Monday September 25, 2017
Latest Updates

കാത്തലിക്ക് സ്‌കൂള്‍ കെട്ടിടങ്ങള്‍ സര്‍ക്കാരിനു കൈമാറുന്നു,അയര്‍ലണ്ടില്‍ ഇന്ത്യന്‍ സ്‌കൂളിന് അവസരമൊരുങ്ങിയേക്കും 

കാത്തലിക്ക് സ്‌കൂള്‍ കെട്ടിടങ്ങള്‍ സര്‍ക്കാരിനു കൈമാറുന്നു,അയര്‍ലണ്ടില്‍ ഇന്ത്യന്‍ സ്‌കൂളിന് അവസരമൊരുങ്ങിയേക്കും 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഒട്ടേറെ കത്തോലിക് സ്‌കൂളുകളുടെ മാനേജ്‌മെന്റ് പുതിയ നടത്തിപ്പുകാര്‍ക്ക് കൈമാറുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.മേയോ,വെക്‌സ് ഫോര്‍ഡ്,ഒഫലി,ഗോള്‍വേ എന്നീ കൌണ്ടികളിലായി മതേതര സ്വഭാവത്തോടെ നാല് സ്‌കൂളുകള്‍ പുതിയ ഭരണ നേതൃത്വത്തിന്റെ കീഴില്‍ സെപ്റ്റംബര്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ചരിത്രപരമായ നീക്കമെന്നാണ് വിദ്യാഭ്യാസ വിദഗ്ദര്‍ ഇതിനെ വിലയിരുത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വിവിധ മാനേജ് മെന്റുകള്‍ ആരംഭിച്ചുകഴിഞ്ഞു. അടുത്ത വര്‍ഷം കൈമാറാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളുമായും അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ഡബ്ലിന്‍ സിറ്റി സെന്ററിനു സമീപത്തെ സ്‌കൊയില്‍ സാന്‍ സെമാസ് എന്ന സ്‌കൂളായിരിക്കും കൈമാറ്റം ചെയ്യപ്പെടുന്ന സ്‌കൂളുകളില്‍ ഒന്ന് ഒന്നാണ് സൂചന. ബെസിണ്‍ ലെയ്‌നിലെ ഈ സ്‌കൂള്‍ നേരത്തെ സമീപത്തെ ഗേള്‍സ് സ്‌കൂളുമായി സംയോജിപ്പിച്ചിരുന്നു. 

അയര്‍ലണ്ടിലെ 90 ശതമാനം പ്രൈമറി സ്‌കൂളുകളും കത്തോലിക് സ്‌കൂളുകളാണ്. സ്‌കൂളുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് രക്ഷിതാക്കളുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും കൈമാറ്റം. ഇത് സംബന്ധിച്ച വിവിധ എരിയകളിലുള്ള രക്ഷിതാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഭൂരിപക്ഷം പേരും സ്‌കൂള്‍ കൈമാറ്റത്തെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കത്തോലിക്ക സഭ നേതാക്കളുമായും മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തു. ബിഷപ്പുമാരുടെ അഭിപ്രായം തേടി അവരുമായും ചര്‍ച്ച നടത്തിയിരുന്നു. സ്‌കൂളുകള്‍ കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് കത്തോലിക്ക കമ്മ്യൂണിറ്റിയുടെ അഭിപ്രായം തേടാനാണ് അദ്ദേഹം സഭ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയത്. കത്തോലിക് പ്രൈമറി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്റെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കവേ എഡ്യൂക്കേഷന്‍ സെക്രട്ടറി സീന്‍ ഓ ഫോഗ്ലുവും ഇക്കാര്യം സംസാരിച്ചിരുന്നു.

സ്‌കൂള്‍ നടത്താനുള്ള സമയവും സാഹചര്യങ്ങളും കുറഞ്ഞതാണ് മിക്ക പാരീഷ് കൗണ്‍സിലുകളെയും ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചത്.

അതെ സമയം അയര്‍ലണ്ടില്‍ ഒരു ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളും ഉരുത്തിരിഞ്ഞു വരുന്നുണ്ട്.കഴിഞ്ഞ ദിവസം ലൂക്കനിലെ മലയാളികളുടെ ഒരു സംഘം മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡിനെ ലിന്‍സ്റ്റര്‍ ഹൌസില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ഇത് സംബന്ധിച്ച മന്ത്രിയുടെ നിലപാട് ആരായുകയുണ്ടായി.ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കുമെങ്കില്‍ ഈ കാര്യം പരിഗണനയില്‍ എടുക്കാവുന്നതെയുള്ളൂ എന്ന് മന്ത്രി അറിയിച്ചു.

അടുത്ത ദിവസം ഇന്ത്യന്‍ അംബാസിഡറുമായി നടത്തുന്ന ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കുവാന്‍ താന്‍ തന്നെ മുന്‍കൈയ്യെടുക്കാമെന്നും മന്ത്രി മലയാളികളുടെ സംഘത്തെ അറിയിച്ചു.

നിലവില്‍ ഡബ്ലിനിലെ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററിന് സാംസ്‌കാരിക സംരക്ഷണമെന്ന പേരില്‍ വിവിധ മുസ്ലീം രാജ്യങ്ങളിലെ എംബസികളുടെ ശിപാര്‍ശയില്‍ ഒരു സ്‌കൂള്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്.ഫ്രഞ്ച് ,ജര്‍മ്മന്‍ എംബസികളുടെ ശിപാര്‍ശയിലും അതാതു ഭാഷാ സ്‌കൂളുകള്‍ ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാത്തലിക്ക് സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനെ ഏല്പ്പിക്കുന്ന മുറയ്ക്ക് നിരവധി സ്‌കൂള്‍ കെട്ടിടങ്ങള്‍ അയര്‍ലണ്ടില്‍ എല്ലായിടത്തും ഒഴിവു വരും എന്ന് ഉറപ്പായിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ സ്‌കൂള്‍ എന്ന ആശയം ഉയര്‍ത്തിയാല്‍ അനുവദിക്കപ്പെടാവുന്നതേയുള്ളൂവെന്നാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിക്കുന്ന സൂചന.കുടിയേറ്റക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സികളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നുണ്ട് 

Scroll To Top