Thursday September 21, 2017
Latest Updates

ക്രിസ്തുമസ് :ഹൈജാക്ക് ചെയ്യപ്പെട്ട ഒരു ജന്മദിനം !( സെബി സെബാസ്റ്റ്യന്‍ )

ക്രിസ്തുമസ് :ഹൈജാക്ക്  ചെയ്യപ്പെട്ട ഒരു ജന്മദിനം !( സെബി സെബാസ്റ്റ്യന്‍ )

PONNUNNIവീണ്ടും ഒരു ക്രിസ്മസ് കാലം വരവായി!! സന്തോഷത്തിന്റെയും സമ്മാനങ്ങളുടെയും ദിനങ്ങള്‍!! ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ മനസ്സില്‍ ആദ്യം എത്തുന്ന ചിത്രം ആരുടേതാണ് ? കാലിത്തൊഴുത്തില്‍ ജനിച്ചു കിടക്കുന്ന ഉണ്ണിയേശുവിന്റെയോ ,അതോ, നരച്ചുനീണ്ട തലമുടിയും താടിരോമവുമുള്ള വട്ടകണ്ണട വച്ച ,ചുവന്ന വസ്ത്രം ധരിച്ച തോളില്‍ സഞ്ചിയുമായി നില്‍ക്കുന്ന സാന്തക്ലോസിന്റെയോ ?

ക്രിസ്മസ് യേശുവിന്റെ ജന്മദിനമാണ്.എന്നാല്‍ യേശുവെനെക്കാള്‍ സാന്തക്ലോസിനു പ്രാധാന്യമുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്മസ് സാന്താക്ലോസിന്റെ ജന്മദിനമാണോ എന്ന് കുട്ടികള്‍ ചോദിച്ചാലും അത്ഭുതപ്പെടെണ്ടതില്ല.ഇത്രയും പ്രാധാ ന്യം സാന്തക്ലോസിനു എങ്ങനെ വന്നുചേര്‍ന്നു? തുര്‍ക്കിയിലെ ‘മൈറ’ എന്ന സ്ഥലത്ത് നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ധനികനായ St. Nicholas എന്ന ബിഷപ്പാണ് സാന്താക്ലോസിന്റെ മോഡലായി തീര്‍ന്നത്. ദരിദ്രര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ആ ബിഷപ്പ് കുട്ടികളുടെ കഥയിലെ സാന്തക്ലോസായി തീര്‍ന്നു. 

മഞ്ഞു പെയ്യുന്ന നോര്‍ത്ത് പോളില്‍ നിന്ന് റയിന്‍ ഡിയറുകള്‍ ഓടിക്കുന്ന വണ്ടിയില്‍ കയറി സമ്മാനപൊതികളുമായി യാത്രതിരിക്കുന്ന സന്താക്ലോസ് വീടിന്റെ ചിമ്മിനിയില്‍ കൂടി ഓരോ കുട്ടിക്കുമുള്ള സമ്മാന പൊതികള്‍ നിക്ഷേപിക്കുന്നു. ഈ മനോഹരമായ സാങ്കല്പിക കഥയില്‍ ലയിക്കുന്ന കുട്ടികള്‍ 2000 വ ര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യഥാര്‍ഥ സംഭവം പതുക്ക പതുക്കെ വിസ്മരിക്കുന്നു .കുറെ വര്‍ഷങ്ങള്‍കൂടി കഴിയുമ്പോള്‍ ഒരു പക്ഷെ ക്രിസ്തുമസിനു യേശുവിന്റെ നാമം പൂര്‍ണമായും വിസ്മരിക്കപെട്ടേക്കാം !! 

‘സ്‌നേഹം’ എന്ന ആയുധവുമായി യുദ്ധത്തിനിറങ്ങിയ വിപ്ലവകാരിയാണ് യേശു .ലോകം അതിനു മുന്‍പും അതിനു ശേഷവുംഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത യുദ്ധമുറ.സ്‌നേഹം കൊണ്ട് ലോകത്തെ കീഴ്‌പെടുത്താന്‍ വന്നവന്റെ ജന്മദിനമാണ് ക്രിസ്മസ് .സ്വയം തന്നെ തന്നെ മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്കിയവന്റെ ജന്മദിനം. ഒന്നും സ്വീകരിക്കാതെ എല്ലാം മറ്റുള്ളവര്‍ക്ക് കൊടുത്തവന്റെ ജന്മദിനം.യേശു ജനിച്ചതും ജീവിച്ചതും തികച്ചും ദരിദ്രമായ ചുറ്റുപാടിലാണ് .ആ ജന്മദിനം നാം ആഘോ ഷിക്കുന്ന വിധം എത്ര പരിതാപകരമാണ്. 
പത്രങ്ങളിലും, ടിവിയി ലും, റേഡിയോവിലും എല്ലാംതന്നെ ക്രിസ്മസ് ഷോപ്പിംഗ്, ക്രിസ്മസ് ഗിഫ്റ്റ്, ക്രിസ്മസ് പാര്‍ട്ടി, ക്രിസ്മസ് ഡിന്നര്‍ ,ക്രിസ്മസ് ബുക്കിംഗ്, സാന്താക്ലോസ് തുടങ്ങിയ വാക്കുകള്‍ മാത്രമേ ഉള്ളു. ഭൂതകണ്ണാടി വച്ച് പരിശോധി ച്ചാല്‍ പോലും ‘യേശു’ എന്ന വാക്ക് കാണാനുമില്ല ,കേള്‍ക്കാനുമില്ല!! ഇതെല്ലം എങ്ങനെ സംഭവിച്ചു ? ആരാണ് ഇതുനു പുറകില്‍ എന്ന് ചിന്തിക്കുമ്പോള്‍ ആഗോള വത്കരണത്തിന്റെയും, ഉപഭോക്തൃ സംസ്‌കാരത്തിന്റെയും ഉപജ്ഞാതാക്കളും ഗുണഭോക്താക്കളുമായ കുത്തക കമ്പനികളിലേക്കും വന്‍കിട മുതലാളിമാരിലേക്കും നാം എത്തിചേരുന്നു .ഒരു ജന്മദിനത്തെ എത്ര തന്മയത്വ ത്തോടെയാണ് അവര്‍ ഹൈജാക്ക് ചെയ്‌തെടുത്തത് എന്ന് നോക്കൂ !!

ക്രിസ്തുമതം ഉണ്ണിയേശുവിന് പ്രാധാന്യം കൊടുക്കുമ്പോള്‍ വാണിജ്യ ശക്തികള്‍ സാന്തക്ലോസിനെ ഉയര്‍ത്തികൊണ്ട് വന്നു .. മതത്തിനുമേല്‍ നേടിയ വിജയം… കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചും പ്രലോഭിപ്പിച്ചും എല്ലാ വര്‍ഷവും ക്രിസ്മസ് കാലത്ത് ലോകത്ത് നടക്കുന്നത് കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് .ഇതിനുള്ളിലെവിടെയോ മറയപ്പെട്ടു കിടക്കുകയാണ് ഉണ്ണിയേശു..

ക്രിസ്മസ് രാത്രിയില്‍ സാന്തക്ലോസി ന്റെ നിറം പിടിപ്പിച്ച കഥകള്‍ കേട്ട് വര്‍ണ കടലാസില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ സ്വപ്നം കണ്ടുമയങ്ങി ഉറങ്ങുന്ന നമ്മുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് അറിയാം,ആ രാത്രിയില്‍ ‘യേശു’ എന്ന വലിയ സമ്മാനം ലോകത്തിനു ലഭിക്കാന്‍ പോകുന്നു എന്ന് ?തങ്ങള്‍ക്കു സമ്മാനം ലഭിക്കുമ്പോള്‍ ഉള്ള അതെ സന്തോഷം തന്നെ സമ്മാനം അര്‍ഹതയുള്ളവര്‍ക്ക് കൊടുക്കുംമ്പോഴും ലഭിക്കുമെന്ന സത്യം പ്രവര്‍ത്തിയിലൂടെ ഈ ക്രിസ്മസ്‌കാലത്ത് കുട്ടികളെ പഠിപ്പിച്ചു കൊടുക്കുന്നത് എത്ര നന്നായിരിക്കും.. 

അടുത്ത വര്‍ഷത്തെ ക്രിസ്മസ് വരുമ്പോഴേക്കും പൊട്ടിപോയി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ഒരു കളിപ്പാട്ടം ലഭിക്കുമ്പോള്‍ കിട്ടുന്നതിനെക്കളും എത്ര മനോഹരമായ അനുഭൂതിയായിരിക്കും ലോകത്തിലെ ദരിദ്രരെ സഹായിക്കുമ്പോള്‍ ലഭിക്കുക. പള്ളികളിലുടെയും, സ്‌കൂളുകള്‍ വഴിയും ,വിവിധ ചാരിറ്റി സ്ഥാപനങ്ങളിലുടെയും സാമ്പത്തിക സഹായങ്ങള്‍ക്കുള്ള അപേക്ഷകള്‍ വരുന്ന സമയമാണിത് .ഈ ക്രിസ്മസ് കാലത്ത് നമുക്ക് കുട്ടികളെ സമ്മാനങ്ങള്‍ കൊടുക്കാന്‍ പഠിപ്പിക്കാം .

seby sഅങ്ങനെ പുല്‍ത്തൊഴുത്തില്‍ ജാതനായ യേശുവിറെ സ്‌നേഹത്തിന്റെയും ദാരിദ്രത്തിന്റെയും നവ്യമായ അനുഭൂതി അവരും നുകരട്ടെ… പങ്കുവെക്കുമ്പോള്‍ ഇരട്ടിക്കുന്ന സ്‌നേഹം അവരും അനുഭവിക്കട്ടെ ..അങ്ങനെ ഉണ്ണിയേശു അവരുടെ കൊച്ചുമനസ്സുകളിലും ജനിക്കട്ടെ …

Sebi Sebastian Celbridge

 

Scroll To Top