സോഷ്യല്‍ കെയറില്‍ അയര്‍ലണ്ടിലെ കുട്ടികള്‍ സുരക്ഷിതരെല്ലന്ന ആശങ്കയില്‍ കോടതിയും…

ഡബ്ലിന്‍ :രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും കുട്ടികളെ സോഷ്യല്‍ കെയറില്‍ നിന്നും വിട്ടുനല്‍കാന്‍ വിസമ്മതിച്ച കോടതി ഉത്തരവ് ചര്‍ച്ചയാകുന്നു.മാത്രമല്ല പ്രതികൂല ജീവിത ചുറ്റുപാടുകള്‍ മൂലം സോഷ്യ കെയര്‍ സ്ഥാപങ്ങളിലെത്തിപ്പെടുന്ന കുട്ടികളുടെ ഭാവിയും വര്‍ത്തമാന കാല ജീവിതത്തിലെ ദൈന്യമായ സാഹചര്യങ്ങളും ഈ കോടതി പരമാര്‍ശത്തിലൂടെ പുറംലോകത്തെത്തിയിരിക്കുകയാണ്.
കഴിഞ്ഞ സെപ്തംബര്‍ വരെ മാത്രം 6329 കുട്ടികളാണ് അയര്‍ലണ്ടില്‍ സോഷ്യല്‍ കെയറിലെത്തിയത്.ഈ കുട്ടികള്‍ ഇവര്‍ പ്രായപൂര്‍ത്തിയായതിനു ശേഷവും ഇവിടെ തുടരേണ്ടി വരുമോ എന്ന ആശങ്കയും കോടതി ഉന്നയിച്ചു.
മുമ്പ് കുട്ടികളുടെ സംരക്ഷണം പോലുള്ള സംഗതികളുടെ വിചാരണയില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്തിയിരുന്നു.ആ നിയമത്തിനു മാറ്റം വരുത്തിയതോടെയാണ് കുടുംബബന്ധങ്ങളിലെ ശൈഥില്യവും കുട്ടികളുടെ സുരക്ഷയും ഗാര്‍ഹിക പീഡനവുമെല്ലാം പുറത്തറിയുന്നതിനിട വന്നത്.
തന്റെ ചെറിയ കുട്ടിയെ കെയറില്‍ നിന്നും വിട്ടയക്കണമെന്ന പിതാവിന്റെ ആവശ്യമാണ് ഡബ്ലിന്‍ ജില്ലാ കോടതി കഴിഞ്ഞയാഴ്ച നിരസിച്ചത്.ഏപ്രില്‍ പത്തിനാണ് ഇതു സംബന്ധിച്ച കേസ് കോടതി പരിഗണിച്ചത്.കുട്ടികളുടെ സംരക്ഷണ ഏജന്‍സിയായ ടസ്ലയുടെ സംരക്ഷണത്തില്‍ നിന്നും തങ്ങളുടെ കുട്ടികളെ നീക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.ഇവരുടെ മുതിര്‍ന്ന കുട്ടികള്‍ ഒരുമിച്ചും ചെറിയ കുട്ടികളെ പ്രത്യേകഫോസ്റ്റര് ഹോമുകളിലുമാണ് കഴിയുന്നത്.
കുട്ടികള്‍ക്ക് സൈ്വര്യ ജീവിതം നഷ്ടപ്പെടുത്തുന്ന സംഭവപരമ്പരകള്ക്കൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഇവരുടെ സംരക്ഷണം മാതാപിതാക്കളില്‍ നിന്നും മാറ്റി സോഷ്യല്‍ കെയറിനെ ഏല് പ്പിച്ചത്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചും സ്വഭാവമാറ്റവും കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് മാതാപിതാക്കള്‍ കഴിഞ്ഞ ആഴ്ച കോടതിയോട് ആവശ്യപ്പെട്ടു.കുട്ടികളുടെ ചികി സ സംബന്ധിച്ച പ്രശ്നങ്ങളും കോടതിയുടെ ശ്രദ്ധയില്‍ രക്ഷിതാക്കള്‍ പെടുത്തി.ഇക്കാരണങ്ങളാല്‍ കുട്ടികളെ തിരികെ കൊണ്ടു പോകുന്നതാവും നല്ലതെന്ന വാദവും അവര്‍ ഉന്നയിച്ചു.എന്നാല്‍ ടസ്ലയുടെ കൗണ്‍സലര്‍ കുട്ടികളെ വിട്ടുകൊടുക്കുന്നതിനോട് വിയോജിച്ചു.തുടര്‍ന്ന് കോടതി കുട്ടികളുടെ ഭാഗം കേള്‍ക്കുന്നതിനായി പ്രത്യേക രക്ഷിതാവിനെയും നിയോഗിച്ചു.
ഏതു സാഹചര്യത്തിലാണോ കഴിഞ്ഞ വര്‍ഷം കുട്ടികള്‍ കെയറില്‍ എത്തിപ്പെട്ടത് ആ സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.മയക്കുമരുന്നിനടിമയായ മാതാവും അതുയര്‍ത്തിയ ഗുരുതര പ്രശ്നങ്ങളുമാണ് കുട്ടികളെ കെയറിലെത്തിക്കാന് ഇടയാക്കിയത്.ഇപ്പോഴും ആ സാഹചര്യം നിലനില്‍ക്കുകയാണെന്നു കൗണ്‍സിലര്‍ വാദിച്ചു.കഴിഞ്ഞ ഡിസംബറില്‍ നടത്തിയ മെഡിക്കല്‍ ചെക്കപ്പിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി തെളിഞ്ഞിരുന്നു.ആഴ്ച തോറും മൂത്രം പരിശോധിക്കുന്നുണ്ടെന്നും മയക്കുമരുന്നിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മാതാവ് കോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇതു തെറ്റാണെന്ന് കൗണ്‍സലര്‍ ചൂണ്ടിക്കാട്ടി. ആഴ്ചകളില്‍ മൂത്ര പരിശോധന നടത്താറില്ലെന്നും ടസ്ല ബോധിപ്പിച്ചു പേരന്റിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള കോഴ്സുകളിലും മറ്റും പങ്കെടുത്തതായി രക്ഷിതാക്കളും കോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്നു ഒരു മനശ്ശാസ്ത്രജ്ഞന്റെ സേവനം ഉറപ്പാക്കി മാതാപിതാക്കളുടെ പേരന്റിംഗ് സ്വഭാവവും കാര്യശേഷിയും ഉറപ്പുവരുത്താന്‍ കോടതി ശുപാര്‍ശ ചെയ്തു.മാതാപിതാക്കളുടെ ഇടപെടലില്‍ കാര്യമായ പുരോഗതിയുള്ളതായി സാമൂഹിക പ്രവര്ത്തകന് കോടതിയെ അറിയിച്ചു.എന്നാലും മാതാവിന്റെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു.മനശ്ശാസ്ത്രജ്ഞന്റെ വിലയിരുത്തല്‍ റിപോര്‍ട് ലഭിക്കുന്നതു വരെ മാതാപിതാക്കള്‍ക്കൊപ്പം വിടരുതെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
കെയറില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നതായി സാമൂഹിക പ്രവര്‍ത്തക ചൂണ്ടിക്കാട്ടി. സംസാര-പെരുമാറ്റ വൈകല്യങ്ങള്‍ വളരെക്കുടുതലാണ് ഇവരില്‍.മാത്രമല്ല സ്വയം ശിക്ഷിക്കുന്ന പ്രവണതകളും ഏറെയാണ്.ശാരീരികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങളും ക്രുരമായ ശിക്ഷണ മുറകളും അവിടെയുണ്ട്.
കോടതി നിയോഗിച്ച പ്രത്യേക രക്ഷിതാവും ടസ്ലയുടെ ശിശു പരിചരണത്തിലെ പോരായ്മകളും ഭാവി സംബന്ധിച്ച കാഴ്ചപ്പാടില്ലായ്മയും കോടതിക്കു മുന്നിലെത്തിച്ചു.കെയറിലെ മുഴുവന്‍ കുട്ടികളുമായി ആശയവിനിമയം ഇദ്ദേഹം നടത്തിയിരുന്നു.കുട്ടികള്‍ വീട്ടില്‍ പ്പോകണമെന്ന ആഗ്രഹമുള്ളവരാണെന്നും ഇദ്ദേഹം അറിയിച്ചു.പഴയ കുട്ടികളെ പുതിയ ഫോസ്റ്റര്‍ ഹോമിലേക്ക് മാറ്റാനുള്ള ടസ്ലയുടെ തീരുമാനത്തി ആശങ്കയുണ്ട്.ശിശുപരിചരണ ഏജന്‍സി മാത്രമായ ടസ്ലയ്ക്ക് ആവശ്യമായ പി്ന്തുണ പല ഭാഗത്തു നിന്നും കിട്ടുന്നില്ലെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു.എന്നിരുന്നാലും രക്ഷിതാക്കള്‍ പേരന്റിങിന്റെ ഉന്നത തലങ്ങളിലേക്ക് എത്തുന്നതുവരെ കുട്ടികളെ അവരുടെ വീട്ടിലേക്ക് വിടുന്നത് ഗുണം ചെയ്യില്ലെന്ന നിരീക്ഷണവുമുണ്ടായി.
വിവിധ വാദഗതികള്‍ കേട്ട കോടതി പിതാവിനൊപ്പം കുട്ടിയെ വിടുന്നില്ലെന്നു ഉത്തരവിടുകയായിരുന്നു.ഈ പ്രശ്നത്തിലെ അന്തിമ പരിഹാരം കുട്ടികളെ അവരുടെ വീട്ടിലേക്ക് വിടുന്നതാണ് എന്ന സത്യം അറിഞ്ഞുകൊണ്ടുതന്നെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിലുള്ള മനോവേദനയും കോടതി പങ്കുവെച്ചു.
വെയിറ്റിങ് ലിസ്റ്റ് ഇക്കാര്യത്തില്‍ ആവശ്യമില്ല. ഈ പ്രശ്നത്തില്‍ അടുത്ത മാസം തന്നെ അന്തിമവിധി പ്രഖ്യാപിക്കണം.അതിനാല്‍ നിശ്ചിത കാലാവധിക്കുള്ളി ഇതു സംബന്ധിച്ച കൂടിയാലോചനകളും സത്വര തീരുമാനങ്ങളും ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാവണം. അടുത്ത 28 ദിവസങ്ങള്‍ക്കുള്ളി അതുണ്ടാകാത്ത പക്ഷം കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിടുന്നതിനുള്ള ഉത്തരവുണ്ടാകുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.