Thursday December 08, 2016
Latest Updates

സമയക്രമം ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ മുമ്പോട്ട്

സമയക്രമം ഇന്ന്  മുതല്‍ ഒരു മണിക്കൂര്‍ മുമ്പോട്ട്

ഡബ്ലിന്‍ :യൂറോപ്പിലെ സമയക്രമം ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ മുമ്പോട്ടാകും. സമയ ക്രമീകരണത്തിന്റെ ഭാഗമായി ഐറിഷ് സമയവും ഒരു മണിക്കൂര്‍ മുമ്പോട്ടാകും

യൂറോപ്പില്‍ സമ്മര്‍ സമയമാറ്റം മാര്‍ച്ച് 27 ന് (ഞായറാഴ്ച) പുലര്‍ച്ചെയാണ് ആരംഭിക്കുന്നത്.ക്ലോക്കില്‍ ഒരു മണിക്കൂര്‍ മുന്നോട്ട് മാറ്റിവെച്ചാണ് സമ്മര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ രണ്ടു മണിയെന്നുള്ളത് മൂന്നു മണിയാക്കി മാറ്റും.മാര്‍ച്ചു മാസത്തിലെ അവസാനത്തെ ഞായറാഴ്ച പുലര്‍ച്ചെയാണ് ഈ സമയമാറ്റം നടത്തുന്നത്

ജര്‍മനിയിലെ ബ്രൗണ്‍ഷൈ്വഗിലുള്ള ഭൗതിക ശാസ്ത്രസാങ്കേതിക കേന്ദ്രത്തിലാണ് (പി.റ്റി.ബി.) ഈ സമയമാറ്റ ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നത്. ഫ്രാങ്ക്ഫര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള ടവറില്‍ നിന്നും സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് സ്വയംചലിത നാഴിക മണികള്‍ പ്രവര്‍ത്തിക്കുന്നു. 1980 മുതലാണ് ജര്‍മനിയില്‍ സമയ മാറ്റം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഇപ്പോള്‍ സമയ മാറ്റം പ്രാവര്‍ത്തികമാണ്. അതുവഴി മധ്യയൂറോപ്യന്‍ സമയവുമായി (എം.ഇ.ഇസഡ്) തുല്യത പാലിക്കാന്‍ സഹായകമാകും. പകലിന് നീളക്കൂടുതല്‍ എന്നതാണ് ഇതിന്റെ അടിസ്ഥാനം. (വൈകി ഇരുളാകുന്നതും നേരത്തെ വെളുക്കുന്നതും).

ഇപ്പോള്‍ മാറുന്ന സമയക്രമം ഒക്‌ടോബര്‍ മാസം അവസാനം വരുന്ന ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കൂര്‍ പിറകോട്ടു മാറ്റിയാണ് വിന്റര്‍ ടൈം ക്രമപ്പെടുത്തുന്നത്.സമ്മര്‍ടൈം മാറുന്ന ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ ജോലി കുറച്ചു ചെയ്താല്‍ മതി.പക്ഷെ വിന്റര്‍ ടൈം മാറുന്ന ദിനത്തില്‍ രാത്രി ജോലിക്കാര്‍ക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുകയും വേണം.ഇത് അധിക സമയമായി കണക്കാക്കി വേതനത്തില്‍ വകയിരുത്തും

സമയ ക്രമീകരണം മാറുന്നതിനാല്‍ ഒരു മണിക്കൂര്‍ ഉറക്കം നഷ്ടപ്പെടുമല്ലോ എന്ന ആശങ്കയിലാണ് ചില മടിയന്‍മാര്‍. എന്നാല്‍ സമയക്രം മാറുന്നത് കൊണ്ട് ചില ഗുണങ്ങളുമുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. അതിനാല്‍ അല്പ്പം ഉറക്കം നഷ്ടപ്പെട്ടാലും ആരോഗ്യം സംരക്ഷിക്കാന്‍ പുതിയ സമയക്രമം പ്രയോജനപ്പെടുത്തുക.

സമയക്രമം മാറുന്നത് കൊണ്ട് ഉണ്ടാകുന്ന അഞ്ചു ഗുണങ്ങള്‍ ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത് ചുവടെ കൊടുക്കുന്നു

എല്ലാ ദിവസവും രാവിലെ ഉണരുകയും സമയം ക്രമീകരിക്കുകയും ചെയ്യുന്ന നിങ്ങള്‍ ആഴ്ചാവസാനം ഒരു മണിക്കൂര്‍ കൂടുതല്‍ ഉറങ്ങിക്കൊള്ളൂ. അടുത്ത പ്രവര്‍ത്തി ദിനത്തെ സന്തോഷഭരിതമാക്കാന്‍ ഇത് നിങ്ങള്‍ക്ക് ഗുണകരമാകും. ഇക്കാര്യത്തിലുടെ അഞ്ചു തരം ഗുണഗണങ്ങള്‍ തേടിയെത്തുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

വൈകുന്നേരങ്ങളില്‍ കൂടുതല്‍ വ്യായാമം ചെയ്യാനും അതിലൂടെ കൂടുതല്‍ ആരോഗ്യവും ഉന്മേഷവും കൈവരിക്കാന്‍ സാധിക്കും.

രണ്ടാമത്തെ ഗുണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്നതാണ്. സമയക്രമം മാറുന്നതോടെ പകല്‍ സമയം കൂടുന്നു. കൂടുതല്‍ സമയം പ്രകൃതിയില്‍ നിന്ന് തന്നെ പകല്‍ വെളിച്ചം ലഭിക്കുന്നതിനാല്‍ വൈദ്യുതി ലൈറ്റുകള്‍ അധികം ഉപയോഗിക്കേണ്ടി വരില്ല. അതിലൂടെ വൈദ്യുതി ലാഭിക്കാം.

സമയം മാറുന്നതോടെ ട്രാഫിക്ക് കുരുക്കില്‍ നഷ്ടപ്പെടുന്ന സമയം ഒരു പരിധി വരെ കുറയുമെന്നതാണ് മറ്റൊരു നേട്ടമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. പകല്‍ സമയം വര്‍ദ്ധിക്കുന്നതോടെ ആളുകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലരും രോഗമുക്തരുമാമാകുമെന്നും ആരോഗ്യവിദഗ്ദര്‍ പറയുന്നു. ലൈംഗികോന്മേഷം വര്‍ദ്ധിക്കുകയും വിഷാദരോഗങ്ങള്‍ കുറയുകയും ചെയ്യുമെന്നതാണ് മറ്റൊരു കാര്യമെന്നാണ് വിദഗ്ദര്‍ പറയുന്നു !

ഇന്ന് ഉറങ്ങാന്‍ പോകും മുമ്പേ നിങ്ങളുടെ ക്ലോക്കില്‍ സമയം ഒരു മണിക്കൂര്‍ മുമ്പോട്ടാക്കാന്‍ മറക്കേണ്ട. സ്മാര്‍ട്ട് ഫോണുകളില്‍ തനിയെ സമയം തനിയെ മാറിക്കൊള്ളും.

Scroll To Top