Saturday December 10, 2016
Latest Updates

ലൂക്കനിലെ കോളജ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷം അക്രമാസക്തമായി :പിറന്നാള്‍കാരിയുടെ അപ്പനും അമ്മയ്ക്കും പരിക്ക്

ലൂക്കനിലെ കോളജ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷം അക്രമാസക്തമായി :പിറന്നാള്‍കാരിയുടെ അപ്പനും അമ്മയ്ക്കും പരിക്ക്

ഡബ്ലിന്‍ :ലൂക്കനിലെ കോളജ് കുമാരിയുടെ 16 മത് പിറന്നാള്‍ ആഘോഷത്തിനായി ഫെയ്‌സ്ബുക്കിലെ ക്ഷണം കലാശിച്ചത് കൂട്ടയടിയിലും കൊള്ളിവെപ്പിലും. ലൂക്കനിലെ ഫോക്‌സ്‌ഡെന്‍ എസ്റ്റേറ്റിലെ ഓവന്‍ ഓസിഫ എന്ന സ്ത്രീ തന്റെ മകള്‍ക്കായി വെള്ളിയാഴ്ച്ച നടത്തിയ പിറന്നാള്‍ ആഘോഷത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

കുറച്ച് പെണ്‍കുട്ടികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഡിജെയായിരുന്നു ലൂക്കനിലെ ചടങ്ങിന് ഏര്‍പ്പെടുത്തിയിരുന്നത്. പിറന്നാളാഘോഷത്തിനുള്ള ക്ഷണം ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ചടങ്ങിന്റെ വാര്‍ത്ത വൈറലായി. ചടങ്ങില്‍ പങ്കെടുക്കാന്‍ 250ഓളം കൗമാരക്കാര്‍ കൂട്ടമായെത്തുകയും പരിപാടി അലങ്കോലമാക്കുകയും  ബാല്‍ഗാഡി റോഡിലെ ഫോക്‌സ്‌ഡെന്‍ എസ്റ്റേറ്റിലെ ഇവരുടെ വീട് കൊള്ളയടിക്കുകയും ചെയ്തു.

കണ്ണില്‍ കണ്ടതെല്ലാം കൊള്ള ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ഗൃഹനാഥന്‍ ഇഗോസയെ അക്രമികള്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും മദ്യക്കുപ്പികൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു. വീട്ടിലെ ടിവി കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ഭര്‍ത്താവിന്റെ കഴുത്തില്‍ കത്തിവെക്കുകയും തടഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഒസിഫ പറയുന്നു. ദമ്പതികളുടെ 11 വയസ്സുകാരനായ മകനെ ഭീത്തിയിലിടിച്ചു. വീട്ടിലെ സാധനങ്ങളെല്ലാം അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.ഒസീഫയുടെ തലയ്ക്കിട്ടും കുപ്പി വെച്ച് അടികിട്ടി.

അക്രമികള്‍ എവിടെനിന്ന് വന്നവരാണെന്ന് തങ്ങള്‍ക്കറിയില്ല വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നാണ്  ആക്രമികളില്‍ അധികവും വീട്ടിലെത്തിയത്. മകളുടെ 16ാം പിറന്നാളിന് കൂട്ടുകാരെ മാത്രമാണ് ചടങ്ങിന് ക്ഷണിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു.

സംഭവത്തിന് ശേഷം രാത്രി എട്ടുമണിക്ക് 200ഓളം വരുന്ന സംഘം പ്രദേശത്തെ റോഡില്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ഥികളും ക്ഷണിതാക്കളായി എത്തുന്ന ഇത്തരം പാര്‍ട്ടികളില്‍ ചില സ്ഥലങ്ങളില്‍ അക്രമം പതിവാണെന്ന് പറയപ്പെടുന്നു.അത് കാരണം കൊണ്ട് തന്നെ മിക്കവരും ഇത്തരം ബര്‍ത്ത് ഡേ പാര്‍ട്ടികള്‍ ഒഴിവാക്കുകയാണത്രേ 

Scroll To Top