Saturday September 23, 2017
Latest Updates

ഐറിഷ് മലയാളികളുടെ ജീവിതം മാറ്റി മറിക്കുന്ന വെള്ളക്കരം !! ( ഒരു ഹാസ്യ അവലോകനം- സെബി സെബാസ്റ്റ്യന്‍ )

ഐറിഷ് മലയാളികളുടെ ജീവിതം മാറ്റി മറിക്കുന്ന വെള്ളക്കരം !! ( ഒരു ഹാസ്യ അവലോകനം- സെബി സെബാസ്റ്റ്യന്‍ )

രണ്ട് ബില്‍ ,ഗ്യാസ് ബില്‍ , ഇന്റര്‍നെറ്റ് ബില്‍, ഫോണ്‍ ബില്‍ എന്നിവയ്‌ക്കൊപ്പം വാട്ടര്‍ ബില്ലു കൂടി വരുന്ന ജനുവരി മാസം മുതല്‍ ഐറിഷ് ഭവനങ്ങളിലെത്തും.ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ ഉപയോഗിച്ച വെള്ളത്തിന്റെ വില അന്ന് കൊടുക്കേണ്ടി വരും. ഈ ബില്ലിലെ തുക കണ്ടു ഞെട്ടുന്ന മലയാളി തനിക്കു മാത്രം കൈമുതലായുള്ള കുരുട്ടു ബുദ്ധിയില്‍ കാട്ടികൂട്ടാന്‍ പോകുന്ന കോലാഹലങ്ങള്‍ എന്തൊക്കെയായിരിക്കും ?

രാവിലെ ഡ്യുട്ടിക്ക് പോകുന്നതിനു മുന്‍പും ,ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷവും ദിവസേന രണ്ടു നേരം വച്ച് കുളിച്ചുകൊണ്ടിരുന്ന മലയാളി ‘ദിവസകുളി’ തന്നെ വേണ്ടെന്നു വയ്ക്കും. അതിനവന്‍ കാരണവും കണ്ടെത്തും ;സായിപ്പന്മാര്‍ ദിവസവും കുളിക്കാറുണ്ടോ?അങ്ങനെ കുളി ആഴ്ചയില്‍ രണ്ടോ മുന്നോ ആക്കി കുറച്ചു ‘കുളിചെലവ്’ നിയന്ത്രിക്കും. എന്നിട്ട് സുഗന്ധദ്രവ്യങ്ങള്‍ വാരി പൂശി ജോലിക്ക് പോയി തുടങ്ങുമ്പോള്‍ താനും തനി സായിപ്പായി എന്ന് മനസ്സില്‍ സ്വകാര്യമായി അഹങ്കരിക്കും !

 ജല പീരങ്കികള്‍ തേടി പോവേണ്ട കാലം !


ജല പീരങ്കികള്‍ തേടി പോവേണ്ട കാലം !

പല്ല് തേയ്ക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ടാപ്പ് ഓണക്കിയിടുന്ന മലയാളി ഇനി മുതല്‍ മടി കളഞ്ഞു ടാപ്പ് തുറന്നും അടച്ചും ,തുറന്നും അടച്ചും വായ് കഴുകാന്‍ പഠിക്കും. ടോയലെട്ടില്‍ പോകുമ്പോള്‍ ഇപ്പോളും നാടന്‍ രീതി തന്നെ ഉപയോ ഗിക്കുന്നവര്‍ ഇനിയും ആരെങ്കിലും ശേഷിക്കുന്നുന്‌ടെങ്ങില്‍ അവര്‍ ഉടനടി ടോയലെറ്റ് പേപ്പറിലേക്ക് മാറും എന്ന് പ്രത്യകം പറയേണ്ടതില്ലല്ലോ!!? അതുപോലെ തന്നെ ഒന്ന് മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ ഫ്‌ലഷ് ചെയുവനായി ഫ്‌ലഷ് ടാങ്കിന്റെ ലിവറിലേക്ക് കൈ നീട്ടുമ്പോള്‍ അവന്റെ മനസ്സില്‍ വാട്ടര്‍ ബില്‍ ഒരു വെള്ളിടിയായി മിന്നും!! കൈ പിന്‍വലിച്ചു അവന്‍ ചിന്തിക്കും ‘ അല്ലെങ്ങില്‍ വേണ്ട മൂന്ന് പ്രാവശ്യം കൂടി മൂത്രമൊഴിച്ചു കഴിഞ്ഞു ഒരുമിച്ചു ഫ്‌ലഷ് ചെയ്യാം !!’.ചില അതി ബുദ്ധിമാന്മാര്‍ മൂത്ര ശങ്ക വരുമ്പോള്‍ മാത്രമായിരിക്കും സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ അവന്റെ വീട്ടില്‍ ചെല്ലുന്നത് ( ശത്രുതയുള്ളവര്‍ക്ക് ബന്ധം പുതുക്കാന്‍ എന്ന പേരില്‍ അവരുടെ വീട്ടില്‍ ചെന്ന് ഇങ്ങനെ വീണ്ടും പണി കൊടുക്കാം !! )

ബാല്യം വിടാത്ത കുട്ടികള്‍ ടോയലെറ്റില്‍ പോയാല്‍ മടി മൂലം തിരിഞ്ഞു നോക്കാത്ത മാതാപിതാക്കള്‍ ഇനി മുതല്‍ ടോയലെറ്റില്‍ എല്ലാ കാര്യങ്ങളിലും അവരെ സുപ്പെര്‍വൈസു ചെയ്യും.പല്ല് തേക്കുന്നത് മുതല്‍ കുളിക്കുന്നത് വരെ എല്ലാകാര്യങ്ങളിലും വെള്ളം എങ്ങനെ കുറച്ചു ഉപയോഗിക്കാം എന്ന് നിര്‍ദേശങ്ങള്‍ കൊടുത്ത് കൂടെ നില്‍ക്കുമ്പോള്‍, പാവം കുട്ടികള്‍ വിചാരിക്കും.’പപ്പക്കും മമ്മിക്കും ഇപ്പോള്‍ എന്നോട് സ്‌നേഹം കൂടിയിട്ടുണ്ടെന്ന് .അവര്‍ക്കറിയില്ലല്ലോ വാട്ടര്‍ ബില്ലിന്റെ കാര്യം !’

ബാത്ത് ടബുകളില്‍ സോപ്പ് പതപ്പിച്ചു കളിച്ചു രസിച്ചുകൊണ്ടിരുന്ന കുളി ഇനി അവര്‍ക്ക് ഓര്‍മ്മ മാത്രമാകും .ചുരുക്കം പറഞ്ഞാല്‍ മലയാളി ഭവനങ്ങളിലെ ബാത്ത് ടബുകള്‍ മ്യുസിയത്തിലെ കാഴ്ചവസ്തുക്കള്‍ പോലെയാകും !

കുട്ടികള്‍ക്ക് സമ്മറില്‍ ഗാര്‍ടനില്‍ കളിയ്ക്കാന്‍ വാങ്ങിയ വാട്ടര്‍ പൂളുകളും മറ്റും Done Deal ലില്‍ ഇട്ടു കിട്ടുന്ന വിലക്ക് വില്‍ക്കും . വെള്ളം അമൂല്യ വസ്തുവാണെന്ന് ഓരോ മലയാളിയും ആദ്യമായി തന്റെ മക്കളെ പറഞ്ഞു പഠിപ്പിക്കും.കുട്ടികള്‍ വാ പൊളിച്ചു നില്‍ക്കുമ്പോള്‍ ലോകം അഭിമുഖീ കരിക്കുന്ന ശുദ്ധജല ദൌര്‍ലഭ്യത്തെപറ്റി അവര്‍ക്ക് ക്ലാസ്സെടുക്കും !!

ഇറച്ചിയും ,മീനും, പച്ചകറികളും, അരിയും പല ആവര്‍ത്തി കഴുകികൊണ്ടിരുന്ന മലയാളിക്ക് അവര്‍ത്തനവിരസത അനുഭവപ്പെട്ടു തുടങ്ങും . കഴുകലിന്റെ എണ്ണം കുറയ്ക്കും.കൂടാതെ ,ഈ രാജ്യക്കാരെ പോലെ മാംസവും ,മത്സ്യവും നേരെ ഗ്രില്‍ ചെയ്താല്‍ എന്താ കുഴപ്പം എന്ന് അവന്‍ ആലോചിക്കാന്‍ തുടങ്ങും .സ്വാദും കൂടുമല്ലോ? ഈ തിരിച്ചറിവുകള്‍ ക്ക് കുറച്ചു വൈകിപ്പോയി എന്നെ ഉള്ളു .

മഴ പെയ്യുമ്പോള്‍ മലയാളിയുടെ ഗാര്‍ഡനിലും മറ്റും ചട്ടികളും ,ബക്കറ്റുകളും നിറയും!! റുഫിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം ശേഖരിക്കാന്‍ ഇതിനു മുന്‍പ് എന്തെ ഞാന്‍ ശ്രമിച്ചില്ല ? വീണ്ടും കുറ്റബോധം അലട്ടുന്നു !!

മഞ്ഞു പെയുമ്പോഴായിരിക്കും ഏറ്റവും രസം !പുറത്തേക്കു നോക്കി നില്‍ക്കുമ്പോള്‍ ആകാശത്തുനിന്നും പെയ്തിറങ്ങുന്ന യുറോ നാണയങ്ങള്‍ അവന്റെ മനസ്സില്‍ കുളിര് കോരിയിടും ! ഡ്യൂട്ടി പോലും ഉപേക്ഷിച്ചു കുമിഞ്ഞു കൂടിയ മഞ്ഞു മാറ്റാന്‍ വലിയ ബക്കറ്റുകളുമായി അവന്‍ രംഗത്തിറങ്ങും.

അയല്‍ പക്കത്തുള്ള മറ്റു രാജ്യക്കാര്‍ ഇത് കണ്ടു എത്ര നല്ലവരാണീ മലയാളികള്‍ എന്ന് തെറ്റിദ്ധരിക്കും ! വലിയ പാത്രങ്ങളില്‍ ശേഖ രിച്ചു വീട്ടില്‍ കൊണ്ടുവരുന്ന നിര്‍മലമായ മഞ്ഞു ഉരുക്കി മലയാളി നിത്യകര്‍മങ്ങള്‍ നടത്തുമ്പോള്‍ മനസ്സില്‍ പറയും ഒരു ദിവസത്തെ ജോലിയില്‍ നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ‘സേവിങ്ങ്‌സ് ‘ ഞാന്‍ ഡ്യൂട്ടിക്കു പോകാതെ ഉണ്ടാക്കി !

seby sഅങ്ങനെ, അയല്‍ക്കാരുടെ മുന്‍പില്‍ സാമുഹ്യ സേവനം ചെയ്യുന്നവരായി മാറി, കുട്ടികളുടെ മുന്‍പില്‍ സ്‌നേഹവും ഉത്തരവദിത്വവുമുള്ള മാതാപിതാക്കളായി മാറി, കൂട്ടുകാര്‍ക്കു പിന്നെയും പിന്നെയും പണി കൊടുത്തു ,അതിബുദ്ധിമാനായ മലയാളി ഐറിഷ് വാട്ടര്‍ ബില്ലിനെ സധൈര്യം നേരിട്ട് സന്തോഷകരമായി വര്‍ഷങ്ങളോളം ഇവിടെ സസുഖം വാഴും !! 

സെബി സെബാസ്റ്റ്യന്‍ സെല്‍ബ്രിഡ്ജ് 

Scroll To Top