Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

അയര്‍ലണ്ടിലെ വിദഗ്ദ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനംലഭിച്ച തൊഴിലാളികളുടെ ദൌര്‍ലഭ്യം അനുഭവപ്പെടുന്നതായി വെളിപ്പെടുത്തല്‍.പരിശീലനം ലഭിച്ച തൊഴിലാളികളെ രാജ്യത്ത് ലഭിക്കാതെ വന്നാല്‍ മുന്‍കാലങ്ങളില്‍ ചെയ്തിരുന്നത് പോലെ വീണ്ടും വിദഗ്ദ്ധ തൊഴിലാളികള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് ചില തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്. 

കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ (സിഇഎഫ്) പറയുന്നത് അനുസരിച്ച്, ചില മേഖലകളില്‍ 2012 മുതല്‍ രാജ്യത്ത് വിദഗ്ദ്ധ തൊഴില്‍ പരിശീലനം നേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാവുന്നുണ്ട്. 2013 ലെകണക്കില്‍ നിന്നും 46 ശതമാനം വര്‍ദ്ധിച്ച് 2014ല്‍ 2100 പേര്‍ വിദഗ്ദ്ധ തൊഴിലാളികളുടെ കീഴില്‍ തൊഴില്‍ പരിശീലനത്തിനായി ചേര്‍ന്നിരുന്നു.

ആകെ 20 പരിശീലന പദ്ധതികള്‍ ആണ് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇവയില്‍ ഉപകരണ നിര്‍മ്മാണം ഒഴികെ മറ്റുള്ളവയേക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഇലക്ട്രിക്കല്‍, ആശാരി പണി, പ്ലംബിംഗ് എന്നീ മേഖലകളില്‍ ആണ് കൂടുതലായി ആളുകള്‍ ചേരുന്നത് എന്നും സംഘടന പറയുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, രാജ്യത്ത് ഓരോ വര്‍ഷവും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം വച്ചു നോക്കുകയാണെങ്കില്‍ തൊഴില്‍ പരിശീലനം നേടുന്നവരുടെ എണ്ണം നന്നേ കുറവാണെന്ന് സംഘടനാ വക്താവ് പ്രതികരിച്ചു. കൂടുതല്‍ തൊഴിലാളികളെ വിദേശത്തു നിന്നും ഇറക്കു മതി ചെയ്തില്ലെങ്കില്‍ ഉത്പാദന മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

നിര്‍മ്മാണ മേഖല മാത്രമല്ല രാജ്യത്തെ ബുച്ചറി പോലെയുള്ള പലതൊഴില്‍ മേഖലയിലും രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്നുവെന്ന് എസിബിഐ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യവസായികള്‍ പഴയതു പോലെ തൊഴില്‍ പരിശീലകരെ(അപ്രന്റീസ്ഷിപ്പ് ) നിയമിക്കാത്തതാണ് പ്രതിസന്ധിക്കുകാരണമായി പറയപ്പെടുന്നത്.

. രാജ്യത്ത് കശാപ്പുകാരെ പരിശീലിപ്പിക്കുന്നതിനായുള്ള ഏക സംഘടനയാണ് എസിബിഐ. ഓരോ വര്‍ഷവും 60 തൊഴിലാളികള്‍ വീതം പരിശീലനം കഴിഞ്ഞു പുറത്തിറങ്ങുന്നതായി സംഘടനാ വക്താവ് ഹിക്കി പറയുന്നു. പക്ഷേ, ഇവരില്‍ വലിയൊരു വിഭാഗം നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ കുടുംബാംഗങ്ങളാണ്.

പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭിക്കാത്തത് ദേശീയ ഉദ്പാദനത്തെയും ബാധിക്കുന്നുണ്ടെന്ന് സംഘടന പറയുന്നു.

Scroll To Top