Thursday December 08, 2016
Latest Updates

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ള പ്രവാസികളും കുഴപ്പത്തിലാകും,ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ള പ്രവാസികളും കുഴപ്പത്തിലാകും,ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

കോട്ടയം:സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഉറവിടം അന്വേഷിച്ചു ആദായ നികുതിവകുപ്പ് അന്വേഷണം തുടങ്ങിയതായി വാര്‍ത്തകള്‍.കള്ളപ്പണക്കാരെ പൂര്‍ണ്ണമായി ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള ശ്രമം സഹകരണ ബാങ്കുകളിലാണ് തുടങ്ങുന്നത് എന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ആരോപണമുള്ള സഹകരണ ബാങ്കുകള്‍ക്ക് നേരെയാണ് വകുപ്പിന്റെ ആദ്യ നീക്കം.

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ഇത്തരം ബാങ്കുകളില്‍ കള്ളപ്പണമുണ്ടോയെന്ന് പരിശോധിക്കാനുള്ള നീക്കവും ആദായ നികുതി വകുപ്പ് തുടങ്ങി. 50,000 രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നില്ലാത്തതിനാല്‍ മിക്ക സഹകരണ ബാങ്കുകളും 49,999 രൂപയുടെ യൂണിറ്റുകളായാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.
വന്‍തുകകള്‍ ഇങ്ങനെ ചെറിയ യൂണിറ്റുകളായി ഈടാക്കി പണത്തിന്റെ ഉറവിടം വ്യക്തമാക്കാതിരിക്കാന്‍ പല ബാങ്കുകളും ഇടപാടുകാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുന്നെന്ന് പരക്കെ ആക്ഷേപവുമുണ്ട്.

നാട്ടില്‍ നിന്നും ലഭിക്കുന്ന വരുമാനം മിക്ക പ്രവാസികളും സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത് എന്നതിനാല്‍ പുതിയ നടപടി പ്രവാസികളെയും ബാധിക്കും.വിദേശ പൗരത്വം ഉള്ളവര്‍ സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത് അനധികൃതമായതിനാല്‍ ഇരട്ടക്കുറ്റമാവും ഇവര്‍ക്ക് ഉണ്ടാവുക.
ഇതുവരെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് ആദായ നികുതി ഈടാക്കിയിരുന്നില്ല. ഇത് തന്നെയാണ് ആളുകളെ ഇത്തരം ബാങ്കുകളിലേക്ക് ആകര്‍ഷിക്കുന്നതും.
നിലവില്‍ 500, 1000 നോട്ടുകളായി സഹകരണ ബാങ്കുകളുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റിയെടുക്കണെങ്കില്‍ കൊമേഴ്‌സ്യല്‍ ബാങ്കുകളെ സമീപിക്കേണ്ടി വരും.

ഇങ്ങനെ സമീപിക്കുമ്പോള്‍ ഈ പണത്തിന്റെ ഉറവിടവും സഹകരണ ബാങ്കുകള്‍ വ്യക്തമാക്കണം. സഹകരണ ബാങ്കുകളുടെ ലോക്കറുകളില്‍ പണം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇവ നശിപ്പിച്ചുകളയാതെ മറ്റ് വഴികളുണ്ടാവില്ല.എന്നാല്‍ മിക്ക സഹകരണ ബാങ്കുകളും പ്രവാസികളുടേതടക്കമുള്ള പണം പുനര്‍വായ്പകള്‍ നല്‍കാനാണ് ഉപയോഗിക്കുന്നത്. അറിഞ്ഞു കൊണ്ട് പ്രവാസി നിക്ഷേപം സ്വീകരിച്ചാല്‍ ബാങ്കുകള്‍ക്ക് എതിരെയും നടപടി എടുക്കേണ്ടി വരുമെന്നതിനാല്‍ ആദായനികുതി വകുപ്പിന്റെ നടപടികള്‍ എന്താവുമെന്ന് കാത്തിരുന്നു കാണേണ്ടി വരും

Scroll To Top