Wednesday May 23, 2018
Latest Updates

പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി കൊച്ചി വിമാനത്താവളത്തിലെ പടുകൂറ്റന്‍ രാജ്യാന്തര ടെര്‍മിനല്‍ നാളെ ഉദ്ഘാടനം ചെയ്യും

പ്രവാസി മലയാളികള്‍ക്ക് അഭിമാനമായി കൊച്ചി വിമാനത്താവളത്തിലെ പടുകൂറ്റന്‍ രാജ്യാന്തര ടെര്‍മിനല്‍ നാളെ ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍: പ്രവാസികള്‍ക്ക് കൊച്ചിയില്‍ വിമാനമിറങ്ങാന്‍ ഇനി പുതിയ ടെര്‍മിനല്‍. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ ഒരുങ്ങുന്നു. ടെര്‍മിനല്‍ ത്രീ അഥവാ ടി3 എന്ന് പേരിട്ടിട്ടുള്ള പുതിയ ടെര്‍മിനല്‍ നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിനു സമര്‍പ്പിക്കും. ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ സിയാലിന്റെ വളര്‍ച്ചയില്‍ പുതിയ അധ്യായം രചിച്ചുകൊണ്ടാണ് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ ഒരുങ്ങുന്നത്. പുതിയ ടെര്‍മിനലില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ നിലവിലുള്ള രാജ്യാന്തര ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തര ടെര്‍മിനലാ യി മാറും. നിലവില്‍ ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പ്രവര്‍ത്തിക്കുന്ന ആഭ്യന്തര ടെര്‍മിനലിന് അതോടെ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാകും.CI
2014 ഫെബ്രുവരി ഒന്നിനാണ് സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ടിത്രീയ്ക്ക് തറക്കല്ലിട്ടത്. വെറും 24 മാസം കൊണ്ട് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ലോകോത്തര നിലവാരമുള്ള പടുകൂറ്റന്‍ ടെര്‍മിനലിന്റെ നിര്‍മാണം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയായത്. വിദേശ കമ്പനികള്‍ ഉള്‍പ്പെടെ മുപ്പതോളം കരാറുകാരും അയ്യായിരത്തിലധികം തൊഴിലാളികളും ഒരു ദിവസം പോലും മുടങ്ങാതെ രാപ്പകല്‍ അധ്വാനിച്ചാണ് സിയാലിന്റെ മൂന്നാം ടെര്‍മിനല്‍ സാധ്യമാക്കിയത്. സിയാല്‍ മാനെജിങ് ഡയറക്റ്റര്‍ വി.ജെ. കുര്യന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എ.എം. ഷബീറിനായിരുന്നു എന്‍ജിനീയറിങ് വിഭാഗങ്ങളുടെ മേല്‍നോട്ടച്ചുമതല.
സിയാലിന്റെ ആദ്യ ടെര്‍മിനലിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ച കേരള സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോയാണ് ടിത്രീയുടേയും കണ്‍സള്‍ട്ടന്റ്.
മൊത്തം ആയിരം കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ടെര്‍മിനലിനെക്കൂടാതെ 34 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഫ്‌ളൈ ഓവറിന്റെ പണിയും പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് നിലകളിലായാണ് ടി3യുടെ പ്രവര്‍ത്തനം. മൂന്നാം നിലയിലാണ് പുറപ്പെടല്‍ വിഭാഗം. ഫ്‌ളൈ ഓവറിലൂടെ വാഹനങ്ങള്‍ക്ക് നേരിട്ട് പുറപ്പെടല്‍ ഭാഗത്തെത്താം. ഇവിടെ ചെക്ക്ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ എയ്‌റോബ്രിഡ്ജിലൂടെ വിമാനത്തില്‍ കയറാം. രണ്ടാം നില എയ്‌റോ ബ്രിഡ്ജ് കണക്റ്റിവിറ്റിക്കുള്ളതാണ്. വിദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ വിമാനമിറങ്ങി താഴത്തെ നിലയിലെത്തും. കസ്റ്റംസ് ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ ഇവിടെയാണ്. നടപടികള്‍ പൂര്‍ത്തിയായാല്‍ വോക്ക്ത്രൂ ഡ്യൂട്ടിഫ്രീ ഷോപ്പിലൂടെ കടന്ന് പുറത്തിറങ്ങാനാകും. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ അര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വോക്ക്ത്രൂ ഡ്യൂട്ടിഫ്രീയാണ് യാത്രക്കാര്‍ക്കായി സിയാല്‍ ഒരുക്കുന്നത്.
ആഗോളവും തദ്ദേശീയവുമായ നിരവധി കലാരൂപങ്ങളെ സമന്വയിപ്പിച്ചാണ് സിയാല്‍ ടി3യുടെ അകച്ചമയം ഒരുക്കിയിട്ടുള്ളത്.
ഇതിന്റെ ആദ്യഘട്ടമായി പൂരക്കാഴ്ചയും സജ്ജീകരിച്ചു. യഥാര്‍ഥ വലുപ്പത്തില്‍ ഫൈബറില്‍ തയാറാക്കിയ 15 ആനകള്‍ ടെര്‍മിനലില്‍ ഇതിനകം എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിവസം പൂരത്തിന്റെ ഗാംഭീര്യവും ഗരിമയും ടെര്‍മനലിനുള്ളിലുണ്ടാകും. ഒപ്പം പൂര സമ്പ്രദായം അനുസരിച്ചുള്ള കുടമാറ്റവും. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുന്നതോടെ ആഴ്ചയിലൊരിക്കല്‍ ടി3യില്‍ കുടമാറ്റമുണ്ടാകും. ഓരോ ആഴ്ചയിലും വൈവിധ്യ നിറ സമൃദ്ധിയില്‍ പൂരം നുകര്‍ന്ന് യാത്രക്കാര്‍ക്ക് ഇവിടെനിന്നു പറന്നുയരാം. തൃശൂര്‍ പുതൂര്‍ക്കര തേക്കിന്‍കാട് വീട്ടില്‍ ചന്ദ്രനാണ് സിയാലിനുവേണ്ടി ഫൈബര്‍ ആനകളെ നിര്‍മിച്ചത്. നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം, മുത്തുക്കുട, തിടമ്പ് എന്നിവയേന്തി പൂരപ്പൊലിമയിലാകും ടി3 ടെര്‍മിനലില്‍ ആനകള്‍ അണിനിരക്കുക.
ഇവയ്‌ക്കൊപ്പം നില്‍ക്കാന്‍ ഫൈബര്‍ പാപ്പാന്‍മാരുമുണ്ടാകും.
പുറമെ കേരളീയതയും അകത്ത് അത്യാധുനിക സൗകര്യങ്ങളുമായി ഒരുങ്ങുന്ന ടി3 യാത്രക്കാര്‍ക്ക് സിയാലിന്റെപുതുവത്സര സമ്മാനമാകുമെന്ന് സിയാല്‍ എംഡി വി.ജെ. കുര്യന്‍ പറയുന്നു. ‘എത്ര സങ്കീര്‍ണമായ പ്രോജക്റ്റും അസാധാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള കാര്യക്ഷമത സിയാലിനുണ്ട്. വന്‍കിട വിമാനത്താവളങ്ങളുമായി താരതമ്യം ചെയ്താല്‍ ഏറെ ചെലവുകുറഞ്ഞ രീതിയിലാണ് ടി3 പണികഴിപ്പിക്കുന്നത്. 2008ല്‍ 54 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനല്‍ പതിമൂവായിരം കോടി രൂപ ചെലവിട്ടാണ് പണി കഴിപ്പിച്ചത്. എന്നാല്‍, സിയാലിന്റെ ടി3യ്ക്ക് 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്. ചെലവ് ആയിരം കോടി രൂപയില്‍ താഴെ മാത്രം. നിര്‍മാണച്ചെലവ് യാത്രക്കാര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതാകരുതെന്ന നിര്‍ബന്ധബുദ്ധി സിയാലിനുണ്ട്, കുര്യന്‍ പറയുന്നു.
നിലവില്‍ കെട്ടിട സമുച്ചയമാണ് ഉദ്ഘാടനം ചെയ്യുന്നത്. കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുടങ്ങുമ്പോള്‍ ഏത് വന്‍കിട വിമാനത്താവളവുമായും കിടപിടിക്കാവുന്ന സൗകര്യം സിയാല്‍ ടി3യില്‍ ഉണ്ടാകും. ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് എയ്‌റോബ്രിഡ്ജുകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ ഇത് പൂര്‍ത്തിയാകും. മേയ് 25ന് ടെര്‍മിനല്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന് സമ്പൂര്‍ണ സജ്ജമാകും. പുതിയ ടെര്‍മിനലും അനുബന്ധ സൗകര്യങ്ങളുമുള്‍പ്പെടെ 1500 കോടിയോളം രൂപയുടെ പ്രോജക്റ്റുകളാണ് സിയാലില്‍ ഒരുങ്ങുന്നത്. ചുരുങ്ങിയ കാലയളവില്‍ സിയാലിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇതൊരു തുടര്‍ പ്രക്രിയയാണെന്നും കുര്യന്‍.
കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ 74.16 ലക്ഷം പേര്‍ സിയാലിലൂടെ യാത്ര ചെയ്തു. തൊട്ടു മുന്‍ വര്‍ഷം ഇത് 61.045 ലക്ഷമായിരുന്നു. അതായത് 21.48% വര്‍ധന. 24 വിമാനക്കമ്പനികളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്. 56,196 വിമാന സര്‍വീസുകളാണ് ഈ വിമാനത്താവളം വഴി നടന്നത്. ഇക്കാര്യത്തില്‍ എട്ടു ശതമാനമാണ് വാര്‍ഷിക വളര്‍ച്ചാ നിരക്ക്.
യാത്രക്കാരുടെയും വിമാനസര്‍വീസുകളുടെയും എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധനയാണ് പുതിയ രാജ്യാന്തര ടെര്‍മിനല്‍ പണികഴിപ്പിക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്. നിലവില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനവും, മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഏഴാം സ്ഥാനവും സിയാലിനുണ്ട്. പുതിയ രാജ്യാന്തര ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയില്‍ സിയാല്‍ നിര്‍ണായക ശക്തിയായി മാറും

Scroll To Top