Sunday December 04, 2016
Latest Updates

സൂക്ഷിക്കുക,വെബ് കാമുകളും സിസിടിവി ക്യാമറകളും ഹാക്ക് ചെയ്യുന്ന ചാരന്മാര്‍ രംഗത്ത് 

സൂക്ഷിക്കുക,വെബ് കാമുകളും സിസിടിവി ക്യാമറകളും ഹാക്ക് ചെയ്യുന്ന ചാരന്മാര്‍ രംഗത്ത് 

ലണ്ടന്‍: യുകെയിലെ സിസിടിവി ക്യാമറകളും വെബ് കാമുകളും ഹാക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകളിലെയും ഓഫീസുകളിലെയും വെബ് കാമുകളും സിസിടിവി ക്യാമറകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ക്യാമറ ദൃശ്യങ്ങള്‍ ഒരു റഷ്യന്‍ വെബ്‌സൈറ്റില്‍ സംപ്രേക്ഷണം ചെയ്തു. യുകെയിലെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഓഫീസാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. യുകെയിലെ അഞ്ഞൂറോളം സിസിടിവി ക്യാമറകളില്‍ നിന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ റഷ്യന്‍ വെബ്‌സൈറ്റിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തതായാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നല്‍കുന്ന വിവരം.

വെബ് കാമുകള്‍ ഓണ്‍ ആയിരിക്കുമ്പോള്‍ വീടുകളിലും ഓഫിസുകളിലും നടക്കുന്ന എല്ലാ പ്രവര്‍ത്തികളും ഓണ്‍ ലൈനായി സംപ്രേക്ഷണം ചെയ്യപ്പെട്ടത് നടുക്കത്തോടെയാണ് ലോകം കണ്ടത്.ഇതില്‍ കിടപ്പറ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു. 

യുകെയില്‍ വീട്ടിലോ ഓഫീസിലോ സിസിടിവി ക്യാമറകളും വെബ് കാമുകളും ഉപയോഗിക്കുന്നവര്‍ അവയ്ക്ക് പാസ്‌വേഡ് സംരക്ഷണം നല്‍കണമെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ പാസ്‌വേഡ് ഉള്ള ക്യാമറകളുടെ പാസ്‌വേഡ് എത്രയും വേഗം മാറ്റണമെന്നും പ്രൈവസി വാച്ച് ഡോഗ് ആവശ്യപ്പെട്ടു. പാസ്‌വേഡ് സംരക്ഷണം ഇല്ലാത്തതും ഹാക്ക് ചെയ്യപെടാന്‍ സാധ്യതയുള്ളതുമായ 35,000 ക്യാമറകള്‍ യുകെയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ നടപടിയെടുക്കണമെന്ന് റഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ക്രിസ്റ്റഫര്‍ ഗ്രഹം അറിയിച്ചു. 

അതേസമയം സിസിടിവി ക്യാമറകള്‍ എത്രത്തോളം സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതിനാണ് ക്യാമറകള്‍ ഹാക്ക് ചെയ്തതെന്നും ക്യാമറകള്‍ക്ക് പാസ്‌വേഡ് സംരക്ഷണം നല്കുന്നത് വരെ ദൃശ്യങ്ങള്‍ പിന്‍വലിക്കാന്‍ ഹാക്കര്‍മാര്‍ തയ്യാറായേക്കില്ലെന്നും സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈനില്‍ ആര്‍ക്കും ലഭിക്കാവുന്ന ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചാണ് ക്യാമറകള്‍ ഹാക്ക് ചെയ്തത്.

Scroll To Top