Tuesday September 19, 2017
Latest Updates

അയര്‍ലണ്ടിന്റെ മാറുന്ന മുഖവും നിറം മങ്ങുന്ന സത്യസന്ധതയും 

അയര്‍ലണ്ടിന്റെ മാറുന്ന മുഖവും നിറം മങ്ങുന്ന സത്യസന്ധതയും 

ഇതാ ഒരു പുതിയ അയര്‍ലണ്ട് പിറവിയെടുത്തു കഴിഞ്ഞു’.ഹിതപരിശോധനയിലെ ചരിത്രപരമായ വിജയത്തിനു ശേഷം ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന മുദ്രാവാക്യമാണിത്. യൂറോപ്പിന്റെ പാശ്ചാത്യ ഭാഗത്തുള്ള അപരിഷ്‌കൃതരും മതാന്ധരുമായ ഒരുപറ്റം  കത്തോലിക്കരുടെ  രാഷ്ട്രം എന്ന നിലയില്‍ നിന്നും പരിഷ്‌കൃത സമൂഹമായി അയര്‍ലണ്ട് വളര്‍ന്നുകഴിഞ്ഞു എന്നു തോന്നാം ഈ
മുദ്രാവാക്യങ്ങള്‍ കേട്ടാല്‍. എന്നാല്‍ അടിസ്ഥാനപരമായി അയര്‍ലണ്ടിന് മാറ്റം സംഭവിച്ചോ? ഇല്ലെന്നു പറയുകയാണ് അയര്‍ലണ്ടിലെ സ്വതന്ത്ര ചിന്തകരില്‍ ഭൂരിഭാഗവും .
അടിസ്ഥാനപരമായ ‘പുതിയ’ അയര്‍ലണ്ടിലെ യെസ് വിഭാഗത്തിന്റെയും പഴയ കത്തോലിക്കാ അയര്‍ലണ്ടിന്റെയും പൊതുവിലുള്ള സ്വഭാവം എതിര്‍ സ്വരങ്ങളോടുള്ള അസഹിഷ്ണുതയായിരുന്നു.എതിരാളികളെല്ലാം അപരിഷ്‌കൃതരും, സമൂഹത്തിനു ചേരാത്തവരുമെന്ന് പുതിയ അയര്‍ലണ്ട് വാദികള്‍ മുദ്ര കുത്തിയതും,എതിര്‍ക്കുന്നവര്‍ ദൈവത്തിനു നിരക്കാത്തവരും നിന്ദ്യരുമാണെന്ന് കത്തോലിക്കാ സഭകള്‍ വിധിയെഴുതിയിരുന്നതും സമാനമാണ്. പുതിയ അയര്‍ലണ്ട് ത്രിവര്‍ണ്ണ പതാകക്കു പകരം മഴവില്‍ കളറുള്ള പതാക ഇഷ്ടപ്പെടുന്നുണ്ടാവാം.ക്രൂശിത രൂപങ്ങള്‍ക്കു പകരം മാറില്‍ യെസ് ബാഡ്ജ് ധരിക്കുന്നവരുമായിരിക്കാം. അതു
മാത്രമേ പഴയ അയര്‍ലണ്ടുമായി ഇവര്‍ക്ക് വ്യത്യാസമുള്ളൂ.
ഹിതപരിശോധന ഉയര്‍ത്തിപ്പിടിക്കുന്നത് ലൈംഗിക സമത്വമല്ലെന്ന് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ആരാണ് കൂടുതല്‍ പരിഷ്‌കൃതര്‍ എന്ന മത്സരമാണ് യഥാര്‍ഥത്തില്‍ നടന്നത്.മതപരമായ ചട്ടക്കൂടുകളില്‍ ജീവിക്കുന്ന ജനത എന്ന മുദ്രകുത്തലില്‍ നിന്നും രക്ഷപ്പെടുന്നതിനായുള്ള ഒരു ഉപായമായാണ് പലരും ഇതിനെ കണ്ടത്.പല പ്രമുഖരുടെയും പ്രസ്താവനകള്‍ തന്നെ ഇതിനു തെളിവാണ്.
ഹിതപരിശോധനയിലെ വിജയം അയര്‍ലണ്ട് കൂടുതല്‍ പ്രസന്നമായ, ദയാലുക്കളായ, സഹന ശക്തിയുള്ള ഒരു പറ്റം ജനതയുടെ നാടായി പരിണമിച്ചുവെന്ന സന്ദേശം ലോകത്തിനു നല്‍കുമെന്ന എന്‍ഡ കെന്നിയുടെ പ്രസ്താവന നാനാര്‍ത്ഥങ്ങളുള്ളതാണ്. വിഷയത്തില്‍
കെന്നിയുപയോഗിച്ച ഡാര്‍വിന്‍ സിദ്ധാന്തത്തിലെ വാക്കായ പര്‍ണാമം എന്നതാണ് ഒബാമയും ഉപയോഗിക്കാറ് എന്നതും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിന്റെ ബഹുമാന്യത ഉയര്‍ത്താന്‍ ഹിതപരിശോധനാഫലം സഹായിക്കുമെന്ന്
ട്വിറ്റര്‍ തലവന്‍ സ്റ്റീഫന്‍ മക്‌ളിന്റയറും പറഞ്ഞിരുന്നു.
കെന്നിയുടെ പ്രസ്താവനയോടെ യെസ് വോട്ടിനായി വാദിക്കുന്നവര്‍ ആധുനികരും, എതിര്‍ക്കുന്നവര്‍ പ്രാചീനരും അപരിഷ്‌കൃതരുമെന്ന് മുദ്രകുത്തപ്പെടുന്ന അവസ്ഥ സംജാതമായി. ഹിതപരിശോധനയുടെ ഈ ധാര്‍മ്മികപരമാക്കല്‍ അടിസ്ഥാനപരമായി അസഹിഷ്ണുതയില്‍ മാറ്റം വരുന്നില്ല എന്നതിന്റെ തന്നെ സൂചനയായി കാണാം.
ഹിതപരിശോധന ധാര്‍മ്മികപരതയുടെ അളവുകോലായി മാറിയതോടെ നോ പക്ഷത്തുള്ളവര്‍ നിന്ദ്യരായി മാറി. പഴയ അയര്‍ലണ്ടില്‍ വ്യഭിചാരിയായ ഒരാളെ എങ്ങനെ നാസ്തികനും നിന്ദ്യനുമായി സമൂഹത്തില്‍ നിന്നും അകറ്റിനിര്‍ത്തിയോ അങ്ങനെ തന്നെ പുതിയ
അയര്‍ലണ്ട് വാദികള്‍ ഇക്കൂട്ടരോടും പെരുമാറി. പഴയ അയര്‍ലണ്ട് നിരീശ്വരവാദം സമൂഹത്തിന് ആപത്താകുമെന്ന് പ്രചരിപ്പിച്ചതിനേക്കാള്‍ ശക്തിയോടെ പുതിയ അയര്‍ലണ്ട് സ്വവര്‍ഗ്ഗരതിക്കെതിരായ വാദം സമൂഹത്തെ പിറകോട്ടടിക്കുമെന്ന്
വാദിച്ചു കൊണ്ടിരിക്കുന്നു.
ക്രൂശിത രൂപങ്ങള്‍ക്കു പകരം സ്വവര്‍ഗ്ഗരതിയോട് അനുഭാവം പ്രകടിപ്പിച്ചുള്ള പതാക സ്ഥാപിക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ അടുക്കുന്നു. സെന്റ് വിന്‍സന്റ് ഡി പോള്‍ ബാഡ്ജുകള്‍ക്കു പകരം ഇനി യെസ് ബാഡ്ജുകള്‍ അണിയാം.അങ്ങനെയെങ്കില്‍ നിങ്ങള്‍ നേരായചിന്തയുള്ള, സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതപ്പെട്ട ഒരാളാണെന്ന് ആളുകള്‍ മനസിലാക്കി കൊള്ളും.കഷ്ടകാലത്തിനു നോ ബാഡ്ജ് ധരിച്ചു പോയാല്‍ 21ആം നൂറ്റാണ്ടിലെ ഏറ്റവും അപരിഷ്‌കൃതനായി നിങ്ങള്‍ ക്രൂശിക്കപ്പെടുകയും ചെയ്‌തേക്കാം.

അയര്‍ലണ്ട് എത്തിച്ചേര്‍ന്നത് സഹിഷ്ണുതയിലേക്കല്ലെന്നും ഇടുങ്ങിയ മനസ്ഥിതിയുള്ള ഒരു തരം പുരോഗമന വാദത്തിലേക്കാണെന്നും, പഴയ അയര്‍ലണ്ടിനുണ്ടായിരുന്ന സത്യസന്ധത പോലും ഇവിടെ നഷ്ടമായെന്നും ബ്രെണ്ടന്‍ ഓ നീല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞതാണ് ശരിയെന്ന് തോന്നിപ്പോയാല്‍ ആര്‍ക്കും അത് നിഷേധിക്കാനാവില്ല!

ആര്‍ സി 

Scroll To Top