Monday December 05, 2016
Latest Updates

2035 ഓടെ ഐറിഷ്‌കാരായ കത്തോലിക്കാ വൈദീകര്‍ ഇല്ലാതാകുമെന്ന് പഠനം,പരിഹാരം തേടി ബിഷപ്‌സ് കൌണ്‍സില്‍ പരിശ്രമം തുടങ്ങി

2035 ഓടെ ഐറിഷ്‌കാരായ കത്തോലിക്കാ വൈദീകര്‍ ഇല്ലാതാകുമെന്ന് പഠനം,പരിഹാരം തേടി ബിഷപ്‌സ് കൌണ്‍സില്‍ പരിശ്രമം തുടങ്ങി

ഡബ്ലിന്‍ :നിലവിലുള്ള അവസ്ഥ തുടരുകയാണെങ്കില്‍ 20 വര്‍ഷത്തിനു ശേഷം ഐറിഷ്‌കാരായ കത്തോലിക്കാ വൈദികര്‍ ഇല്ലാതാകുന്ന അവസ്ഥ വരുമെന്നു പഠനം. 1995 മുതലുള്ള അയര്‍ലണ്ടിലെ കാത്തോലിക്ക് പുരോഹിതന്മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍ 43 ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.

പഠനത്തിന്റെ വെളിച്ചത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐറിഷ് കാത്തോലിക്ക് ബിഷപസ് കൌണ്‍സില്‍ കാത്തോലിക്ക് പുരോഹിതന്മാരുടെ അസോസിയേഷനായ(ACp) അംഗങ്ങളുമായി ചര്‍ച്ച നടത്തും.പുരോഹിതവൃത്തിയിലേക്ക് വരുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് സംബന്ധിച്ച കാര്യങ്ങളാണ് മീറ്റിങ്ങില്‍ പ്രധാന ചര്‍ച്ചാവിഷയമാവുക.പുരോഹിത വര്‍ഗ്ഗത്തിലുണ്ടാകുന്ന കുറവ് ഇരുകൂട്ടരെയും ആശങ്കയിലാക്കുന്ന സാഹചര്യത്തില്‍ പരിഹാര നടപടികളെക്കുറിച്ചും ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരമായി ACP മൂന്ന് നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.വിവാഹിതരായ പുരുഷന്മാര്‍ക്ക് പുരോഹിതപട്ടം നല്‍കുക, വിവാഹം കഴിക്കുന്നതിനായി പുരോഹിതവൃത്തി ഉപേക്ഷിച്ചവരെ തിരിച്ച് വിളിച്ച് ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക,അമേരിക്കയിലെ പോലെ പെര്‍മനന്റ് ഡീക്കന്‍മാരെ കൂടുതല്‍ തിരഞ്ഞെടുക്കുകയും,സ്ത്രീകളെ കൂടി ആ പദവിയിലേയ്ക്ക് നിയോഗിക്കുകയും ചെയ്യുക എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

കാത്തോലിക്കന്‍ പള്ളികളിലെ പെര്‍മനറ്റ് ഡീക്കന് പുരോഹിതരുടെ മിക്ക ഉത്തരവാദിത്തങ്ങളും എറ്റെടുക്കാവുന്നതാണ്.

ഇക്കാര്യങ്ങള്‍ ബിഷപ്പ് വത്തിക്കാനിലെ സഭാധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് ഓര്‍ഗനൈസേഷന്‍ പ്രതീക്ഷിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ലിമറിക്കിലെ ഗവേഷക വിദ്യാര്‍ത്ഥിയായ കോണോര്‍ ടൈവനാണ് ഐറിഷ് പുരോഹിതന്മാരെക്കുറിച്ചുള്ള പഠനം നടത്തിയത്.

ഇതിനിടെ ഇന്ത്യയില്‍ നിന്നടക്കം കൂടുതല്‍ വൈദീകര്‍ ഐറിഷ് സഭയ്ക്ക് വേണ്ടി സേവനം ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.മിക്ക ഐറിഷ് രൂപതകളും കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വൈദീകരെ ക്ഷണിച്ചിട്ടുണ്ട്,

നിലവില്‍ സീറോ മലബാര്‍ സഭയിലേയ്ക്ക് മൂന്ന് പുതിയ വൈദികര്‍ കൂടി എത്തിയെക്കുമെന്നു സൂചനകള്‍ ഉണ്ട്.വാട്ടര്‍ഫോര്‍ഡ്,ഗോള്‍വേ,ഡബ്ലിന്‍ എന്നി മേഖലകളിലേയ്ക്കാവും ഇവ.

മലങ്കര കത്തോലിക്കാ സഭയും അയര്‍ലണ്ടിലെ ഒരു രൂപതയിലേയ്ക്ക് കൂടുതല്‍ വൈദികരെ അയയ്ക്കാനുള്ള തയാറെടുപ്പിലാണ്.

Scroll To Top