Tuesday December 06, 2016
Latest Updates

ആഘോഷം തുടങ്ങി,അയര്‍ലണ്ടില്‍ ഇനി ക്രിസ്മസ് കാലം

ആഘോഷം തുടങ്ങി,അയര്‍ലണ്ടില്‍ ഇനി ക്രിസ്മസ് കാലം

ലോകം ഇനി ക്രിസമസ് ആഘോഷത്തിന്റെ നടുവിലേയ്ക്ക്. അയര്‍ലണ്ടിന്റെ നാനാഭാഗത്തുമായി വരുംദിവസങ്ങളില്‍ നിരവധി പരിപാടികളാണ് ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നടക്കാനിരിക്കുന്നത്.ഡബ്ലിന്‍ നഗരത്തിലെ സ്മിത്ത്ഫീല്‍ഡ്, ഒ കോണല്‍ സ്ട്രീറ്റ് എന്നിവ ദീപങ്ങളാല്‍ അലംകൃതമാക്കി കഴിഞ്ഞു.

നക്ഷത്രവിളക്കുകള്‍ പതിവല്ലെങ്കിലും ക്രിസ്മസ് ട്രീകള്‍ എങ്ങും കാണാനായി.പതിനായിരക്കണക്കിന് ക്രിസ്മസ് ട്രീകളാണ് വില്‍പ്പനയ്ക്കായി അയര്‍ലണ്ടില്‍ എമ്പാടും തയാറാക്കി വെച്ചിരിക്കുന്നത്.ഡബ്ലിനിലെ ഹെന്‍ട്രി സ്ട്രീറ്റിലെ കടകളില്‍ ക്രിസ്മസ് ദീപാലങ്കാരങ്ങളുടെ വില്‍പ്പന ആരംഭിച്ചു.

നവംബര്‍ അവസാനിച്ചില്ലെങ്കിലും ചില സ്ഥലങ്ങളില്‍ ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി കഴിഞ്ഞു.അയര്‍ലണ്ടിലെ മലയാളികളും പള്ളികളുടെയും പ്രദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ക്രിസ്മസ് കരോളുകള്‍ക്ക് ഒരുക്കം തുടങ്ങിയിട്ടുണ്ട്.

സൗജന്യ പ്രവേശനമുള്ള രണ്ടു പ്രധാന ക്രിസ്മസ് ഇവന്റുകള്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

നവംബര്‍ 27 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ സ്റ്റില്ലോര്‍ഗന്‍ റോഡിലെ ടാല്‍ബോട്ട് ഹോട്ടലില്‍(പഴയ സ്റ്റില്‍ഓര്‍ഗന്‍ പാര്‍ക് ഹോട്ടല്‍)ഒരുക്കുന്ന ‘സമാറില്‍’ അമ്പതോളം കലാകാരന്‍മാരാണ് അണിനിരക്കുന്നത്.

കൗണ്ടി മീത്തിലെ ഡണ്‍ബോയിനിലാണ് എക്യൂമിനിക്കല്‍ ക്രിസ്മസ് കരോള്‍ സായാഹ്നം ശുബഹോ ഒരുക്കുന്നത്. ഡിസംബര്‍ 3 ന് നടത്തപ്പെടുന്ന ശുബഹോയില്‍ പങ്കെടുക്കാന്‍അയര്‍ലണ്ടിലെ മിക്ക സഭകളും ഇടവകകളും എത്തുന്നുണ്ട്.

ഡബ്ലിനിലെ തെരുവ് ഗായകര്‍ പതിവ് അടിപൊളി പാട്ടുകള്‍ക്ക് പകരം ക്രിസ്മസ് ശാന്തിയുടെ പാട്ടുകള്‍ ഒരുക്കിയാണ് യാത്രികരെ സന്തോഷിപ്പിക്കുന്നത്.

ലിമറിക്ക്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങള്‍ ഈയാഴ്ച ക്രിസ്മസ് വെളിച്ചത്തിലേക്ക് നീങ്ങും.ലിമറിക്കിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇന്ന് വൈകിട്ട് 4.30ഓടെ ബ്രൗണ്‍ തോമസ് ഒ കോണല്‍ സ്ട്രീറ്റില്‍ തുടക്കമാകും. ആഘോഷത്തിന് സാന്റാക്ലോസും എത്തുന്നുണ്ട്. ഈ വര്‍ഷമാദ്യം ആറുനില വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ്, അത്ഭുതകരമായി രക്ഷപ്പെട്ട മൂന്നു വയസ്സുകാരനായ നീല്‍ ഷാനഹനാണ് ഇവിടെ ആദ്യമായി വിളക്കുകൊളുത്തുക.

ബെല്‍ഫാസ്റ്റിലെ തെരുവുകള്‍ ഇപ്പോള്‍ത്തന്നെ വര്‍ണ്ണവിളക്കുകളാല്‍ നിറഞ്ഞിരിക്കുകയാണ്. ഗോള്‍വേയിലും ആഘോഷം തുടങ്ങിക്കഴിഞ്ഞു. സംഗീതവും, ഭക്ഷണവും, പാനീയങ്ങളുമെല്ലാമായി ഡിസംബര്‍ അവസാനം വരെ ഇവിടെ ആഘോഷങ്ങള്‍ പൊടിപൊടിക്കും.

അടുത്തയാഴ്ച നടക്കുന്ന വിന്റര്‍വെല്‍ ഫെസ്റ്റിവലോടെ വാട്ടര്‍ഫോര്‍ഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 500,000 സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

Scroll To Top