Sunday December 11, 2016
Latest Updates

രാഷ്ട്രീയം മാറുന്നതനുസരിച്ച് അടവുനയത്തില്‍ മാറ്റമാകാമെന്ന് സീതാറാം യെച്ചൂരി; കോണ്‍ഗ്രസുമായി ചില വിഷയങ്ങളില്‍ സഹകരിക്കും

രാഷ്ട്രീയം മാറുന്നതനുസരിച്ച് അടവുനയത്തില്‍ മാറ്റമാകാമെന്ന് സീതാറാം യെച്ചൂരി; കോണ്‍ഗ്രസുമായി ചില വിഷയങ്ങളില്‍ സഹകരിക്കും

ന്യൂഡല്‍ഹി: രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറുന്നതിന് അനുസരിച്ച് അടവുനയരേഖയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി അംഗീകരിച്ച അടവുനയരേഖയില്‍ മാറ്റങ്ങള്‍ ചിലപ്പോള്‍ വരുത്തേണ്ടി വന്നേക്കാം. അത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് നിര്‍ണയിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മലയാളം ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ കക്ഷികളുമായി വിഷയാധിഷ്ടിതമായ സഹകരണം പാര്‍ട്ടിയില്‍നിന്നുണ്ടാകുമെന്ന സൂചനയും യെച്ചൂരി നല്‍കുന്നുണ്ട്.

കേരളത്തിലെ പാര്‍ട്ടിയില്‍ ഒറ്റയാനായി നില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി ആശംസ അര്‍പ്പിച്ചതും പിന്തുണ പ്രഖ്യാപിച്ചതിനെയും കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതേസമയം കേരളത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും വിഎസിന്റെ നടപടിയെയും യെച്ചൂരിയുടെ നടപടിയെയും വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലും മറ്റും പോസസ്റ്റിടുന്നത് കണ്ടു. ദേശാഭിമാനി പത്രത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും വിഎസ് വിരുദ്ധതയുടെ പേരില്‍ ചാനല്‍ ചര്‍ച്ചകളിലൂടെ ശ്രദ്ധേയനായ പിഎം മനോജ് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഉദാഹരണം. വിഎസ് അച്യുതാനന്ദന്‍ പരസ്യമായി ആശംസ അര്‍പ്പിച്ചതും അത് ഏറ്റുവാങ്ങി പ്രതികരിച്ച സീതാറാം യെച്ചൂരിയും ചെയ്തത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണെന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ വിലയിരുത്തിയത്.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളെ കുറിച്ചും പിണറായി വിജയനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴും യെച്ചൂരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. പുതിയ സെക്രട്ടറിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് സമവായത്തില്‍ എത്തിച്ചേര്‍ന്നത്. പിണറായി വിജയനുമായി വ്യക്തിപരമായി ശത്രുതയില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് അത് തക്കസമയത്ത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നെന്ന് യെച്ചൂരി തന്നെ തുറന്നു സമ്മതിച്ചിട്ടും അതിനെ ഉള്‍ക്കൊള്ളാനാകാത്ത വിധത്തിലാണ് ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള കേരളത്തിലെ നേതാക്കള്‍ പ്രതികരിച്ചത്. സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമുണ്ടായിട്ടില്ലെന്നും കേന്ദ്രകമ്മറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുക പോലും ചെയ്തിട്ടില്ലെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദ്ദേശിച്ച പേരിനെ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ഏകകണ്ഠമായി പിന്തുണയ്ക്കുകയായിരുന്നെന്നും തോമസ് ഐസക്ക് പറയുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയുമായി നോക്കുമ്പോള്‍ നേര്‍ വിപരീതമാണ് തോമസ് ഐസക്കിന്റെ പ്രസ്താവന. വിഎസ് ആകട്ടെ തര്‍ക്കമുണ്ടായിരുന്നെന്ന് നേരത്തെ തന്നെ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും തന്റെ പിന്തുണ യെച്ചൂരിക്കാണെന്ന് പരസ്യ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

Scroll To Top