Wednesday September 20, 2017
Latest Updates

അയര്‍ലണ്ടിലെ ഭവനവില കുത്തനെ ഇടിയുമെന്ന് വിദഗ്ദര്‍,ചൈനീസ് പ്രതിസന്ധി ഭവന വിപണിയിലെ കുമിളകളെ തകര്‍ക്കും

അയര്‍ലണ്ടിലെ ഭവനവില കുത്തനെ ഇടിയുമെന്ന് വിദഗ്ദര്‍,ചൈനീസ് പ്രതിസന്ധി ഭവന വിപണിയിലെ കുമിളകളെ തകര്‍ക്കും

ഡബ്ലിന്‍:ചൈനീസ് പ്രതിസന്ധി അയര്‍ലണ്ടിലെ ഭവനവിപണിയില്‍ വന്‍ തകര്‍ച്ചയ്ക്ക് കാരണമാവുമെന്ന് ധനകാര്യ വിദഗ്ധര്‍.ചൈനീസ് പ്രതിസന്ധി ഏഷ്യന്‍യൂറോപ്യന്‍ വിപണികളെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.പ്രതികൂല വാര്‍ത്തകളില്‍ പരിഭ്രാന്തരായി ചെറുകിട നിക്ഷേപകര്‍ മാത്രമല്ല വന്‍കിട ഫണ്ടുകളും ബാധ്യതകള്‍ വിറ്റുമാറാന്‍ തിടുക്കപ്പെട്ടു.

അയര്‍ലണ്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഭവന മേഖലയില്‍ നിക്ഷേപം നടത്തിവന്ന അമേരിക്കയിലെ വന്‍കിട ഫണ്ടുകളും അവരുടെ നിക്ഷേപം വിറ്റഴിക്കാനുള്ള ശ്രമം തുടങ്ങികഴിഞ്ഞു എന്നാണ് സൂചനകള്‍. ചൈന ഉള്‍പ്പെടെ ലോകത്തെ വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലെയെല്ലാം ഓഹരിവിപണികളുടെയെല്ലാം നിയന്ത്രണം അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങള്‍ നയിക്കുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ കൈയിലാണ്. അവര്‍ തെളിക്കുന്ന വഴിയിലേ ഓഹരി വിപണി നീങ്ങൂ.ചൈനയിലെ തകര്‍ച്ച സ്വാഭാവികമായും അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങളെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.

ഭവനമേഖലയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ ‘നാമ’ പാര്‍പ്പിടമേഖലയിലെ കടക്കാരില്‍ നിന്നും കൈവശപ്പെടുത്തിവെച്ചിരുന്ന 17.5 ബില്യന്‍ വില വരുന്ന ആസ്തികളില്‍ വെറും 7% മാത്രമാണ് ഐറിഷ് വിപണിയില്‍ വിറ്റഴിച്ചത്.ബാക്കിയുള്ളതില്‍ 90 ശതമാനത്തോളം യൂ എസ് ഇക്വറ്റി ഫണ്ടുകള്‍ക്കാണ് നാമ വില്പ്പന നടത്തിയിരിക്കുന്നത്.

ഇക്വറ്റി ഫണ്ട് മാനേജര്‍മാര്‍ കൈയ്യടക്കിയ അസറ്റുകളാണ് ഐറിഷ് മാര്‍ക്കറ്റില്‍ ഭവന വില വര്‍ദ്ധിക്കാന്‍ ഒന്നാമത്തെ കാരണമായത്.ചുരുക്കത്തില്‍ സര്‍ക്കാര്‍ ഏജന്‌സിയായ നാമ അമേരിക്കന്‍ ഇക്വറ്റി ഫണ്ടുകള്‍ക്ക് നല്കിയ ഭവന ആസ്തികള്‍ കൂടിയ ലാഭം നേടണമെങ്കില്‍ വില വര്‍ദ്ധിപ്പിച്ചേ മതിയാവുകയുള്ളൂ എന്ന അവസ്ഥ വന്നു.ഇതാണ് ഐറിഷ് വിപണിയില്‍ ഊതിപെരുപ്പിച്ച കുമിളയായി ഇതേ വരെ പ്രകടമായിരുന്നത്.

വാടകയ്ക്ക് ലഭ്യമായ വീടുകളും രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് എജന്റുമാരുടെ സഹായത്തോടെ ഇതേ ഇക്വറ്റി ഫണ്ടില്‍ നിന്നുള്ള ധനസഹായത്തോടെ കുത്തകക്കാര്‍ കൈക്കലാക്കിയതോടെ വാടകയും കൂടി.ഒന്നുകില്‍ കൂടിയ വാടക നല്‍കുക,അല്ലെങ്കില്‍ കൂടിയ വില നല്‍കി ഭവനം വാങ്ങുക എന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാടക നിരക്ക് കൂട്ടിയതോടെ സാധാരണക്കാരായ വീട്ടുടമകളും അത് മുതലാക്കി വാടക വര്‍ദ്ധിപ്പിച്ചു.

എല്ലാ ഭാരവും സാധാരണക്കാരായ വാടകക്കാരുടെയും,തുച്ഛവരുമാനക്കാരുടെയും തലയില്‍ വെച്ചു കൊടുത്ത് മാര്‍ക്കറ്റിനെ കെട്ടിവരിഞ്ഞ സമയത്താണ് ‘ഉര്‍വശി ശാപം ഉപകാരം’എന്ന മട്ടില്‍ ചൈനീസ് പ്രതിസന്ധി വന്നിരിക്കുന്നത്.ഐറിഷ് വിപണിയില്‍ നിക്ഷേപിച്ചതടക്കമുള്ള ആസ്തികള്‍ വിറ്റഴിക്കാതെ നഷ്ട്ടപ്പെട്ട പണം ഇക്വറ്റി ഫണ്ടുകള്‍ക്ക് പെട്ടന്ന് കണ്ടു പിടിയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ് ചൈനീസ് പ്രതിസന്ധി അയര്‍ലണ്ടിലെ ഭവനമേഖലയെയും എത്രയും പെട്ടന്ന് ബാധിക്കുമെന്ന് ധനകാര്യ വിദഗ്ദര്‍ കരുതുന്നത്.

ഇവിടെയും ‘നാമയ്ക്ക് ‘വ്യക്തമായ റോളുണ്ടാവും.പ്രതിസന്ധി രൂക്ഷമായാല്‍ അമേരിക്കന്‍ വിപണിയിലെ മൂലധന നിക്ഷേപകര്‍ ഐറിഷ് മാര്‍ക്കറ്റിലെ ഭവന വില്‍പ്പന നടത്താന്‍ തുനിഞ്ഞിറങ്ങവേ പുതിയ ഇടപാടുകാരെ കണ്ടെത്തേണ്ട ചുമതലയും നാമ വഹിക്കേണ്ടി വരും. 

ചുരുക്കത്തില്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ജീവന്‍ പ്രാപിച്ചു വരുന്ന ഐറിഷ് ബാങ്കുകള്‍ വീണ്ടും വായ്പകള്‍ ഉദാരമാക്കി ഹൗസിംഗ് മേഖലയിലെ വില്പ്പന ഊര്‍ജിതമാക്കേണ്ടി വരും.

എന്തായാലും ചൈനീസ് പ്രതിസന്ധി, അയര്‍ലണ്ടിലെ യൂ എസ് നിക്ഷേപകരെ ഊഹക്കച്ചവടലാഭം വേണ്ടെന്ന് വെച്ച് നിക്ഷേപവും പിന്‍വലിച്ച് നാട് വിടാന്‍ പ്രേരിപ്പിക്കും എന്ന ശുഭാപ്തി വിശ്വാസം സാമ്പത്തിക വിദഗ്ദര്‍ പുലര്‍ത്തുന്നുണ്ട്.വീട് വാങ്ങാനുള്ള ഡിപ്പോസിറ്റും സൂക്ഷിച്ച് കാത്തിരിക്കുന്ന ആവശ്യക്കാര്‍ക്കും ആശ്വാസകരമായി പുതിയ സംഭവവികാസങ്ങള്‍ 

റെജി സി ജേക്കബ് 

Scroll To Top