Friday May 25, 2018
Latest Updates

കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം,രാജ്യമെങ്ങും അതീവ ജാഗ്രത

കാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം,രാജ്യമെങ്ങും അതീവ ജാഗ്രത

ജമ്മു :കശ്മീരിലെ അഖ്നൂരില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്ക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കു തുടങ്ങിയ വെടിവയ്പ് നേരം പുലര്‍ന്നിട്ടും തുടരുകയാണ്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാലുതവണയാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്..
ഇതേസമയം, ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാല്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഇന്ത്യയുമായുള്ള വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി പാകിസ്ഥാന്‍ സ്ഥാനപതി സമീപിച്ചപ്പോഴാണ് ബാന്‍ കി മൂണ്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഉറി ഭീകരാക്രമണവും ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും സമ്മതിച്ചാല്‍ കാഷ്മീര്‍ പ്രശ്നം അടക്കമുള്ള വിഷയങ്ങളില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയാറാണെന്ന് ജനറല്‍സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന പാകിസ്ഥാന്‍ നടത്തിയത് നിരുത്തവാദപരമായ പ്രസ്താവനയാണെന്ന് പാക്കിസ്ഥാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലയിരുത്തി. പാക് നടപടി ഗൗരവമേറിയതും ആശങ്ക ഉളവാക്കുന്നതുമാണ്. അണ്വായുധങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.

ആവശ്യം വന്നാല്‍ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ക്വാജ മുഹമ്മദ് ആസിഫ് പ്രാദേശിക ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ പ്രസ്താവനയില്‍ ആശങ്ക രേഖപപ്പെടുത്തിയിരുന്നു.

ജിഹാദികള്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ മറിച്ചാല്‍ അണ്വായുധം അവരുടെ പക്കലെത്തും. അതോടെ അണ്വായുധ ചാവേറുകള്‍ ഉണ്ടാകും. അത്തരമൊരു ഭീതിദമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും ഹില്ലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉറി ഭീകരാക്രമണം തടയുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഉറിയിലെ കരസേനാ ബ്രിഗേഡ് കമാന്‍ഡര്‍ ഉമാ ശങ്കറിനെ മാറ്റി. പുതിയ ബ്രിഗേഡ് കമാന്‍ഡറായി കിലോ ഫോഴ്സ് ലഫ്റ്റനന്റ് കേണല്‍ എസ്.പി. അഹലവാത് എത്തിയേക്കും.

വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പാക് ഭീകരര്‍ ആഞ്ഞടിച്ചേക്കുമെന്ന സംശയത്തില്‍ രാജ്യമെമ്പാടും സുരക്ഷ കര്‍ക്കശമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം കൈക്കൊണ്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി, സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിര്‍ദേശം ലഭിച്ചാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ പറന്നുയരാന്‍ കഴിയുന്ന വിധത്തില്‍ സജ്ജരാകാന്‍ വ്യോമസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ കമാന്‍ഡിലെ സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു.

പ്രശ്നബാധിത പ്രദേശങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, മറ്റു പ്രധാന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി.

അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ ഫലം കാണുന്നു. ഇസ്ലാമാബാദില്‍ നടക്കാനിരുന്ന 19-ാമത് സര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് മാലദ്വീപും പിന്മാറി. അംഗരാജ്യങ്ങള്‍ എല്ലാം പങ്കെടുത്താല്‍ മാത്രമേ സമ്മേളനം നടത്താവൂ എന്ന് മാലദ്വീപ് അറിയിച്ചു.

ഇന്ത്യ വിട്ടുനിന്നതോടെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സാര്‍ക്ക് സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നിരുന്നു. ഇസ്ലാമാബാദില്‍ നവംബര്‍ 16ന് സാര്‍ക്ക് സമ്മേളനം ആരംഭിക്കാനാണു നിശ്ചയിച്ചിരുന്നത്

Scroll To Top