Tuesday December 06, 2016
Latest Updates

ഐറിഷ് പാസ്പോര്‍ട്ടുള്ള ചെറുപ്പക്കാര്‍ക്ക് വര്‍ക്കിംഗ് ഹോളിഡേ വിസയൊരുക്കി ഓസ്ട്രേലിയ കാത്തിരിക്കുന്നു

ഐറിഷ് പാസ്പോര്‍ട്ടുള്ള ചെറുപ്പക്കാര്‍ക്ക് വര്‍ക്കിംഗ് ഹോളിഡേ വിസയൊരുക്കി ഓസ്ട്രേലിയ കാത്തിരിക്കുന്നു

ഡബ്ലിന്‍:ഐറിഷ് പാസ്പോര്‍ട്ട് കൈവശമുള്ള സഞ്ചാരികള്‍ക്ക് വര്‍ക്കിങ് ഹോളിഡേ മേക്കര്‍ (WHM) വിസ പദ്ധതി വഴി ജോലിയൊരുക്കി ഓസ്ട്രേലിയ കാത്തിരിക്കുന്നു. പദ്ധതിയിലേയ്ക്ക് 2011-12 കാലഘട്ടത്തില്‍ 25,827 പേരുണ്ടായിരുന്നത്, 2015-16ലെത്തിയപ്പോള്‍ വെറും 6,743 ആയി കുറഞ്ഞതാണ് പദ്ധതിയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്.

പദ്ധതി പ്രകാരം ഐറിഷ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് വണ്‍ വേ ഫ്ളൈറ്റ്, വിസ, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവ 999 യൂറോയ്ക്കുള്ള പാക്കേജായി പ്രഖ്യാപിച്ചിരിക്കുകയാണ് ടൂറിസം ഓസ്ട്രേലിയയും യുഎസ്ഐടിയും. നവംബര്‍ മാസം അവസാനവും ഡിസംബറിലുമായിരിക്കും ഈ പാക്കേജ് ലഭ്യമാകുക. ഓസ്ട്രേലിയയില്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും, ടാക്സ് ഫയല്‍ നമ്പര്‍ ലഭിക്കാനും സഹായം ഉണ്ടാകും.

18 മുതല്‍ 30 വയസ്സുവരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് പദ്ധതിയിലൂടെ ജോലി ലഭിക്കുക. പ്രധാനമായും കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാകും ജോലി. രണ്ട് വര്‍ഷം വരെ ഇവര്‍ക്ക് ഓസ്ട്രേലിയയില്‍ ജോലി ചെയ്യാം.

5,000ഓളം ഐറിഷുകാര്‍ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ഓസ്ട്രേലിയയിലേയ്ക്ക് പറക്കുമെന്നാണ് കരുതുന്നത്. പദ്ധതിയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി 37,000 ഡോളര്‍ (25,200 യൂറോ) വരെ സമ്പാദിക്കുന്ന ജോലിക്കാരുടെ ടാക്സ് റേറ്റ് 32.5ല്‍ നിന്നും 19% ആയി കുറയ്ക്കാനും ധാരണയായിട്ടുണ്ട്. പുതിയ ടാക്സ് റേറ്റ് 2017 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ റൂറല്‍ ഏരിയകളില്‍ ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം,കുട്ടികളെ കൂടെ കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളൊക്കെ പദ്ധതിയെ അനാകര്‍ഷമാക്കുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.australia.com/en-ie/things-to-do/working-holiday-visa.html

Scroll To Top