Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ പ്രവാസികളും ക്രിസ്മസ് ആഘോഷ നിറവില്‍ 

അയര്‍ലണ്ടിലെ പ്രവാസികളും ക്രിസ്മസ് ആഘോഷ നിറവില്‍ 

ഡബ്ലിന്‍:നന്മയുടെയും സ്‌നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ പിറവി തിരുനാള്‍ ആഘോഷങ്ങള്‍ തുടങ്ങി.ഡബ്ലിനിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നലെ ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തപ്പെട്ട തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.വീടുകളിലും കൂട്ടായ്മകളിലും സന്തോഷത്തിന്റെ നിറവില്‍ കേക്ക് മുറിച്ചും സദ്യയൊരുക്കിയും ക്രിസ്മസ് ആചരിച്ചു.

താലയിലെ സെന്റ് മാര്‍ക്ക് ദേവാലയം, സെന്റ് വിന്‍സന്റ്‌സ് മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയം, ബ്ലാന്‍ചാര്‍ഡ്‌സ്‌ടൌണിലെ ലിറ്റില്‍ പേസ് മേരി മദര്‍ ഓഫ് ഹോപ് ദേവാലയം,ഇഞ്ചികോറിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയം, സ്വോഡ്‌സിലെ സെന്റ്ഫീനിയന്‍സ് ദേവാലയം, എന്നിവിടങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ തിരുപ്പിറവിയുടെ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടന്നു.
ഡബ്ലിന്‍ സിറ്റി മേഖലയിലുള്ള ഫിസ്‌ബോറോ സെന്റ് പീറ്റര്‍ ദേവാലയത്തില്‍ ഇന്ന് (25ന്)ഉച്ചകഴിഞ്ഞ് 02.30 നു ക്രിസ്മസ് കുര്‍ബാന അര്‍പ്പിക്കപ്പെടും.
അയര്‍ലണ്ടിലെ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ക്രിസ്തുമസ് വി.കുര്‍ബാന ഇന്നലെ വൈകുന്നേരം താല സെ.മലൂരിയന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടു.സെന്റ് മേരീസ് സീറോ മലങ്കര ചര്‍ച്ചിന്റെ യെല്‍ദാ തിരുനാള്‍ ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ക്രംലിനിലെ WSAF ഹാളില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു.

യാക്കോബായ സഭയുടെ ആഭിമുഖ്യത്തിലുള്ള തിരുപ്പിറവി അനുസ്മരണ ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് സുറിയാനി യാക്കോബായ പള്ളിയിലായിരുന്നു.ഡബ്ലിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഈ വര്‍ഷത്തെ യെല്‍ദ ശുശ്രൂഷകളും ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാനയും ഇന്നലെ നടത്തപ്പെട്ടു. 

കോര്‍ക്കിലും സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പിറവിത്തിരുനാള്‍ ആഘോഷിച്ചു.ലൂക്കനിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ യെല്‍ദാ തിരുനാള്‍ ശുശ്രൂഷകള്‍ ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലുള്ള പ്രിസ്ബറ്റെറിയന്‍ പള്ളിയില്‍ ആചരിച്ചു.

സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലീമറിക്കില്‍ ഇന്നാണ് ക്രിസ്മസ് ശിശ്രൂഷകള്‍ നടത്തപ്പെടുക.ഗോള്‍വേ സെന്റ് തോമസ് പാരീഷില്‍ നാളെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍.

Scroll To Top