Friday September 22, 2017
Latest Updates

ദേശസ്‌നേഹ നിറവില്‍ കുരുന്നുകള്‍ അണിനിരന്നു , ഡബ്ലിനിലെ ശിശുദിനാഘോഷം ഭാരതോത്സവമായി

ദേശസ്‌നേഹ നിറവില്‍ കുരുന്നുകള്‍ അണിനിരന്നു , ഡബ്ലിനിലെ ശിശുദിനാഘോഷം ഭാരതോത്സവമായി

ഡബ്ലിന്‍:ജന്മനാടിന്റെ സുകൃതിയില്‍ അഭിമാനം നിറഞ്ഞ ഹൃദയത്തുടിപ്പുകളോടെ, വീര ദേശാഭിമാനികളെ വാഴ്ത്തിപ്പാടി അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിലെ കുരുന്നുകളും ശിശുദിനം ആഘോഷിച്ചു.കില്‍നമന ഹാളിലെ മിലന്‍ വര്‍ഗീസ് നഗര്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം ഭാരതീയ സംസ്‌കൃതിയുടെ അഭിമാനമാകേണ്ട കുരുന്നുമക്കള്‍ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ ഭാരതത്തിന്റെ ഒരു കൊച്ചു പതിപ്പായി മാറി.ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള ബാലികാ ബാലന്മാരുടെ സാന്നിധ്യം വൈവിധ്യത്തിലെ ഏകത്വം വിളിച്ചോതുന്ന ഭാരതമക്കളുടെ പരസ്യപ്രകടനമായി.ദേശ ഭക്തിഗാനങ്ങളാല്‍ മുഖരിതമായ അന്തരീക്ഷം ജനമനസ്സുകളില്‍ പിറന്ന ദേശത്തോടുള്ള ആരാധനാ പൂര്‍വ്വമായ ആദരവ് നിറച്ചു

ത്രിവര്‍ണ്ണ പതാകയേന്തി നീങ്ങിയ ബാലികാ ബാലന്‍മാര്‍ നയന മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു.ഗാന്ധിജിയുടെയും ,നെഹ്രുവിന്റെയും വേഷമണിഞ്ഞെത്തിയ കുരുന്നുകള്‍ ചാച്ചാജിയുടെ തൊപ്പിയുടെ പാരമ്പര്യവും അണിഞ്ഞാണ് റാലിയില്‍ പങ്കെടുത്തത്.

രാവിലെ മുതല്‍ തകര്‍ത്തു പെയ്ത മഴ പ്രതികൂലമായിട്ടും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കേരളാ ഹൗസ് സംഘടിപ്പിച്ച ശിശുദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി.മൂന്നരയോടെ ജന്മദേശത്തോടുള്ള ആദരവും മമതയും ഊട്ടിയുറപ്പിച്ചു കൊണ്ട് കുട്ടികള്‍ അണിനിരന്ന റാലി ആരംഭിച്ചു.

തുടര്‍ന്ന് നടന്ന ശിശുദിന സമ്മേളനത്തില്‍ ലെസ് ലിന്‍ വിനോദ് (ഷാങ്കില്‍) അദ്ധ്യക്ഷത വഹിച്ചു.അയര്‍ലണ്ടിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് തോമസ് സിബി (കൗണ്ടി കില്‍ഡയര്‍)ഹാരി റിസണ്‍ (കൌണ്ടി വിക്ലോ )ജോസഫ് മന്‍ഡോളിന്‍ (കൗണ്ടി മീത്ത്)ടോമിനാ ടോം (ബൂമൌണ്ട്)ജെറോം തോമസ് (സ്വോര്‍ഡ്‌സ്)മെല്‍ബിന്‍ ജോര്‍ജ് ബിനോയി (ഫിംഗ്ലസ്)അന്ന ബിനോ (ഫിസ് ബറോ)റിയ ആന്‍ തോമസ് (ബ്ലാക്ക് റോക്ക് )അലന്‍ അബ്രഹാം (ബ്ലാഞ്ചസ്‌ടൌണ്‍)ആല്‍ബര്‍ട്ട് സ്റ്റീഫന്‍ (ലൂക്കന്‍)കെവിന്‍ നിജു കുരുവിള (താല)റ്റേജ റോസ് റ്റിജോ എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.ശ്രേയാ ജോണ്‍ സ്വാഗതവും പൂജാ വിനോദ് നന്ദിയും പ്രകാശിപ്പിച്ചു

ജസ്വിന്‍ ജോ ജിമ്മി (ആഷ് ഫോര്‍ഡ്)ക്ലൗഡിയ റെജി(താല)എന്നിവര്‍ അവതാരകനായിരുന്നു 

അകാലത്തില്‍ പൊലിഞ്ഞുപോയ തങ്ങളുടെ കളിക്കൂട്ടുകാരന്‍ വിക്ലോയിലെ മിലന്‍ വര്‍ഗീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രണ്ടു മിനുട്ട് മൗനം ആചരിച്ചു കൊണ്ടാണ് സമ്മേളന ചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് മിലന്‍ വര്‍ഗീസിന്റെ സ്മരണ തുളുമ്പുന്ന ‘ഷോര്‍ട്ട് ഫിലിം’പ്രദര്‍ശനം സദസ് സാകൂതം വീക്ഷിച്ചു.ഇന്നും തങ്ങളുടെ ഇടയില്‍ ജീവനുള്ള സാന്നിധ്യമായി മിലന്‍ എന്ന പ്രിയ സുഹൃത്തിനെ ഓര്‍ത്തെടുക്കാന്‍ ഡബ്ലിനിലെ കുരുന്നുകള്‍ക്കായി.

ആശിച്ചു മോഹിച്ചു മിലന്‍ വാങ്ങിയ പുതിയ നിക്കോണ്‍ കാമറ ‘അച്ഛനെ കൊണ്ട്’ഉദ്ഘാടനം ചെയ്യുന്ന ആഘോഷമാണ് ചിത്രത്തിലെ പ്രമേയം.

മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക്ക്‌സിലെ മുപ്പതോളം കുട്ടികള്‍ അണിനിരന്നൊരുക്കുന്ന ‘വന്ദേമാതരം’ ഭാരതമാതാവിനുള്ള വന്ദനഗീതമായി.തുടര്‍ന്ന് അയര്‍ലണ്ടിലെ തമിഴ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വന്ദേമാതര നൃത്തം.ദേശാന്തരങ്ങളിലായാലും ഇന്ത്യയെന്ന വികാരം ഭാഷയ്ക്കും സംസ്ഥാനങ്ങള്‍ക്കും അതീതമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട് വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുരുന്നുകള്‍ കില്‍നമന ഹാളില്‍ എത്തിയിരുന്നു.

വര്‍ണ്ണവരകളില്‍ അത്ഭുത ദൃശ്യങ്ങള്‍ തീര്‍ത്ത കുട്ടികളുടെ ചിത്ര പ്രദര്‍ശനത്തിനും ഇക്കുറി കേരളാ ഹൗസ് ശിശുദിനം വേദിയായി.സെല്‍ബ്രിഡ്ജിലെ റോസ് മരിയ ബിജു,ലൂക്കനിലെ നിവേദ് ബിനു ഡാനിയേല്‍ ,ഫിംഗ്‌ളസിലെ സ്വര രാമന്‍ നമ്പൂതിരി,ഗൗരി ശ്യാം,മിയ മേരി സോണി,റിച്ച ആന്‍ സോണി,എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.താലയിലെ മേധാ സുനിലാവട്ടെ ലൈവ് ഡ്രോയിംഗ് നടത്തി സമ്മേളന വേദിയില്‍ സവിശേഷ ശ്രദ്ധയ്ക്ക് പാത്രമായി

 സേയ സെന്‍   എന്ന പത്തുവയസുകാരി ആശയം രൂപീകരിച്ച് വേദിയില്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക് നേരെയുള്ള ബുള്ളിയിംഗിനെതിരെയുള്ള സ്‌കിറ്റ് സദസ് അത്ഭുതത്തോടെയാണ് വീക്ഷിച്ചത്.

മനുഷ്യ മനസാക്ഷിയെ നടുക്കിയ പാരീസിലെ ദുരന്തവും 24 മണിക്കൂറുകള്‍ക്കുള്ളില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികള്‍ നടനവേദിയില്‍ അനുസ്മരിച്ചു.ബിനു ഡാനിയേല്‍ സംവിധാനം ചെയ്ത വര്‍ഗീയതയ്‌ക്കെതിരെയുള്ള ‘മനസ് നന്നാവട്ടെ’ എന്ന സ്‌കിറ്റ് ആരംഭിച്ചത് തന്നെ പാരീസിന്റെ തെരുവീഥികളില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ടായിരുന്നു.ഡബ്ലിനിലെ സ്‌പൈസ് ഗേള്‍സിന്റെ ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന സ്‌കിറ്റും ശിശുദിനാഘോഷ പരിപാടികളുടെ മുഖ്യ ആകര്‍ഷണമായിരുന്നു..

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ അനില്‍ കുമാറിന്റെ തിരഞ്ഞെടുക്കപ്പെട്ട ഫോട്ടോകളുടെ പ്രദര്‍ശവും ഒരുക്കിയിരുന്നു.കുട്ടികള്‍ക്ക് വേണ്ടി കേരളാ ഹൗസ് ആരംഭിച്ച ഫോട്ടോഗ്രാഫി ക്ലാസിനും ഇന്നലെ തുടക്കമായി.

മാമാങ്കം പലകുറി കൊണ്ടാടിയ കഥ ചൊല്ലി സദസിനെ നാട്യകലയുടെ സ്വര്‍ണ്ണത്തേരിലേറ്റി സപ്ത രാമനും,ദിയ ലിങ്ക്വിന്‍സ്റ്റാറും അടങ്ങിയ സംഘം ശിശുദിനാഘോഷത്തെ ഉത്സവ ഛായയിലാഴ്ത്തി. മീന റാം(ബ്ലാഞ്ചസ് ടൌണ്‍)ധന്യാ കിരണ്‍ (ദ്രോഗഡ,ഫിംഗ്ലസ്)സിന്ധു മെല്‍വിന്‍(ബൂമോണ്ട്)ഫിജി സാവിയോ,നിമ്മി നോബിള്‍ (ലൂക്കന്‍),ധര്‍മേന്ദ്ര ബോളിവുഡ് ഡാന്‍സ് തുടങ്ങിയ അയര്‍ലണ്ടിലെ പ്രധാന നൃത്താധ്യാപകരുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ ക്‌ളാസിക്കല്‍, സിനിമാറ്റിക് നര്‍ത്തകര്‍ അണിചേര്‍ന്ന നൃത്ത നൃത്യങ്ങള്‍ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.

ഡബ്ലിനിലെ മംഗളാ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ജോയല്‍ ജോബി,ആദിത്യ ദേവ്,ആദില്‍ അന്‍സാര്‍,മീനു ജോര്‍ജ് ,ദിവു ജോബിസ് എന്നിവരടങ്ങിയ കുട്ടികളുടെ സംഘം ഒരുക്കിയ ഗാനമേള ചടങ്ങിനു മധുരിമയായി.

കോല്‍ക്കളിയുമായിയെത്തിയ ബ്രേ സംഘമാണ് സദസിനെ ആനന്ദനിര്‍വൃതിയിലെത്തിച്ചത്.ഒപ്പം ആഹ്‌ളാദാരവങ്ങള്‍ മുഴക്കി കാണികള്‍ കോല്‍ക്കളി സംഘത്തിന് പ്രോത്സാഹനമേകി.
ആര്‍ഷ ഭാരതഭൂമിയുടെ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള സ്‌നേഹത്തിന്റെ പരസ്യ പ്രഖ്യാപനമായ ഡബ്ലിനിലെ ശിശുദിനാഘോഷ വേളയില്‍ ഇനിയുമെത്തുമെന്ന പ്രതിജ്ഞയോടെയാണ് കുരുന്നുകളും രക്ഷിതാക്കളും എട്ടു മണിയോടെ കില്‍നമന ഹാളിലെ മിലന്‍ വര്‍ഗീസ് നഗര്‍ വിട്ടത്.
റെജി സി ജേക്കബ് 

l3l3

Scroll To Top