരിച്ച് ഉള്ളില്‍ ചിരിക്കേണ്ട.കമ്പനികളെ വിടാതെ പിന്തുടര്‍ന്ന് നഷ്ടപരിഹാരം വാങ്ങിയ മിടുക്കര്‍ ഏറെയാണ്.സമയക്കുറവും എഴുത്തുകുത്തുകളും കാരണം നഷ്ടപരിഹാരത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്നവരാണ് മിക്ക പ്രവാസി മലയാളികളും!)
ചൊവ്വയും ബുധനും ശനി യാത്ര ചെയ്താല്‍ നിരക്ക് കുറയും
എക്‌സ്പീഡിയ, എയര്‍ലൈന്‍ റിപ്പോര്‍ട്ടിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ അടുത്തിടെ പുറത്ത് വന്ന ഗവേഷണങ്ങളിലാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ വിമാനങ്ങളില്‍ ബുക്കിങ് കുറവായതിനാല്‍ താരതമ്യേന നിരക്ക് കുറയും. വര്‍ക്ക് ഷെഡ്യൂളുകള്‍ ഈ ദിവസങ്ങളില്‍ ക്രമീകരിക്കാന്‍ സാധിക്കാത്തതിനാലാണ് യാത്രക്കാര്‍ കുറയുന്നത്. അതിനാല്‍ കഴിയുമെങ്കില്‍ ഈ ദിവസങ്ങളില്‍ വിമാനയാത്ര ചെയ്താല്‍ ടിക്കറ്റ് ചാര്‍ജില്‍ നല്ലൊരു തുക ലാഭിക്കാനാകും.
പറക്കാത്ത വിമാനത്തില്‍ മൂന്ന് മണിക്കൂറിലധികം ഇരിക്കേണ്ടതില്ല
എന്തെങ്കിലും കാരണം കൊണ്ട് ഷെഡ്യൂള്‍ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ലെങ്കില്‍ അഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മൂന്ന് മണിക്കൂറിലധികം യാത്രക്കാരെ ഇരുത്തരുതെന്ന് ലോകത്തിലെ മിക്ക വ്യോമനിയന്ത്രണ വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സര്‍വീസുകളില്‍ ഈ സമയപരിധി നാല് മണിക്കൂറാണ്. എന്നാല്‍ യുകെയിലോ യൂറോപ്യന്‍ യൂണിയനിലോ ഇത് സംബന്ധിച്ച് ഇത്തരം നിബന്ധനകള്‍ ഇല്ല. (അതിനു മുമ്പേ അവര്‍ പ്രതിവിധികള്‍ നിര്‍ദേശിക്കും എന്നാണു വ്യംഗ്യം!)എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ യാത്രക്കാരുടെ ക്ഷേമത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം വിമാനക്കമ്പനികള്‍ ചെയ്തുകൊടുക്കേണ്ടതുണ്ട്.
ഡെബിറ്റ് കാര്‍ഡിന് പകരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുക
ഡെബിറ്റ് കാര്‍ഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നിരവധി വിമാനക്കമ്പനികള്‍ വിവിധ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കമെന്നാണ് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നത്. നിങ്ങളുടെ സാമ്പത്തികസുരക്ഷിതത്ത്വത്തിന് ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള പണമടയ്ക്കലാണ് നല്ലതെന്നാണ് ട്രാവല്‍ എക്‌സ്പര്‍ട്ടായ ബോബ് അറ്റ്കിന്‍സന്‍ പറയുന്നത്.
എല്ലാ ടിക്കറ്റുകളും റസീറ്റുകളും   സൂക്ഷിക്കുക
വിമാനയാത്രക്കിടെ എന്തിന് ക്ലെയിം ചെയ്യണമെങ്കിലും അതിനനുസരിച്ചുള്ള രേഖകള്‍ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. അതായത് ടിക്കറ്റുകള്‍, റസീറ്റുകള്‍ തുടങ്ങിയവയെല്ലാം യാത്രാവേളയില്‍ കൈയില്‍ കരുതണം.

Scroll To Top