Thursday December 08, 2016
Latest Updates

ചന്ദ്രബോസ് കൊലക്കേസ് :പ്രതി നിസാമിന് 24 വര്‍ഷം കഠിനതടവും 80 ലക്ഷം രൂപാ പിഴയും 

ചന്ദ്രബോസ് കൊലക്കേസ് :പ്രതി നിസാമിന് 24 വര്‍ഷം കഠിനതടവും 80 ലക്ഷം രൂപാ പിഴയും 

തൃശൂര്‍:പണത്തിന്റെ അഹങ്കാരത്തില്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴത്തുകയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കണം.

ക്രൂരമായ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ കോടതി ഐ.പി.സി 302 പ്രകാരം ജീവപര്യന്തം ശിക്ഷയ്ക്ക് പ്രതി അര്‍ഹനാണെന്ന് വിധിച്ചു. മറ്റ് ആറു വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം തടവുശിക്ഷയും പ്രത്യേകം അനുഭവിക്കണം. കോടതിയില്‍ കള്ളസാക്ഷി പറഞ്ഞ നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസെടുക്കാനും ജഡ്ജി കെ.പി സുധീര്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.50നായിരുന്നു നിര്‍ണായക വിധി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും 70 ലക്ഷം രൂപ പിഴയും, 323 പ്രകാരം ഒരു വര്‍ഷവും 324 പ്രകാരം മൂന്നു വര്‍ഷവും 326 പത്തു വര്‍ഷവും ഒരു ലക്ഷം രൂപയും 427 പ്രകാരം രണ്ടു വര്‍ഷവും ഇരുപതിനായിരം രൂപയും 449 പ്രകാരം അഞ്ചു വര്‍ഷം പതിനായിരം രൂപയും 506 പ്രകാരം വധഭീഷണിക്ക് മൂന്നു വര്‍ഷവും ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഓരോ ശിക്ഷയും പ്രത്യേകം അനുഭവിക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായാണ് ഇത്രയും ശിക്ഷ നല്‍കുന്നത്. ഇത്രയും ഉയര്‍ന്ന പിഴത്തുക ചുമത്തുന്നതും അപൂര്‍വ്വമാണെന്നും പ്രോസിക്യുഷന്‍ പറഞ്ഞു.

അതേസമയം, പ്രതിക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയി എന്ന് വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നു. വിധിയില്‍ നിരാശയുണ്ടെന്ന് ചന്ദ്രബോസിന്റെ ഭാര്യ ജമന്തി പ്രതികരിച്ചു. വധശിക്ഷയാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.

പ്രോസിഷക്യൂഷന്‍ സാക്ഷികളെ കോടതി പൂര്‍ണ്ണമായും വിശ്വസിച്ചു. പ്രതിക്കു വേണ്ടി സാക്ഷി പറയാന്‍ വന്ന രണ്ട് ഡോ. സെയ്ദു മുഹമ്മദ്, ഡോ. ശര്‍മ്മ എന്നിവരെയും കോടതി അവിശ്വസിച്ചിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു വ്യക്തമാക്കി.

നിഷാമിനെതിരായ ഒമ്പത് കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞതായി കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കൊലപാതകം മുന്‍വൈരാഗ്യം മൂലമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. 

Scroll To Top