Friday December 09, 2016
Latest Updates

‘ഡെലിവറൂ’ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് തുറന്നു പറഞ്ഞ് ഡെലിവറി ഗേള്‍

‘ഡെലിവറൂ’ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് തുറന്നു പറഞ്ഞ് ഡെലിവറി ഗേള്‍

ഫുഡ് ഡെലിവറി കമ്പനിയായി ഡെലിവറൂവിലെ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഡബ്ലിനിലെ മുന്‍ ഡെലിവറി ഗേളായ വിദ്യാര്‍ത്ഥിനി. കോര്‍പ്പറേറ്റ് കമ്പനികള്‍ എങ്ങനെയാണ് തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ പെണ്‍കുട്ടിയുടെ അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നത്.

മണിക്കൂറില്‍ 6.50 യൂറോ ശമ്പളവും, ഓരോ ഡെലിവറിക്കും എക്സ്ട്രാ 1 യൂറോയും നല്‍കാമെന്നു പറഞ്ഞാണ് കമ്പനി ജോലി നല്‍കിയതെന്നും, എന്നാല്‍ ഓരോ ഡെലിവറിക്കും മാത്രമാണ് തനിക്ക് ശമ്പളം കിട്ടിയതെന്നും (ഇത് ഏകദേശം 4.25 യൂറോ മുതല്‍ 4.75 യൂറോ വരെ മാത്രമേ ഉണ്ടാകൂ) പെണ്‍കുട്ടി പറയുന്നു. ഇതോടെ ജോലി വിടുകയായിരുന്നു. ഫുള്‍ ടൈം കോളജ് വിദ്യാര്‍ത്ഥിനിയായ തനിക്ക് 3-4 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ എന്നും പെണ്‍കുട്ടി പറയുന്നു. ഈ മണിക്കൂറുകളില്‍ വളരെക്കുറവ് ഡെലിവറി മാത്രമേ ഉണ്ടാകൂ. പലപ്പോഴും ഡെലിവറി ഇല്ലാത്തപ്പോള്‍ ശമ്പളം ഇല്ലാതെ തിരിച്ചുപോരേണ്ടിവന്നതായും പെണ്‍കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കല്‍ താന്‍ ഡെലിവറിക്കു പോയപ്പോള്‍ സൈക്കിളില്‍ നിന്നു വീണെന്നും, ആകെ പകച്ചു പോയ താന്‍ കമ്പനിയില്‍ വിളിച്ചപ്പോള്‍ ‘ഡെലിവറി ഫുഡിന് കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ’ എന്നായിരുന്നു കോള്‍ സെന്ററിലെ അധികൃതര്‍ ചോദിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

വളരെപ്പെട്ടെന്ന് ഡെലിവറി നടത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ താനടക്കമുള്ളവര്‍ക്ക് വളരെ സമ്മര്‍ദ്ദമനുഭവിക്കേണ്ടി വന്നതായും ഇവര്‍ വെളിപ്പെടുത്തുന്നു. ഫ്രീ ടൈം ലഭിക്കുമെന്ന് പറഞ്ഞാണ് കമ്പനി, വിദ്യാര്‍ത്ഥികളെയും മറ്റും പാര്‍ട്ട് ടൈം ജോലിക്കെടുക്കുന്നത്. എന്നാല്‍ ഫ്രീ ടൈമില്‍ പണം ലഭിക്കില്ല എന്ന കാര്യം അവര്‍ പറയില്ല. റെസ്റ്ററന്‍രിന്റെ 2.5 കി.മീ പരിധിക്കുള്ളില്‍ മാത്രം ഡെലിവറി നടത്തിയാല്‍ മതിയെന്നു പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇതിനപ്പുറം പോയി ഡെലിവറി നടത്തേണ്ടി വന്നിട്ടുമുണ്ട് എന്ന് പെണ്‍കുട്ടി പറയുന്നു.

Scroll To Top