Wednesday December 07, 2016
Latest Updates

ചിരിയുടെ ചാലക്കുടിക്കാരന്‍

ചിരിയുടെ ചാലക്കുടിക്കാരന്‍

കൊച്ചി: സിനിമയില്‍ തിരക്കുള്ള താരമായപ്പോഴും കലാഭവന്‍ മണി നാടിനെ മറന്നില്ല. സ്വന്തം നാടായ ചാലക്കുടിയെ മറന്നൊരു ജീവിതം മണിക്ക് ഇല്ലായിരുന്നു. അഭിമുഖങ്ങളിലെല്ലാം മണി ചാലക്കുടിയെയും പുഴയെയും നാട്ടുവഴികളെയും കുറിച്ച് വാചാലനായി. നാട്ടില്‍ എന്ത് ആഘോഷം നടന്നാലും മണി എത്തുമായിരുന്നു. പാട്ടുപാടിയും ചെണ്ടയുടെ താളത്തിനൊപ്പം നൃത്തം ചെയ്തും മണി നാട്ടുകാരോടൊപ്പം കൂടും.

സിനിമയില്‍ തിരക്കുള്ള നടനായിട്ടും മണ്ണില്‍ ചവിട്ടി നടന്ന മണി തന്റെ ഭൂതകാലത്തെ മറന്നില്ല. ഇല്ലായ്മകളുടെ ഇന്നലെകളെ സരസമായി മണി വിവരിക്കുമ്പോള്‍ ചിരിക്കുള്ളല്‍ കണ്ണീരുപ്പ് നിറഞ്ഞിരുന്നു.

ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായാണ് മണി ജനിച്ചത്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലം. കൂലിപ്പണിക്കാരനായിരുന്നു അച്ഛന്‍ രാമന്‍. അച്ഛന്‍ രാമനെ കുറിച്ചു പറയുമ്പോള്‍ മണിക്കു നൂറുനാവായിരുന്നു. അച്ഛന്റെ കുസൃതികളും അച്ഛന്‍ പാടുന്ന പാട്ടുകളും മണിയിലെ കലാകാരന് എന്നും ഊര്‍ജ്ജമായി.

ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠനം. പഠനകാലത്ത് മണി മിമിക്രിയിലും മോണോ ആക്ടിലും തിളങ്ങി. 1987 ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ മോണോ ആക്ടില്‍ മണി ഒന്നാമനായി.പഠനശേഷം ജിവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ മണി ഓട്ടോ ഡ്രൈവറായി. അപ്പോഴും മണി മിമിക്രിയെ കൈവിട്ടില്ല. പിന്നീട് ചാലക്കുടിക്കാരന്‍ മണി പ്രശസ്തമായ കലാഭവനില്‍ ചേര്‍ന്ന് കലാഭവന്‍ മണിയായി.

സിബി മലയില്‍ ചിത്രം അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറായി സിനിമയില്‍ അരങ്ങേറ്റം. സിബി മലയിലിന്റെ ശിഷ്യനായ സുന്ദര്‍ദാസ് ആദ്യമായി ഒരുക്കിയ സല്ലാപത്തില്‍ മണിക്കു നല്ലൊരു വേഷം കിട്ടി. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി…’ എന്നു പാടി നടക്കുന്ന ചെത്തുകാരന്‍ മണിയെ ശ്രദ്ധേയനാക്കി. സൂപ്പര്‍ ഹിറ്റായ സല്ലാപം മഞ്ജു വാര്യര്‍ക്കും ദിലീപിനും എന്നപോലെ മണിക്കും ഭാഗ്യ ചിത്രമായി.mani1_vyganews

സല്ലാപത്തിനു ശേഷം ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധന്‍ വേഷത്തിലൂടെ മണി തിളങ്ങി. ഈ വേഷത്തിലൂടെ സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ മണി സ്വന്തമാക്കി. അതിനുശേഷം മണിയെ നായകനാക്കി നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു.

തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ മണി അവതരിപ്പിച്ചിട്ടുണ്ട്. ജമിനിയിലെ വില്ലന്‍ വേഷം മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു.

കുറച്ചുനാളുകളായി മണി സിനിമയില്‍ സജീവമായിരുന്നില്ല. ലോകാ സമസ്തയാണ് ഒടുവില്‍ പുറത്തുവന്ന ചിത്രം.

Scroll To Top