Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങണമെങ്കില്‍ ഐറിഷ് പൗരത്വം വേണമെന്ന് ബാങ്കുകള്‍:മലയാളികളും പ്രതിസന്ധിയില്‍ 

അയര്‍ലണ്ടില്‍ വീട് വാങ്ങണമെങ്കില്‍ ഐറിഷ് പൗരത്വം വേണമെന്ന് ബാങ്കുകള്‍:മലയാളികളും പ്രതിസന്ധിയില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരുടെ ഭവനസ്വപ്നങ്ങള്‍ക്ക് മുമ്പില്‍ പുതിയ വെല്ലുവിളിയുയര്‍ത്തി ചില ബാങ്കുകള്‍ നിലപാട് മുറുക്കുന്നതായി വെളിപ്പെടുത്തല്‍.അയര്‍ലണ്ടിലെ പ്രധാനബാങ്കായ എ ഐ ബി അടക്കമുള്ള ഏതാനം ബാങ്കുകളാണ് കഴിഞ്ഞ മാസം മുതല്‍ അലിഖിതമായ പുതിയ നിര്‍ദേശങ്ങളുമായി ഉപഭോക്താക്കളെ മടക്കി അയയ്ക്കുന്നത്.

മോര്‍ട്ട്‌ഗേജിന് അര്‍ഹതയ്ക്കായി പൗരത്വം വേണമെന്ന് നിര്‍ബന്ധമില്ലന്ന് ബാങ്ക് അധികാരികള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും മലയാളികള്‍ അടക്കമുള്ളവരെ ഇതേ കാരണത്താല്‍ ലോണ്‍ അനുവദിക്കാന്‍ ആവില്ലെന്ന് പറഞ്ഞുതന്നെ മടക്കി അയച്ചതായി ഡബ്ലിനിലെ ഏതാനം അപേക്ഷകര്‍ ഐറിഷ് മലയാളിയെ അറിയിച്ചു.സുരക്ഷിതമായ ജോലിസ്ഥിരതയുള്ള ആശുപത്രികളില്‍ ആറുവര്‍ഷത്തില്‍ അധികം ജോലി ചെയ്തവര്‍ പോലും ഇക്കൂട്ടത്തില്‍ പെടുന്നു.

പൗരത്വം നേടാനുള്ള അവകാശ കാലാവധി കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് പൗരത്വം എടുക്കാത്തത് എന്നാണ് ഇത്തരക്കാരോട് ബാങ്ക് ഉയര്‍ത്തുന്ന പ്രധാന ചോദ്യം.ഇനിയും വിസ പുതുക്കി നല്‍കും എന്ന രേഖാമൂലമുള്ള ഉറപ്പ് ഇമിഗ്രേഷന്‍ അധികൃതരില്‍ നിന്ന് ലഭിച്ചാല്‍ ലോണ്‍ അനുവദിക്കാം എന്നായിരുന്നു ഇവരോട് ഒരു ബാങ്കിന്റെ നിലപാട്.ഇതേ തുടര്‍ന്ന് ഇമിഗ്രേഷന്‍ അധികൃതരെ സമീപിച്ച ഇവര്‍ക്ക് വിസ പുതുക്കി നല്കാന്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ അര്‍ഹതയുണ്ടെന്നും എന്നാല്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരിശോധനയ്ക്ക് ശേഷമേ അന്തിമ തീരുമാനം നല്കാന്‍ ആവുകയുള്ളൂ എന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ സര്‍ട്ടിഫിക്കേറ്റും നല്‍കി.ഇതോടെ ലോണ്‍ അപേക്ഷ തള്ളാതെ നിവൃത്തിയില്ലെന്ന് ബാങ്കുകള്‍ അറിയിക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ എ ഐ ബിയും പെര്‍മനറ്റ് ടി എസ് ബിയും ഇതേ ഉപഭോക്താക്കള്‍ക്ക് വായ്പ നല്കാമെന്നു അറിയിച്ചതിന്റെ വെളിച്ചത്തില്‍ ഒരാള്‍ 5000 യൂറോയും,മറ്റൊരാള്‍ 10,000 യൂറോയും വീടിനായി അഡ്വാന്‍സും നല്കിയിരുന്നു.എന്നാല്‍ ബാങ്ക് വായ്പ നിഷേധിച്ചതോടെ ഇവരുടെ ഭവനപ്രതീക്ഷകള്‍ പൊലിഞ്ഞു.ഇരുവരുടെയും പങ്കാളികള്‍ ഐറിഷ് പൗരത്വം സ്വീകരിച്ചവരും ഭവനവായ്പയില്‍ കൂട്ടപേക്ഷകരും ആയിരുന്നു.

എന്നാല്‍ ഐറിഷ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന്റെ തെളിവുകളുമായി വീണ്ടും അപേക്ഷിച്ചാല്‍ ലോണ്‍ നല്‍കാമെന്നും മറ്റ് അയോഗ്യതകള്‍ ഒന്നുമില്ലെന്നും ബാങ്ക് അധികാരികള്‍ ഇവര്‍ക്ക് ഉറപ്പു നല്കിയിട്ടുണ്ട്.

പൗരത്വം സ്വീകരിക്കാത്ത മോര്‍ട്ട്‌ഗേജ് ഉടമകള്‍ ലോണ്‍ അടവുകളില്‍ മുടക്കം വരുത്തിയതിന് ശേഷം വീട് തന്നെ ഉപേക്ഷിച്ചു നാടുവിട്ടു പോകുന്ന പ്രവണത വര്‍ദ്ധിച്ചതിനാലാണ് ബാങ്കുകള്‍ പുതിയ നിലപാടിലേയ്ക്ക് പോകുന്നത് എന്നാണ് സൂചനകള്‍.

















Scroll To Top