Saturday December 10, 2016
Latest Updates

മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് ഛോട്ടാ ഷക്കീല്‍

മേമനെ തൂക്കിലേറ്റിയതിന് പകരം വീട്ടുമെന്ന് ഛോട്ടാ ഷക്കീല്‍

ഫോട്ടോ :ദാവൂദ് ഇബ്രാഹിം 

ന്യൂഡല്‍ഹി: യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു തക്കതായ തിരിച്ചടി നല്കുമെന്ന് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഛോട്ടാ ഷക്കീല്‍.

ടൈംസ് ഒഫ് ഇന്ത്യ ദിനപത്രത്തിലേക്കു വിളിച്ചാണ് ഷക്കീല്‍ തന്റെ ക്ഷോഭം പ്രകടിപ്പിച്ചതും ഭീഷണി മുഴക്കിയതും.

മേമന്റെ വധശിക്ഷയെ നിയമസാധുതയോടെയുള്ള കൊലപാതകമെന്നാണ് ഛോട്ടാ ഷക്കീല്‍ വിശേഷിപ്പിച്ചത്. യാകൂബ് മേമന്റെ മൂത്ത സഹോദരന്‍ ടൈഗര്‍ മേമനും ഛോട്ടാ ഷക്കീലുമായിരുന്നു 1993 മാര്‍ച്ചില്‍ മുംബയ് നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പര സൃഷ്ടിച്ചത്.

ഷക്കീല്‍ പറയുന്നു: ഇതു വഞ്ചനയാണ്. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ മാപ്പപേക്ഷിച്ച് ഇന്ത്യയിലേക്കു തിരിച്ചുവരാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായിരിക്കുന്നു. ഇന്ത്യന്‍ ഭരണകൂടത്തെ ഇനിയാരു വിശ്വസിക്കും? ഇന്ത്യയില്‍ വന്നു കീഴടങ്ങിയാല്‍ ദാവൂദ് ഭായിക്കും ഇതു തന്നെയാവില്ലേ വിധി? സഹോദരന്റെ പ്രവൃത്തിക്ക് ഒരു നിരപരാധിയെ നിങ്ങള്‍ തൂക്കിലേറ്റി. ഇതൊരു നിയമാനുസൃത കൊലപാതകം തന്നെയാണ്. അതിനാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ടൈഗര്‍ മേമന് ദാവൂദുമായി ബന്ധമുണ്ട്. പക്ഷേ, യാക്കൂബിന് അത്തരം ബന്ധങ്ങളൊന്നുമില്ല. യാക്കൂബ് ഇന്ത്യയിലേക്കു വന്നതു പോലും ഇന്ത്യന്‍ ഏജന്‍സികള്‍ കൊടുത്ത ഉറപ്പിന്റെ പുറത്താണ്.

സുപ്രീം കോടതിയെയും കേസിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികമിനെയും ഷക്കീല്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

Scroll To Top