Sunday September 24, 2017
Latest Updates

ചാര്‍ളി അയര്‍ലണ്ടിലേയ്ക്കും!മായാജാലം ഈ ചാര്‍ളി !

ചാര്‍ളി അയര്‍ലണ്ടിലേയ്ക്കും!മായാജാലം ഈ ചാര്‍ളി !
ഡബ്ലിന്‍:ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ ഹിറ്റ് ഫിലിം ചാര്‍ളി അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു.ജനുവരി 16(ശനി)രാവിലെ 11.45ന്ഡബ്ലിനിലെ സാന്ട്രി,റാത്ത്‌മൈന്‍സ്,സ്ലൈഗോ,ലീംറിക്ക്,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,ഡെറി,ആന്‍ട്രിം,കെന്നഡി സെന്റര്‍ എന്നിവിടങ്ങളിലും,ജനുവരി 17(ഞായര്‍)രാവിലെ 11.45 ന്ഡബ്ലിനിലെ സാന്ട്രിയിലുമാണ് ചാര്‍ളിഎത്തുന്നത്
charli can
മായാജാലം ഈ ചാര്‍ളി !(അവലോകനം:നിതിന്‍ ജോസ്)
സ്വന്തമായി കഥയില്ലാത്തവനും എന്നാല്‍ ചുറ്റുമുള്ളവരുടെ കഥയിലെ വലിയ ഒരു കഥാപാത്രമായവന്‍.ഒരു മാന്ത്രികനെപ്പോലെ പാറി നടന്ന് ചുറ്റുമുള്ളവരില്‍ സ്‌നേഹം നിറച്ച്, അവരുടെ സന്തോഷത്തില്‍ നിര്‍വൃതി കണ്ടെത്തുന്ന ഒരു ജിപ്‌സി. ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ളി’ പറഞ്ഞു വെക്കുന്നതും പോസിറ്റീവ് ആയ ചാര്‍ലിയുടെ കളര്‍ഫുള്‍ ജീവിതമാണ്.
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ കഥാവശേഷനില്‍ ഗോപിനാഥ മേനോന്റെ ആത്മഹത്യയെക്കുറിച്ച് രേണുക നടത്തുന്ന അന്വേഷണം പോലെ ചാര്‍ലിയെ (ദുല്ക്കര്) തേടിയുള്ള കലാകാരിയായ ടെസ്സയുടെ(പാര്‍വതി) അന്വേഷണമാണ് ഈ ചിത്രം. വീട് വിട്ട് കൊച്ചിയില്‍ താമസമാരംഭിക്കുന്ന ടെസ്സ തനിക്കു മുമ്പ് ആ വീട്ടില്‍ താമസിച്ചിരുന്ന ചാര്‍ളിയുമായി മാനസികമായി അടുക്കുന്നു. ഒരിക്കല്‍ പോലും നേരിട്ട് കാണാത്ത അവള്‍ കേട്ടറിവുകളില്‍ നിന്നും അയാള്‍ അടയാളപ്പെടുത്തിപ്പോയ ഗ്രാഫിക് നോവലില്‍ നിന്നും കൌതുകത്തിന് തുടങ്ങിയ ഒരു അന്വേഷണ യാത്ര ആ ‘കഥയും’ കടന്ന് ചാര്‍ലിഎന്ന മനുഷ്യ സ്‌നേഹിയിലേക്ക് എത്തുന്നതാണ് കഥയുടെ രത്‌നച്ചുരുക്കം.

സ്വാതന്ത്ര്യത്തിന്റെ പരമോന്നതിയിലാണു ചാര്‍ളി , പണത്തിന്റെ ഭാരമില്ല , നാളെയെക്കുറിച്ച് ആകുലതയില്ല, ബന്ധങ്ങളുടെ കോട്ടവാതിലുകളില്ല , ജോലിഭാരമില്ല.ആകാശത്തിലെ പറവകളെ പോലെ, വിതയ്ക്കുന്നില്ല കൊയ്യുന്നില്ല , നാളെയ്ക്കായി സമ്പത്ത് സ്വരൂപിക്കുന്നില്ല.ഒരു തരം നൊമാട് ലൈഫ്! വീട് വിട്ട് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കഥാപാത്രങ്ങള്‍ സ്ഥിരമായി തേടിയെത്തുന്നു ദുല്ക്കര്‍ട്രോളന്മാരുടെ പരിഹാസങ്ങള്‍ ഏറെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും ചാര്‍ളിയിലൂടെ ദുല്ക്കര്‍തന്റെ റേഞ്ചും ഫ്‌ലെക്‌സിബിലിറ്റിയും നന്നായി തെളിയിക്കുന്നുണ്ട് . 2015 ല്‍ ‘എന്ന് നിന്റെ മൊയ്തീനിലെ’കാഞ്ചനയിലൂടെ തന്റെ പ്രതിഭ തെളിയിച്ച പാര്‍വതി താന്‍ മികച്ച നടിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ചിത്രത്തില്‍. ഓരോ സിനിമയിലും അമ്പരപ്പിക്കുന്ന വ്യത്യസ്ത ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത് പാര്‍വതി ഒരു പതിവാക്കിയിരിക്കുന്നു)

കള്ളന്‍,ഗുണ്ട,വേശ്യ,വൃദ്ധന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ സിനിമയില്‍ മുഖ്യ ഇടങ്ങളില്‍,നായകന്റെ ഏടിനോട് ചേര്‍ത്ത് പ്രതിഷ്ഠിക്കാന്‍ ഒരു സംവിധായകന്‍ തയ്യാറായി എന്നത് അഭിനന്ദനാര്‍ഹാമാണ്.ഇത്തരം ‘ജനക്കൂട്ടം’ എലമെന്റ്‌റ് ഒരു സൈഡ് ഡിഷ് കണക്കെ സാധാരണ മലയാളം സിനിമയില്‍ പ്രത്യക്ഷപ്പെടാറുള്ളു.ചതിയും വഞ്ചനയും ഇല്ലാതെ നന്മയുടെ കഥയാണ് ചാര്‍ളി പറയുന്നത്.ന്യൂ ജനറേഷനിടയില്‍ നന്മയുടെ തിരിവെട്ടങ്ങള്‍ അണഞ്ഞിട്ടില്ല എന്ന പ്രതീക്ഷ കൂടിയാണ് ചാര്‍ളി.
ഫോര്‍ട്ട് കൊച്ചിയുടെയും മുന്നാറിന്റെയും ഭംഗി ഒപ്പിയെടുക്കുന്നതില്‍ ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ പൂര്‍ണ്ണമായും വിജയിച്ചു എന്ന് പറയാതെ വയ്യ. ടൈറ്റില്‍ കാര്‍ഡ്‌സില്‍ തുടങ്ങി,ടെസ്സ പുതിയ താമസ സ്ഥലത്തേക്ക് വരുന്നത്,തുറന്നിട്ട ജനാലകളിലെ വെളിച്ച വ്യതിയാനം..ബോട്ട് യാത്രകള്‍,…അങ്ങനെ ഓര്‍ത്തെടുക്കാന്‍ ഒത്തിരി ഫ്രെയിമുകള്‍ ജോമോന്‍ നല്‍കുന്നുണ്ട്. ടെസ്സയുടെ മുറി ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ മികച്ചതായതില്‍ ആര്‍ട്ട് ഡയറക്ടര്‍ ജയശ്രീ ലക്ഷ്മി നാരായണനാണ് ക്രെഡിറ്റ്. സത്യത്തില്‍ ഒരു ബിനാലേക്ക് പോയ ഫീല്‍ കിട്ടി ഈ ചിത്രം കണ്ടപ്പോള്‍. സമകാലിക കലയെഇത്രക്ക് ഭംഗിയായി ഉപയോഗപ്പെടുത്തിയ മറ്റൊരു ചിത്രം അടുത്ത കാലത്ത് ഉണ്ടായതായി തോന്നുന്നില്ല.സിനിമയുടെ ഫുള്‍ ഫീല്‍ ഉള്‍ക്കൊണ്ടുകൊണ്ട് റീല്‍ മോങ്ക്‌സ് ഒരുക്കിയ പോസ്റ്റര്‍/ടൈപ്പോഗ്രാഫി കലക്കി!
മടുപ്പിക്കാത്ത അവതരണ ശൈലിയിലാണ് സിനിമ പുരോഗമിക്കുന്നതെങ്കിലും ചില മേഖലകള്‍ മെച്ചപ്പെടുത്താമായിരുന്നു. ചാര്‍ളിയുടെ വരവും പോക്കും വരച്ചുകാട്ടുന്നതിനിടയില്‍ അയാളുടെ യാത്രകള്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടാതെപ്പോയി.കുഞ്ഞപ്പന്‍ ചേട്ടന്റെ സങ്കടം മാറ്റാന്‍ നടത്തിയ ‘സംഗമം’ വിരസമായില്ല എന്നേഉള്ളു. അനവസരത്തിലുള്ള ഗാന രംഗങ്ങള്‍ ദുല്ക്കറിനെ അമാനുഷികനാക്കുന്ന ഗാനങ്ങള്‍ സിനിമയില്‍ കല്ലുകടിയായി അനുഭവപ്പെട്ടു.ഗോപി സുന്ദറിന്റെ ഈണങ്ങള്‍ മാര്‍ക്ക് ചെയ്യപ്പെടാന്‍ മാത്രം സംഭാവനകള്‍ ഒന്നും നല്കുന്നതുമല്ലായിരുന്നു.പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട്. ബെഹെമിയന്‍ വസ്ത്രമണിയിച്ചു ദുല്ക്കറിനെ ലുക്ക് ആക്കിയെടുക്കുന്നതില്‍ സമീറ സനീഷിന്റെ വസ്ത്രാലങ്കാരത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ നല്‍കണം.

‘പകല്‍ പോയാല്‍ എനിക്ക് വഴി തെറ്റും ചേച്ചീ ‘എന്ന ഒറ്റ ഡയലോഗില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന സുനിക്കുട്ടന്‍ എന്ന സൌബിന്‍ ഷാഹീര്‍, കല്‍പ്പന,നെടുമുടി വേണു, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ അവരവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ഇതില്‍ നെടുമുടി വേണു സിനിമയുടെ ജീവനാണ്‍ 500ല്പരം ജൂനിയര് ആര്ട്ടിസ്ടുകളും, 7 ക്യാമറകളും ഉപയോഗിച്ച് 10 ദിവസമെടുത്ത് ക്ലൈമാക്‌സ് രംഗങ്ങള് ചിത്രീകരിക്കാന്‍ സംവിധായകന്‍ കാട്ടിയ ധൈര്യം പ്രയോജനം ചെയ്തിട്ടുണ്ട്.

ചാര്‍ളിലി ഒരു അനുഭവമാണ്.യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്,ഒരു കലാകാരി ഒരു കഥയ്ക്ക് പുറകെ ഇത്രയൊക്കെ നടക്കുമോ എന്നതില്‍ സംശയമില്ലാത്തവര്‍ക്ക്,പഴയ കൂട്ടുകാരനെ/കൂട്ടുകാരിയെ ഫേസ്ബുക്കിലെങ്കിലും തപ്പിപ്പിടിച്ചിട്ടുള്ളവര്‍ക്ക്, അലഞ്ഞുതിരിഞ്ഞു നടന്നിട്ട് ഒടുവില്‍ ലക്ഷ്യം നേടുമ്പോള്‍ ഉണ്ടാകുന്ന എക്‌സൈറ്റ്‌മെന്റ് ആസ്വദിചിട്ടുള്ളവര്‍ക്ക് ചാര്‍ളി ഇഷ്ടമാകും.nithin
മൊത്തത്തില്‍ ഒരു ചെറുകഥ വായിക്കുമെന്നോണം കണ്ടിരിക്കാവുന്ന വല്ലാത്ത ഒരു പോസറ്റീവ് എനര്‍ജി തരുന്ന ലളിതമായ ചിത്രം.അതാണ് ചാര്‍ളി.ഇത്തരം പോസിറ്റീവ് ഫീല്‍ ഇനിയും മലയാളത്തില്‍ ഉണ്ടാകട്ടെ എന്നാശിക്കാം!
നിതിന്‍ ജോസ് (നിജൂള്‍)

 

 

Scroll To Top