Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ തൊഴില്‍ രഹിതര്‍ക്ക് പുതിയ പ്രതീക്ഷ,ജോബ് ബ്രിഡ്ജിന് പകരം പുതിയ സ്‌കീം വരുന്നു;മിനിമം കൂലി ഉറപ്പാക്കും

അയര്‍ലണ്ടിലെ തൊഴില്‍ രഹിതര്‍ക്ക് പുതിയ പ്രതീക്ഷ,ജോബ് ബ്രിഡ്ജിന് പകരം പുതിയ സ്‌കീം വരുന്നു;മിനിമം കൂലി ഉറപ്പാക്കും

ഡബ്ലിന്‍:ജോബ് ബ്രിഡ്ജ് ഇന്റേണ്‍ഷിപ്പ് സ്‌കീം ഈ വെള്ളിയാഴ്ചയോടെ നിര്‍ത്തലാക്കുമെന്ന് സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരേദ്കര്‍. ഇതിനു പകരം തൊഴില്‍ വൈദഗ്ദ്ധ്യത്തെ കൂടുതലായി ഉപയോഗപ്പെടുത്തുന്ന പദ്ധതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജോബ് ബ്രിഡ്ജ് സ്‌കീം വലിയ വിജയമായിരുന്നെന്നും, തൊഴില്‍ രഹിതരായ ധാരാളം പേരെ ജോലി കണ്ടെത്താന്‍ അത് സഹായിച്ചുവെന്നും ഇന്‍ഡക്കോണ്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് എക്കണോമിസ്റ്റുകളുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വരേദ്കര്‍ പറഞ്ഞു. എന്നാല്‍ ഈ സ്‌കീം ഇനി തുടരേണ്ടതില്ലെന്നും, പകരം പുതിയ സ്‌കീം അവതരിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.പുതിയ പദ്ധതി പ്രകാരം മിനിമം കൂലി ഉറപ്പാക്കുമെന്നും വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.

ജോബ് ബ്രിഡ്ജ് സ്‌കീം വഴി 38,000ഓളം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം 2011ലാണ് ഈ സ്‌കീം അവതരിപ്പിക്കുന്നത്. തൊഴിലില്ലായ്മയെ 15%ല്‍ നിന്നും 8% ആക്കി കുറയ്ക്കാന്‍ സ്‌കീം സഹായിച്ചു.’ വരേദ്കര്‍ പറഞ്ഞു. ഈ വെള്ളിയാഴ്ച മുതല്‍ ജോബ് ബ്രിഡ്ജ് സ്‌കീം വഴി പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല. നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാം.

ജോബ് ബ്രിഡ്ജ് സ്‌കീം വഴി ലഭിച്ചിരുന്ന പ്രതിഫലം കുറവായിരുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ പുതിയ സ്‌കീമില്‍ ആരംഭം മുതല്‍ക്കേ മിനിമം കൂലി ലഭ്യമാകുമെന്ന തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.ഇപ്പോള്‍ ജോബ് ബ്രിഡ്ജ് സ്‌കീമില്‍ ജോലി ചെയ്യുന്ന 25 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് ആഴ്ച്ചയില്‍ 153 യൂറോ ലഭിക്കുന്ന സ്ഥാനത്ത് പുതിയ സ്‌കീമില്‍ 258 യൂറോ വരെ ലഭിക്കും.

Scroll To Top