Monday December 05, 2016
Latest Updates

റബറിനു പിന്നാലെ ഏലത്തിനും ,കുരുമുളകിനും വിലയിടിവ് 

റബറിനു പിന്നാലെ ഏലത്തിനും ,കുരുമുളകിനും വിലയിടിവ് 

കൊച്ചി: അനുകൂല സാഹച ര്യങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ കാര്‍ഷികോത്പന്നങ്ങള്‍ക്കു വിലത്തകര്‍ച്ച. റബറിനും നാളികേരത്തിനും പിന്നാലെ ഏലം, കുരുമുളക് വിലയും താഴേക്കാണ്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നതിനിടെയാണ് കര്‍ഷകരുടെ വരുമാനസ്രോതസുകള്‍ക്കു തിരിച്ചടി.

കഴിഞ്ഞയാഴ്ച്ച കിലോഗ്രാമിനു 135 രൂപ ലഭിച്ചിരുന്ന ഫോര്‍ ഷീറ്റ് റബറിന് 123 രൂപയാണ് ഇന്നലത്തെ വില. ശരാശരി 175 രൂപ ലഭിച്ചെങ്കില്‍ മാത്രമേ നഷ്ടമില്ലാതെ റബര്‍ കൃഷി സാധ്യമാകൂ എന്നു കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ 220 മുതല്‍ 240 വരെ കിലോയ്ക്കു വില ലഭിച്ചിരുന്നു. എന്നാല്‍, അതിനുശേഷമാണ് വില കൂപ്പുകുത്തിയത്.

മലയോര കര്‍ഷകരുടെ പ്രധാന വിളയായ ഏലത്തിന് കിലോയ്ക്ക് 620 രൂപയാണ് ഇന്നലത്തെ ശരാശരി വില. കാലാവസ്ഥാ വ്യതിയാനവും മഴയും ഏലം കൃഷിക്ക് തിരിച്ചടിയാകുന്നതിനിടയിലാണ് വിലക്കുറവും. മുന്‍വര്‍ഷങ്ങളില്‍ 1300- 1700 രൂപ വരെ ലഭിച്ചിരുന്ന ഏലത്തിന് ഈ വര്‍ഷം വില നാലക്കത്തില്‍ എത്തിയിട്ടില്ല. മഴ കനത്താല്‍ കൃഷി പാടെ നശിക്കാനും സാധ്യതയുണ്ട്. 1000 രൂപയെങ്കിലും ലഭിക്കാതെ മുടക്കുമുതല്‍ പോലും ലഭിക്കാത്ത കൃഷിയാണ് ഏലം. വിദേശത്തു നിന്നും കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന ഏലമാണ് വിലക്കുറവിനു കാരണമെന്നു കര്‍ഷകര്‍.

കറുത്ത പൊന്നായ കുരുമുളകിനും മാര്‍ക്കറ്റ് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. ശരാശരി 635 രൂപയാണ് ഒരു കിലോ കുരുമുളകിന് ഇന്നലത്തെ മാര്‍ക്കറ്റ് വില. രണ്ടാഴ്ച്ച മുന്‍പ് 660 രൂപ ലഭിച്ചിരുന്നതാണ്. അഴുകല്‍ രോഗം ഉള്‍പ്പെടെയുള്ളവ കുരുമുളകു കൃഷിക്കു തിരിച്ചടിയാകുന്നുണ്ട്.

നാളികേര വിലയിലും കുത്തനെ ഇടിവാണ്. കഴിഞ്ഞ മാസം 35 രൂപയുണ്ടായിരുന്ന നാളികേരത്തിന് ഇന്നലെ 18 രൂപയാണു വില. ഉത്പാദനം കൂടിയതും കയറ്റുമതി കുറഞ്ഞതും വിലയിടിവിനു കാരണമായി.

Scroll To Top