Saturday September 23, 2017
Latest Updates

ഇന്ന്  ശിശുദിനം, മറക്കാതിരിക്കുക!അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഇന്ത്യയെ അറിയാന്‍ ഒരു ദിനം

ഇന്ന്  ശിശുദിനം, മറക്കാതിരിക്കുക!അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഇന്ത്യയെ അറിയാന്‍ ഒരു ദിനം

ചാച്ചാ നെഹ്‌റുവിനോടുള്ള ആദര സൂചകമായി ഇന്ത്യ നവംബര്‍ 14ന് ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നു. പതിവുതെറ്റിക്കാതെ ഡബ്ലിനിലെ കേരളാ ഹൗസ് ഇത്തവണയും അയര്‍ലണ്ടിലെ കുട്ടികളെ മൂവര്‍ണ്ണ പതാകയുമായി സമാധാനത്തിന്റെ വെള്ളക്കുപ്പായത്തില്‍ ശിശുദിനാഘോഷങ്ങള്‍ക്ക് അണിനിരത്തുന്നു.

ഒരു രാജ്യത്തിന്റെ ഭാവി കുട്ടികളുടെ ഉന്നമനത്തില്‍ നിന്നാണ് തുടങ്ങുന്നത് എന്ന് തിരിച്ചറിഞ്ഞ് പദ്ധതികള്‍ തയ്യാറാക്കിയ നെഹ്‌റുവിന് രാജ്യം നല്‍കുന്ന ആദരവ് തന്നെയാണ് ശിശുദിനം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഓരോ ശിശുദിനത്തിനും നൂറിലധികം കുട്ടികളെ ഇന്ത്യയെന്ന മഹാധാത്രിയുടെ അഭിമാന ചിഹ്നമായ മൂവര്‍ണ്ണ കൊടിയുമായി അണിനിരത്തുന്നു എന്നതിനു പുറമേ അയര്‍ലണ്ടിന്റെ ഓരോ പ്രദേശത്തെയും പ്രതിനിധീകരിച്ച് കുരുന്നുകള്‍ ശിശുദിനാശംസകള്‍ അര്‍പ്പിക്കാനുമെത്താറുണ്ട്. 

ഇത്തവണത്തെ ശിശുദിനാഘോഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടു വരെ ഡബ്ലിന്‍ കില്‍മനാ കമ്യൂണിറ്റി സെന്ററിലെ മിലന്‍ വര്‍ഗീസ് ഹാളില്‍ അരങ്ങേറും.

ഭാരതമാതാവിനും മഹാത്മജിയ്ക്കും ചാച്ചാനെഹ്‌റുവിനും ജയ് വിളിച്ച്,ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയൂടെ കുരുന്നുകളുടെ റാലി ആരംഭിക്കുന്നതോടെ ശിശുദിനാഘോഷത്തിന് തുടക്കമാവും.

അകാലത്തില്‍ പൊലിഞ്ഞുപോയ തങ്ങളുടെ കളിക്കൂട്ടുകാരന്‍ വിക്ലോയിലെ മിലന്‍ വര്‍ഗീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രണ്ടു മിനുട്ട് മൗനം ആചരിച്ചു കൊണ്ടാണ് സമ്മേളന ചടങ്ങുകള്‍ ആരംഭിക്കുക.തുടര്‍ന്ന് മിലന്‍ വര്‍ഗീസിന്റെ സ്മരണ തുളുമ്പുന്ന ‘ഷോര്‍ട്ട് ഫിലിം’പ്രദര്‍ശിപ്പിക്കും.

മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക്ക്‌സിലെ മുപ്പതോളം കുട്ടികള്‍ അണിനിരന്നൊരുക്കുന്ന ‘വന്ദേമാതരം’ ഭാരതമാതാവിനുള്ള വന്ദനഗീതമാവും.തുടര്‍ന്ന് അയര്‍ലണ്ടിലെ തമിഴ് സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വന്ദേമാതര നൃത്തം.
കേരളാ ഹൗസ് ശിശുദിനം അയര്‍ലണ്ടിലെ കുട്ടികളുടെ കലാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു അരങ്ങ് കൂടിയാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുക്കുന്നിതിന് പുറമെ, കുട്ടികളുടെ ചിത്ര പ്രദര്‍ശനത്തിനും ഫോട്ടോ പ്രദര്‍ശനത്തിനും ഇക്കുറി കില്‍മനാ ഹാള്‍ വേദിയാകും.

മുതിര്‍ന്നവര്‍ പങ്കിടുന്ന വേദിക്കു സമീപം കാണികളായി മാത്രം ഒതുങ്ങുന്ന കുട്ടികള്‍ ശിശുദിനത്തിന് കില്‍മനയിലെ പടവുകള്‍ ചവിട്ടി വേദി പങ്കിടുമ്പോള്‍ ഇവിടെ കാണികളാകുന്നത് മുതിര്‍ന്നവരാണ്. അഭിമാനത്തോടെ അവര്‍ ഉച്ചരിക്കുന്ന ഓരോ വാക്കും, ഓരോ കലാപ്രവര്‍ത്തനവും അവര്‍ സമൂഹമായി വളരുന്നതിന്റെ ഒരു ബാലപാഠം കൂടിയാവും.

വലം കൈയിലേന്താന്‍ ത്യാഗത്തിന്റെയും നിഷ്പക്ഷതയുടെയും പ്രവൃത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തിന്റെയും, ജീവന്‍ നിലനിര്‍ത്തുന്ന പ്രകൃതിയും, ഭൂമിയും സസ്യലതാദികളുമായുള്ള ബന്ധത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രതീകമായ മൂവര്‍ണ്ണക്കൊടി തയ്യാറായിക്കഴിഞ്ഞു. തലയില്‍ വെക്കാന്‍ ലാളിത്യത്തിന്റെ ഗാന്ധിതൊപ്പിയും തയ്യാര്‍. ഗാന്ധിയും നെഹ്‌റുവും തയ്യാറെടുക്കുന്നു. അയര്‍ലണ്ടിലെ കരുന്നുകളുടെ പാദസ്പര്‍ശമേല്‍ക്കാന്‍ കില്‍മനാ ഹാളും ഒരുങ്ങി.

നാളെ 2.30 മുതല്‍ 8 മണി വരെ നീളുന്ന വിവിധ പരിപാടികളില്‍ നൃത്ത നൃത്യങ്ങളോടൊപ്പം സ്‌കിറ്റുകള്‍,ഗാനമേള,ദേശഭക്തി ഗാനങ്ങള്‍ തുടങ്ങിയവയും ഉണ്ടാവും.ആര്‍ഷ ഭാരതഭൂമിയുടെ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള സ്‌നേഹത്തിന്റെ പരസ്യ പ്രഖ്യാപനമായ ഈ വേളയില്‍ എത്താനായി തയാറെടുത്തു കഴിഞ്ഞു അയര്‍ലണ്ടിലെ കുരുന്നുകള്‍.
ബിപിന്‍ ചന്ദ്

Scroll To Top