Tuesday December 06, 2016
Latest Updates

അന്‍ട്രിമില്‍ കൊള്ളസംഘം,ചൈനീസ് റെസ്റ്റോറന്റ് ഉടമയെ ഭാര്യയുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി 

അന്‍ട്രിമില്‍ കൊള്ളസംഘം,ചൈനീസ് റെസ്റ്റോറന്റ് ഉടമയെ ഭാര്യയുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി 

ബല്ലിമെന : നോര്‍ത്തേന്‍ അയര്‍ലണ്ടിലെ  അന്‍ട്രിമില്‍ റെസ്റ്റോറന്റ് ഉടമയായ ചൈനക്കാരനെ ഭാര്യയുടെ മുന്നില്‍വച്ച് കഴുത്തറുത്ത് കൊന്നു.ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. അന്‍ട്രിമിലെ സ്ഥാപനത്തില്‍ നിന്ന് കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 65 കാരനെയാണ് കാറ് തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്.തുടര്‍ന്ന്അക്രമികള്‍ പണവുമായി കടന്നു. ബല്ലിമനിയിലെ താമസക്കാരനായിരുന്നു കൊല്ലപ്പെട്ട ചൈനീസ് പൌരന്‍.പണം തട്ടിയെടുക്കുന്നത് തടഞ്ഞപ്പോഴാണ് ഇവര്‍ക്ക് ക്രൂരമായ അക്രമണം നേരിടേണ്ടി വന്നത്.

ബല്ലിമനിയിലേക്ക് പോകുന്നതിനിടെ കാഡി രോഫില്‍ വച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് 31 കാരിയായ ഒരു യുവതിയും 29കാരനായ ഒരു യുവാവും അറസ്റ്റിലായി. പോലീസ് ഇവരെ ചോദ്യം ചെയ്തു വരുന്നു. ആക്രമണത്തിന് പിന്നില്‍ മോഷണമായിരുന്നു ഉദ്ദേശമെന്ന് അധികൃതര്‍ വ്യക്തമാക്കി. വംശീയ ആക്രമണമാണെന്ന് കരുതുന്നില്ലെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

മോഷണം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.കൊല്ലപ്പെട്ട ചൈനക്കാരന്റെ ഭാര്യ ദേഹമാസകലമേറ്റ പരിക്ക് വക വയ്കാതെ സമീപ പ്രദേശത്തെ വീടുകളില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.റെസ്റ്റോറന്റ് ഉടമ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു.സാരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിലാണ്.

ബുധനാഴ്ച രാത്രി 11.30 നും വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ഇടയ്ക്കാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറി താമസിക്കുന്നവര്‍ക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരകളില്‍ അവസാനത്തെതാണിത്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള കൊള്ളസംഘം അയര്‍ലണ്ടിന്റെ അതിര്‍ത്തി കൌണ്ടികളിലും കവര്‍ച്ചയ്ക്കായി എത്തുന്നുണ്ടെന്നാണ് ഗാര്‍ഡ സൂചിപ്പിക്കുന്നത്.മോണഗന്‍ അടക്കമുള്ള കൌണ്ടികളില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് സംശയമുണ്ട്.ഏഷ്യന്‍ വംശജരെയാണ് ഇവര്‍ പ്രധാനമായും ഉന്നം വയ്ക്കുന്നത് 

Scroll To Top