Friday December 09, 2016
Latest Updates

ചൈല്‍ഡ് മൈന്‍ഡര്‍ പിഞ്ചുകുഞ്ഞിനെ കുലുക്കി എറിഞ്ഞ് തലച്ചോറിന് പരിക്കേല്‍പ്പിച്ച കേസില്‍ വിചാരണ തുടങ്ങി 

ചൈല്‍ഡ് മൈന്‍ഡര്‍ പിഞ്ചുകുഞ്ഞിനെ കുലുക്കി എറിഞ്ഞ് തലച്ചോറിന് പരിക്കേല്‍പ്പിച്ച കേസില്‍ വിചാരണ തുടങ്ങി 

കാവന്‍ :ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ നിശ്ചയിച്ചിരുന്ന ചൈല്‍ഡ് മൈന്‍ഡര്‍ പിഞ്ചു കുഞ്ഞിനെ അപകടകരമായ രീതിയില്‍ എടുത്തുകുലുക്കി തലച്ചോറിന് പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ പ്രതിയുടെ വിചാരണ തുടങ്ങി. കാവന്‍ ടൗണിലെ ഡ്രംഗോള വൂഡില്‍ ദി ബീച്ചസ് എന്ന വിലാസത്തില്‍ താമസിക്കുന്ന സാന്ദ്ര ഹിഗ്ഗിന്‍സ് എന്ന 34 കാരിയാണ് വിചാരണ നേരിടുന്നത്. 2012 മാര്‍ച്ച് 28 ന് നടന്ന സംഭവത്തില്‍ മനപ്പൂര്‍വമോ, ശ്രദ്ധക്കുറവ് മൂലമോ ഉള്ള തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് കുട്ടിക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.
സംഭവം നടന്ന സമയത്ത് രജിസ്റ്റേഡ് ചൈല്‍ഡ് മൈന്‍ഡറായിരുന്ന യുവതി 2011 ജൂണ്‍മുതലാണ് കുട്ടിയുടെ പരിചരണ ചുമതല പാര്‍ട്ട്‌ടൈമായി ഏറ്റെടുത്തിരുന്നതെന്ന് സീനിയര്‍ കൗണ്‍സെല്‍ സീന്‍ ജില്ലേന്‍ കോടതിയെ അറിയിച്ചു. 2011 നവംബര്‍ മുതല്‍ ഇത് ആഴ്ച്ചയില്‍ അഞ്ചു ദിവസമായി വര്‍ദ്ധിപ്പിച്ചു. പിന്നീട് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കിലും 2012 മാര്‍ച്ച് അഞ്ചു മുതല്‍ കുട്ടിയുടെ ദേഹത്ത് മുഴകളും ചതവുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് രക്ഷിതാക്കളില്‍ ആശങ്കയുണര്‍ത്തി.

കളിച്ചു കൊണ്ടിരിക്കുമ്പോല്‍ കുട്ടി വീണതിന്റെ പാടുകളാണ് ഇതെന്നാണ് പ്രതി തങ്ങളെ ധരിപ്പിച്ചിരുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ പൂര്‍ണ്ണതൃപ്തയാവാതിരുന്ന കുട്ടിയുടെ മാതാവ് മാര്‍ച്ച് 10 മുതല്‍ മറ്റൊരു കെയററെ അന്വേഷിച്ചു തുടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 26ന് ഈ ആഴ്ച്ച കൂടി മാത്രമേ സേവനം ആവശ്യമുള്ളൂവെന്ന് പ്രതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഹിഗ്ഗിന്‍സ് ഇതില്‍ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കുട്ടിയുടെ മാതാവ് ഓര്‍ക്കുന്നു.

സംഭവം നടന്ന മാര്‍ച്ച് 28നു കുട്ടിയെ ഹിഗ്ഗിന്‍സിന്റെ വീട്ടിലെത്തിക്കുമ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായിരുന്നുവെന്നാണ് മാതാവ്പറയുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ കുഞ്ഞിനെ കാവന്‍ ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്ന് ഹിഗ്ഗിന്‍സ് തന്നെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്നും മാതാവ് കോടതിയില്‍ വിവരിച്ചു.

കേസില്‍ ജഡ്ജ് പാട്രീഷ്യ റയാനു മുന്നില്‍ വാദം തുടരുന്നു


Scroll To Top