Wednesday December 07, 2016
Latest Updates

സിം കാര്‍ഡുകള്‍ മാറുന്നു,ഇനി ഇ സിം കാര്‍ഡ്!

സിം കാര്‍ഡുകള്‍ മാറുന്നു,ഇനി ഇ സിം കാര്‍ഡ്!

ഫോണുകളില്‍ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡുകള്‍ക്ക് മരണമണി.

ഫോണുകള്‍ അടിമുടി സ്മാര്‍ട് ആയിട്ടും സ്മാര്‍ട്ടാവാതെ പിടിച്ചുനിന്ന സിം കാര്‍ഡുകളാണ് മാറ്റത്തിനു വിധേയമാകുന്നത്. സിം കാര്‍ഡ് എന്ന സങ്കല്‍പത്തെ തുടച്ചുനീക്കി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് സിം അഥവാ ഇസിം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മൊബൈല്‍ ടെലികോം വ്യവസായികളുടെ സംഘടനയായ ജിഎസ്എംഎ.

ഓരോ കണക്ഷനും ഒരു പുതിയ സിം കാര്‍ഡ് എന്ന സംവിധാനം അവസാനിപ്പിച്ച് ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കുള്ള മാറ്റമാണ് ഇസിം നിലവില്‍ വരുന്നതോടെ പ്രധാനമായും സംഭവിക്കുക.

ഫോണില്‍ എംബെഡ് ചെയ്തിരിക്കുന്ന ഇസിം നീക്കം ചെയ്യാനാവില്ല. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐഡി ഇസിമ്മില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇസിം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങളുമായി സഹകരിക്കുന്ന ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിനായി ജിഎസ്എം അസോസിയേഷനുമായി അവസാനവട്ട ചര്‍ച്ചകളിലാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ ഇസിം സംവിധാനത്തിലുള്ള ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് സൂചന.

മൊബൈല്‍ വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിം കാര്‍ഡുകള്‍ നിലവില്‍ വന്നത് 25 വര്‍ഷം മുന്‍പാണ്. 1991ലാണ് ജര്‍മന്‍ സ്മാര്‍ട് കാര്‍ഡ് നിര്‍മാതാക്കളായ ജീസെക്ക് ആന്‍ഡ് ഡെറിയെന്റ് ഫിന്നിഷ് സേവനദാതാക്കളായ റേഡിയോലിഞ്ഞയ്ക്കു വേണ്ടി ആദ്യത്തെ 300സിം കാര്‍ഡുകള്‍ അവതരിപ്പിച്ചത്.

മൊബൈല്‍ ഫോണ്‍ രംഗത്ത് ഒട്ടേറെ പിപ്ലവങ്ങള്‍ വന്നെങ്കിലും സിം കാര്‍ഡില്‍ ഈ കാലത്തിനുള്ളില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിരുന്നില്ല. ഇസിം വരുന്നതോടെ സിംകാര്‍ഡ് എന്ന സങ്കല്‍പം തന്നെ മാറിമറിയും.

Scroll To Top