Tuesday November 21, 2017
Latest Updates

ഡബ്ലിനിലെ ലിക്വര്‍ റൂംസില്‍ ജോലി ചെയ്യുന്ന(പ്രശസ്തയായ)ഈ മലയാളി പെണ്‍കുട്ടി അയര്‍ലണ്ടിനെ പ്രണയിക്കുന്നുവോ?

ഡബ്ലിനിലെ ലിക്വര്‍ റൂംസില്‍ ജോലി ചെയ്യുന്ന(പ്രശസ്തയായ)ഈ മലയാളി പെണ്‍കുട്ടി അയര്‍ലണ്ടിനെ പ്രണയിക്കുന്നുവോ?

ഡബ്ലിന്‍:ഡബ്ലിനിലെ വെല്ലിംഗ്ടണ്‍ ക്വേയിലെ ലിക്വര്‍ റൂംസ് എന്ന പ്രശസ്ത ഹോട്ടലിന്റെ ബാര്‍ റൂമില്‍ ചുറു ചുറുക്കോടെ ഓടിനടക്കുന്ന ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറിന്റെ ചുമതലയുള്ള, ഒരു മാനേജരെ നിങ്ങള്‍ക്ക് പരിചയപ്പെടാം.ഡബ്ലിനിലെ കലാ സാംസ്‌ക്കാരിക കൂട്ടായ്മയില്‍ ജോലി ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ആ ചെറുപ്പക്കാരി ഇന്ത്യക്കാരിയാണ്.കൃത്യമായി പറഞ്ഞാല്‍ ഒരു മലയാളത്തുകാരി. ഒരിക്കല്‍ ഇന്ത്യയുടെ ‘ പ്രഥമ ചെറുമകള്‍ ആയിരുന്ന’ `ഒരു പെണ്‍കുട്ടി. മറ്റാരുമല്ല, മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്റെ കൊച്ചു മകള്‍ ചന്ദ്രിക നാരായണന്‍ മോഹന്‍ … li r 2

300 മുറികളും, വിശാലമായ പൂന്തോട്ടങ്ങളും ബാഡ്മിന്റ്ണ്‍ കോര്‍ട്ടും സിനിമാ ശാലയും ഒക്കെ ഉളള ഇന്ത്യയുടെ രാഷ്ട്രപതിഭവനില്‍ വളര്‍ന്ന കാലം ഒരു സ്വപ്നം പോലെയാണ് ഉഴവൂരിന്റെ കൊച്ചുമകളായ ചന്ദ്രിക ഓര്‍ക്കുന്നത്. കൊട്ടാരത്തിന്റെ ചുറ്റും സൈക്കിള്‍ ചവിട്ടി നടന്നിരുന്നതും ബാങ്കിറ്റ് ഹാളുകള്‍ക്ക് പുറത്ത് റോളര്‍ ബ്ലേഡില്‍ പാഞ്ഞ് നടന്നതും ചന്ദ്രിക മറന്നിട്ടില്ല.

മുത്തശ്ചന്‍ ഇന്ത്യന്‍ പ്രസിഡണ്ട് ആയതിന്റെ പേരില്‍ ഒരു ബോഡി ഗാര്‍ഡുമായി ആറു വര്‍ഷം നടക്കേണ്ടി വരുന്നത് ആര്‍ക്കാണ് സഹിക്കാന്‍ കഴിയുക?’എനിക്കവിടം ബോറായിരുന്നു!ഒറ്റപ്പെട്ട തിരിഞ്ഞു നോക്കുമ്പോള്‍ അത് മറ്റാരുടേയോ ജീവിതമായിരുന്നു എന്നാണ് തോന്നുന്നത്’.ഡബ്ലിനിലെ തിരക്കുള്ള ജോലിയ്ക്കിടയില്‍ മലയാളത്തിന്റെ കൊച്ചുമകള്‍ പറയുന്നു.

ചന്ദ്രികയ്ക്ക് ഒന്‍പത് വയസ്സ് ഉളളപ്പോഴാണ് കെ ആര്‍ നാരായണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.’രാഷ്ട്രപതി ഭവനിലെ ആര്‍ഭാടപൂര്‍വ്വമായ ജീവിതം ആസ്വദിക്കുമ്പോഴും തങ്ങളുടെ കുടുംബം യഥാര്‍ത്ഥത്തില്‍ എന്നെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു’ ചന്ദ്രിക പറയുന്നു.ആകെയുള്ള ഒരേ ഒരു കുട്ടി വഷളായിപ്പോയാലോ എന്നായിരുന്നു വിഷമം. കുഴപ്പം ഒന്നുമില്ലാത്ത മുതിര്‍ന്ന ഒരാളായി താന്‍ മാറിയെന്നതില്‍ സ്വയം അത്ഭുതം കൂറുന്നു.തന്റെ കൗമാരത്തില്‍ അമ്മയോടൊപ്പം വിദേശത്താണ് ജീവിച്ചത്.അമ്മ ചിത്ര വത്തിക്കാന്റെയും സ്വിസ്സ്‌സര്‍ലണ്ടിന്റെയും അമ്പാസിഡറായിരുന്നു.പഠിച്ചിരുന്ന സ്റ്റോക്ക് ഹോമിലെ ഇന്റര്‍ നാഷണല്‍ സ്‌കൂളിന് സാധാരണ ഒരു ഹൈസക്കൂളില്‍ നി്ന്ന് വ്യത്യസ്തമായ ഒരു കൂട്ടം നിയമങ്ങളാണ് ഉണ്ടായിരുന്നത്.

 യൂ സി ഡി യിലെ കൂട്ടുകാരോടൊപ്പം


യൂ സി ഡി യിലെ കൂട്ടുകാരോടൊപ്പം

 ഒരു ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് കയ്യിലുണ്ടെങ്കിലും, ഒരു ഇന്ത്യക്കാരിയായി മാറാന്‍ അവള്‍ പാടുപെടുകയാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് മാതൃഭാഷ ആയ ഒരാള്‍ എന്ന നിലയില്‍. അപ്പൂപ്പന്‍ ഇന്ത്യക്കാരനും അമ്മൂമ്മ ബര്‍മ്മക്കാരിയും ആയിരുന്നു.അവര്‍ സംസാരിച്ചതാവട്ടെ ഇംഗ്ലീഷും അങ്ങനെ അമ്മയുടെ ഭാഗത്ത് നിന്ന് കുടുംബം മൊത്തം ഇംഗ്ലീഷ് മാതൃഭാഷ ആയവരായി. എങ്കിലും ഹിന്ദി ഒഴുക്കോടെ സംസാരിക്കുക എന്ന ഒരു സ്വപ്നം ഇടയക്ക് അലട്ടാറുണ്ട്. രണ്ടാം ഭാഷ എന്ന നിലയില്‍ പഠിച്ചിട്ടുണ്ട് എന്നാലും ഇപ്പോഴും ശരിയ്ക്ക് വഴങ്ങിയിട്ടില്ല. വര്‍ഷങ്ങളായി സംസാരിച്ചിട്ടില്ല എന്നത് തന്നെ കാരണം. ഇന്ത്യക്കാരന്‍ ആവുകയും എന്നാല്‍ ഹിന്ദി സംസാരിക്കാന്‍ അറിയാതിരിക്കുകയും ചെയ്യുന്നത് മോശമാണെന്ന് തോന്നാറുണ്ട്..ചന്ദ്രിക പറയുന്നു.ഇംഗ്ലീഷും ഹിന്ദിയും മലയാളവും ഒന്നുമല്ലാത്ത ഒരു മൂന്നാം സംസ്‌ക്കാരക്കാരിയായി വളരേണ്ടി വന്നു എന്ന വിഷമവും ഉണ്ട്…

പതിനാറാം വയസ്സില്‍ ഉപരി പഠനത്തിന് തുര്‍ക്കിയിലേക്ക്, ടര്‍ക്കിഷ് അറിയില്ലെങ്കിലും തുര്‍ക്കിയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബിരുദാന്തര ബിരുദത്തിനായി അപേക്ഷിക്കുന്ന സമയമായപ്പോഴേക്കും ബിരുദമെടുക്കാന്‍ പോയ യു കെ വിടേണ്ട അവസ്ഥയായി, കാരണം മാറിയ ഇമിഗ്രേഷന്‍ റൂളുകള്‍. ഈ സമയത്താണ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നോക്കിത്തുടങ്ങിയത്. അങ്ങനെ അയര്‍ലണ്ടിലെ താന്‍ അതു വരെ കേട്ടിട്ടില്ലാത്ത യു സി ഡി എന്ന ഒരു യൂണിവേഴ്‌സിറ്റി ശ്രദ്ധയില്‍പ്പെട്ടത്. 

അങ്ങനെ അവിചാരിതമായാണ് അയര്‍ലണ്ടിലെത്തിയത്.പഠനത്തോടൊപ്പം ചന്ദ്രിക ഇപ്പോള്‍ ഡബ്ലിന്‍ നഗരത്തെ  അറിയുകയാണ്. തീയേറ്ററുകളിലും സാഹിത്യപരിപാടികളിലും ഒറ്റയ്ക്ക് എത്തി സാന്നിധ്യമറിയിക്കുന്നു. നേരത്തേ തന്നെ നാടകങ്ങളോട് ചെറിയൊരു ഇഷ്ടം മാത്രമുണ്ടായിരുന്നു… ബര്‍ണാഡ് ഷായുടെയും ഓസ്‌കാര്‍ വൈല്‍ഡിന്റെയും നഗരത്തില്‍ ഇന്നും ഒട്ടും കൈമോശം വരാത്ത നാടകവിസ്മയങ്ങള്‍ അവിശ്വസനീയമെന്ന് ചന്ദ്രിക അത്ഭുതം കൂറുന്നു 

അന്വേഷണങ്ങളുടെ ആദ്യ ആഴ്ചയില്‍ ‘ സ്‌പോക്കണ്‍ വേര്‍ഡ്‌സിനുളള’ ഒരു മൈക്ക് നൈറ്റില്‍ പങ്കെടുത്തു. ജീവിതത്തില്‍ ഒരിക്കലും അതിന് മുമ്പ് മൈക്കിന് മുമ്പില്‍ പോയിട്ടില്ലാഞ്ഞ ചന്ദ്രിക. ഇപ്പോള്‍ സ്‌റ്റേജുകളെ വല്ലാതെ ഇഷ്ടപ്പെടുന്നു.ഇന്ത്യന്‍ നഗരങ്ങളെ അപേക്ഷിച്ച് ചെറിയ സ്ഥലമാണെങ്കിലും മാസ്മരികമാണ് ഡബ്ലിന്‍ എന്ന് അഭിപ്രായപ്പടുന്ന ഈ ചെറുപ്പക്കാരി അയര്‍ലണ്ടില്‍ താമസിക്കുന്നതും ഐറിഷായി മാറുന്നതും താന്‍ മനോരാജ്യം കാണുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഡബ്ലിന്‍ ഒരു തീര്‍ഥാടനകേന്ദ്രം തന്നെ…ചന്ദ്രിക പറയുന്നു. 

ലിക്വര്‍ റൂംസിലെ സായാഹ്നം

ലിക്വര്‍ റൂംസിലെ സായാഹ്നം

വെല്ലിംഗ്ടണ്‍ ക്വേയില്‍ രാത്രി വൈകിയും നടക്കുന്ന പാര്‍ട്ടികളും കലാവിരുന്നുകളും ഇപ്പോള്‍ ഡബ്ലിനിലെ കലാപ്രേമികള്‍ക്കിടയില്‍ പ്രശസ്തമാണ്.തികച്ചും ഡിപ്ലോമാറ്റിക്ക് സ്‌റ്റൈലിലാണ് പുതിയ മാനേജര്‍ രംഗം കൈകാര്യം ചെയ്യുന്നത്.

ഡബ്ലിന്‍ നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേരുകയാണ് ചന്ദ്രിക.ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രപതി ഭവനിന്റെ നിശബ്ദത നിറഞ്ഞ പുലര്‍കാലങ്ങളില്‍ നിന്നും ശബ്ദമുഖിരതവും സംഗീത സാന്ദ്രവുമായ ഡബ്ലിന്‍ നഗരത്തിന്റെ സായാഹ്നങ്ങളിലേയ്ക്ക്….

ഐറിഷ് മലയാളി ന്യൂസ് സര്‍വീസ് 

മുത്തശ്ചനൊപ്പം ചന്ദ്രിക

മുത്തശ്ചനൊപ്പം ചന്ദ്രിക

 

Scroll To Top